Published: December 27, 2025 02:30 PM IST
1 minute Read
-
രേണുക സിങ്ങിന് 4 വിക്കറ്റ്; പ്ലെയർ ഓഫ് ദ് മാച്ച്
തിരുവനന്തപുരം∙ ഷഫാലി ഷോയിൽ ആറാടി ഇന്ത്യ! ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പര തുടർച്ചയായ മൂന്നാം ആധികാരിക ജയവുമായി ഇന്ത്യയുടെ കൈപ്പിടിയിൽ. 42 പന്തിൽ 3 സിക്സും 11 ബൗണ്ടറിയുമായി പുറത്താകാതെ 79 റൺസ് അടിച്ചുകൂട്ടിയ ഷഫാലി വർമയാണ് വീണ്ടും ടീമിന് അനായാസ ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്കൻ പടയെ 112 റൺസിലൊതുക്കി 4 വിക്കറ്റ് നേടിയ രേണുക സിങ് ഠാക്കൂറും 3 വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയും ആ വിജയത്തിനു പന്തുകൊണ്ട് അടിത്തറകെട്ടി. പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം രേണുകയ്ക്കാണ്.
സ്കോർ: ശ്രീലങ്ക: 20 ഓവറിൽ 7ന് 112, ഇന്ത്യ: 13.2 ഓവറിൽ 2ന് 115.
ഷഫാലിമയം
കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഇന്ത്യൻ ഇന്നിങ്സിന്റെ തുടക്കം മുതൽ ഷഫാലിമയമായിരുന്നു. ഒപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന ഒതുങ്ങി നിന്നപ്പോൾ ഷഫാലി തകർത്തടിച്ചു. ഷെഹാനിയുടെ ആദ്യ ഓവറിലെ 4–ാം പന്ത് സിക്സർ പറത്തി തുടങ്ങിയ ഷഫാലി അടുത്ത 2 പന്തുകളിലും ബൗണ്ടറി നേടി ടോപ് ഗിയറിലായി. നാലാം ഓവറിൽ സ്മൃതിയെ (1) കവിഷ ദിൽഹരി വിക്കറ്റിനു മുന്നിൽ കുരുക്കിയിട്ടും ഷഫാലി കുലുങ്ങിയില്ല. അരങ്ങേറ്റക്കാരിയായ നിമാഷ മീപഗെ എറിഞ്ഞ 5–ാം ഓവറിൽ ഒരു സിക്സും 3 ഫോറുമടക്കം 19 റൺസാണ് ഷഫാലി നേടിയത്. കവിഷ എറിഞ്ഞ 8–ാം ഓവറിലെ 5–ാം പന്തിൽ ജമീമ റോഡ്രീഗ്സിനെ ബൗണ്ടറി ലൈനിന് അരികിൽ ക്യാപ്റ്റൻ ചമരി കൈവിട്ടെങ്കിലും അവസരം മുതലാക്കാനായില്ല. പിന്നാലെ വമ്പനടിക്കു ശ്രമിച്ച ജമീമയുടെ (9) കുറ്റി തെറിച്ചു. പകരമെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ (18 പന്തിൽ 21) കൂട്ടുപിടിച്ച് ഷഫാലി 40 പന്ത് ബാക്കി നിൽക്കെ 8 വിക്കറ്റിന്റെ ആധികാരിക വിജയം ുറിച്ചു.
വട്ടം കറങ്ങി ലങ്ക
നേരത്തേ, പരമ്പരയിൽ 3–ാം വട്ടവും ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹസിനി പെരേര മികച്ച തുടക്കമാണ് ലങ്കയ്ക്കു സമ്മാനിച്ചത്. പക്ഷേ 5–ാം ഓവറിൽ ക്യാപ്റ്റൻ ചമരി അത്തപ്പത്തുവിനെ (4) സ്പിന്നർ ദീപ്തി ശർമ വീഴ്ത്തിയതിനു തൊട്ടു പിന്നാലെ ഹസിനിയെ (18 പന്തിൽ 25) പേസർ രേണുക സിങ് ഠാക്കൂറും മടക്കി. പവർ പ്ലേയുടെ അവസാന പന്തിൽ ഹർഷിത സമര വിക്രമയെ(2)ക്കൂടി രേണുക പുറത്താക്കിയതോടെ ഇന്ത്യ കളിയിൽ പിടിമുറുക്കി. പവർ പ്ലേയിൽ 32 റൺസ് നേടിയ ലങ്കൻ ഇന്നിങ്സ് പിന്നീട് ഇഴഞ്ഞു. വൈകാതെ നിലാക്ഷിക സിൽവയെയും(4) രേണുക തന്നെ മടക്കി. ഇമേഷ ദുലാനിയും (27) കവിഷ ദിൽഹരിയും (20) ചേർന്നുള്ള 40 റൺസ് കൂട്ടുകെട്ടാണ് ലങ്കൻ ഇന്നിങ്സിനു ജീവൻ നൽകിയത്. ലങ്കൻ ഇന്നിങ്സിലെ ഏക സിക്സറും കവിഷയുടെ വക. കവിഷയുടെ വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ രാജ്യാന്തര ട്വന്റി20യിൽ 150 വിക്കറ്റ് നേട്ടം തികച്ചു. പിന്നാലെ ഇമേഷയെ രേണുക തന്നെ ജമീമ റോഡ്രീഗ്സിന്റെ കൈകളിലെത്തിച്ചു. കൗശിനിയുടെ (16 പന്തിൽ 19 നോട്ടൗട്ട്) പോരാട്ടമാണ് സ്കോർ 100 കടത്തിയത്.
English Summary:









English (US) ·