കാര്‍ലോ ആഞ്ചലോട്ടി ഇനി ബ്രസീല്‍ പരിശീലകന്‍; ഔദ്യോഗിക പ്രഖ്യാപനമായി

8 months ago 10

റിയോ ഡി ജെനയ്‌റോ: ഇറ്റാലിയന്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി ഇനി ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകന്‍. തിങ്കളാഴ്ച ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ (സിബിഎഫ്) തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ചലോട്ടിയുമായി ഇക്കാര്യത്തില്‍ ധാരണയായതായും ഫെഡറേഷന്‍ വ്യക്തമാക്കി. നിലവില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനെ പരിശീലിപ്പിക്കുന്ന ആഞ്ചലോട്ടി ലാ ലിഗ സീസണ്‍ അവസാനിച്ച ശേഷം റയലിനോട് വിടപറയും. ക്ലബ് ലോകകപ്പില്‍ പുതിയ പരിശീലകനുകീഴിലാകും റയല്‍ കളിക്കുക. 7.66 കോടി രൂപയാകും ബ്രസീലില്‍ മാസപ്രതിഫലമായി ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. സ്ഥാനമേറ്റെടുക്കുന്നതോടെ ബ്രസീലിന്റെ ആദ്യ വിദേശ പരിശീലകന്‍ കൂടിയായി ആഞ്ചലോട്ടി മാറും.

കോപ്പ ഡെല്‍ റേ കപ്പ് ഫൈനലില്‍ ബാഴ്സലോണയോട് തോറ്റതോടെയാണ് ആഞ്ചലോട്ടി ക്ലബ് വിടാന്‍ തീരുമാനമെടുക്കുന്നത്. സീസണിലെ നാല് എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലും റയല്‍, ബാഴ്‌സലോണയോട് തോറ്റിരുന്നു.

ലോകകപ്പ് യോഗ്യതാറൗണ്ടില്‍ അര്‍ജന്റീനയോട് 4-1ന് തോറ്റതോടെ ബ്രസീല്‍, പരിശീലകന്‍ ഡോറിവല്‍ ജൂനിയറിനെ പുറത്താക്കിയിരുന്നു. പുതിയ പരിശീലകനെ നിയമിച്ചിട്ടുമില്ല. കഴിഞ്ഞ സീസണില്‍ത്തന്നെ ആഞ്ചലോട്ടിക്കായി ബ്രസീല്‍ ശ്രമംനടത്തിയിരുന്നു. എന്നാല്‍, ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് എഡ്നാള്‍ഡോ റോഡ്രിഗസ് പുറത്തായത് ആഞ്ചലോട്ടിയുടെ മനംമാറ്റി. ഇതോടെ റയലില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. എഡ്നാള്‍ഡോ പ്രസിഡന്റ്സ്ഥാനത്തേക്ക് തിരിച്ചെത്തിയതും റയലില്‍ തുടരാന്‍ ബുദ്ധിമുട്ടുള്ളതുമാണ് ആഞ്ചലോട്ടിയെ ബ്രസീലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്. യുവന്റസ്, എസിമിലാന്‍, ചെല്‍സി, പിഎസ്ജി, റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്, നാപ്പോളി, എവര്‍ട്ടണ്‍ അടക്കമുള്ള യൂറോപ്പിലെ മുന്‍ നിര ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട് അദ്ദേഹം.

ജൂണ്‍ ആറിന് ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരമായിരിക്കും ബ്രസീല്‍ പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ മത്സരം.

Content Highlights: https://www.news18.com/football/official-carlo-ancelotti-to-take-over-as-brazil-coach-confirms-feder

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article