
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകില്ല. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും വേദികൾ മറ്റു സ്റ്റേഡിയങ്ങളിലേക്ക് മാറ്റി. ലോകകപ്പ് വേദികൾ ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടു.
ലോകകപ്പിലെ ഒരു മത്സരവും കാര്യവട്ടത്തുവെച്ച് നടക്കുന്നില്ല. വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടനത്തിനടക്കം കാര്യവട്ടം സ്റ്റേഡിയം വേദിയാകുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. എന്നാല്‍, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് ഗുവാഹത്തിയാണ് വേദിയാകുന്നത്. വിശാഖപട്ടണം, നവി മുംബൈ, ഇന്ദോർ തുടങ്ങിയ വേദികളിലാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍ നടക്കുന്നത്. ഐപിഎല്‍ കിരീടം നേടിയ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ ആഘോഷ പരിപാടിക്കിടെയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചിന്നസ്വാമിയിലെ മത്സരങ്ങള്‍ മാറ്റിയത്.
സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ എട്ട് ടീമുകള്‍ അഞ്ച് വേദികളിലായി മത്സരിക്കും.ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകളാണ് മത്സരിക്കുന്നത്. ഒക്ടോബര്‍ 29, 30 തിയ്യതികളില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. നവംബര്‍ രണ്ടിനാണ് ഫൈനല്‍. പാകിസ്താന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുക.
Content Highlights: thiruvananthapuram womens odi satellite cupful venue








English (US) ·