കാര്യവട്ടം സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റുകൾ നവീകരിച്ചു; 15ന് രാത്രി 7.30ന് സഞ്ജു– സച്ചിൻ ബേബി ഇലവൻ സൗഹൃദ മത്സരം

5 months ago 6

മനോരമ ലേഖകൻ

Published: August 12, 2025 09:07 AM IST

1 minute Read

sanju-samson-sachin-baby
സഞ്ജു സാംസണും സച്ചിൻ ബേബിയും (ഫയൽ ചിത്രം, X/@rajasthanroyals)

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസണിന് ഒരുക്കമായി കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകൾ നവീകരിച്ചു. 4 ടവറുകളും എച്ച്ഡി സംപ്രേഷണത്തിനു യോജ്യമായ രീതിയിൽ എൽഇഡി ലൈറ്റുകളാക്കി മാറ്റി. 392 ലൈറ്റുകളാണ് മാറ്റിയത്.

പ്രകാശ തീവ്രത നിയന്ത്രിക്കാൻ കൺട്രോൾ സിസ്റ്റവും സ്ഥാപിച്ചു. സ്റ്റേഡിയത്തിലെ സംഗീതത്തിന് അനുസരിച്ച് ചലിപ്പിക്കാവുന്ന ഡൈനാമിക് ഓഡിയോ-റിയാക്ടീവ് ലൈറ്റിങ് ക്രമീകരണങ്ങൾക്കും ഈ സംവിധാനം സഹായിക്കും. രാജ്യത്തെ ചുരുക്കം സ്റ്റേഡിയങ്ങളിലാണ് ഈ സംവിധാനമുള്ളത്. 18 കോടി രൂപയാണു ചെലവ്.

ഇതോടെ രാത്രികാല മത്സരങ്ങൾ കൂടുതൽ സുഗമമായി നടത്താനാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു. പുതിയ ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിന്റെ ഉദ്ഘാടനം 15നു രാത്രി 7.30നു നടക്കും.

സച്ചിൻ ബേബി നയിക്കുന്ന കെസിഎ പ്രസിഡന്റ്സ് ഇലവനും സഞ്ജു സാംസൺ നയിക്കുന്ന കെസിഎ സെക്രട്ടറീസ് ഇലവനും തമ്മിലുള്ള സൗഹൃദ ട്വന്റി20 മത്സരവും നടക്കും. കേരള ക്രിക്കറ്റിലെ പ്രമുഖ താരങ്ങളെല്ലാം ഇരു ടീമുകളിലുമായി അണിനിരക്കും. കാണികൾക്കു പ്രവേശനം സൗജന്യം.

English Summary:

Cricket Nights Brighter: Karyavattom Stadium Readies for HD Broadcasts

Read Entire Article