കാര്യവട്ടത്ത് ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 7 വരെ ക്രിക്കറ്റ് മാമാങ്കം; സഞ്ജുവിന്റെ വരവോടെ ഇരട്ടി ആവേശം, കിരീടം ലക്ഷ്യമിട്ട് 6 ടീമുകൾ

5 months ago 5

കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസണിലേക്കു കടക്കുമ്പോൾ, കിരീട സ്വപ്നങ്ങളുമായി തകൃതിയായ ഒരുക്കങ്ങളിൽ വ്യാപൃതരാണ് ടീമുകളെല്ലാം.  ആദ്യ സീസണിൽ സച്ചിൻ ബേബി നയിച്ച ഏരീസ് കൊല്ലം സെയ്‍ലേഴ്സാണ് കപ്പടിച്ചതെങ്കിൽ, ഇത്തവണ സഞ്ജു സാംസണിനെ ടീമിലെത്തിച്ച കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉൾപ്പെടെയുള്ള ടീമുകൾ കിരീടസ്വപ്നവുമായി രംഗത്തുണ്ട്. സഞ്ജുവിന്റെ വരവോടെ കേരള ക്രിക്കറ്റ് ലീഗ് ജനപ്രീതിയിലും ഏറെ മുന്നേറിക്കഴിഞ്ഞു. കെസിഎൽ രണ്ടാം സീസണിലേക്കു കടക്കുമ്പോൾ, കഴിഞ്ഞ തവണ കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയ ആരാധകരുടെ എണ്ണം ഇരട്ടിയാക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. സ്റ്റേഡിയത്തില്‍ പുതിയ ഫ്ലഡ്‌ലൈറ്റുകള്‍ വന്നതോടെ ടെലിവിഷൻ ബ്രോഡ്കാസ്റ്റിങ്ങിലും വലിയ മാറ്റം വരും. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെയാണ് രണ്ടാം സീസണിലെ മൽസരങ്ങള്‍ നടക്കുക. ‘വീരു’ എന്നു പേരിട്ട ബാറ്റേന്തിയ കൊമ്പനും ‘ചാരു’ എന്ന മലമുഴക്കി വേഴാമ്പലുമാണ് ടൂർണമെന്റിന്റെ ഭാഗ്യചിഹ്‌നങ്ങൾ.

കേരളവും ക്രിക്കറ്റും തമ്മിലുള്ള ബന്ധം ബ്രിട്ടിഷ് ഭരണകാലത്ത് ആരംഭിച്ചതാണെന്ന് നമുക്കെല്ലാമറിയാം. തലശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടിഷുകാരാണ് തലശേരിയെ ക്രിക്കറ്റിന്റെ ഈറ്റില്ലമാക്കി മാറ്റിയത്. വളരെ പെട്ടെന്നുതന്നെ തലശേരിയിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും സാധാരണ ജനങ്ങള്‍ ക്രിക്കറ്റിനെ ഏറ്റെടുത്തു. ഇതേ വളര്‍ച്ച ക്രിക്കറ്റിന് ബ്രിട്ടിഷ് ഇന്ത്യയിലുമുണ്ടാകുന്നുണ്ടായിരുന്നു. 1951-ൽ തൃപ്പൂണിത്തുറയിൽ നടന്ന പൂജ ക്രിക്കറ്റ് ടൂർണമെന്റിലാണ് ലിമിറ്റഡ് ഓവർ ഫോർമാറ്റിലുള്ള ക്രിക്കറ്റ് മത്സരം ലോകത്തുതന്നെ ആദ്യമായി അവതരിപ്പിക്കപ്പെട്ടതെന്നതു ക്രിക്കറ്റില്‍ കേരളത്തിന്റെ തനതുസംഭാവനയുടെ ഉദാഹരണമാണ്. ക്രിക്കറ്റ് ഭരണകര്‍ത്താക്കള്‍ കാലാകാലങ്ങളില്‍ ഈ കായിക ഇനത്തിനെ കൂടുതല്‍ ജനകീയവും ആകര്‍ഷകവുമാക്കുന്നതിന് പലവിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നു. 

വെള്ളക്കുപ്പായങ്ങളില്‍നിന്ന് നിറമുള്ള കുപ്പായങ്ങളിലേക്ക് മാറ്റിയും ചുവന്ന പന്തുകള്‍ക്കൊപ്പം വെള്ളയും പിങ്കും നിറങ്ങളുള്ള പന്തുകള്‍ കൊണ്ടുവന്നും കുറഞ്ഞ ദൈര്‍ഘ്യമുള്ള കളികള്‍ ആരംഭിച്ചും ഒക്കെ നടത്തിയ മാറ്റങ്ങള്‍ ക്രിക്കറ്റിനെ പല ഭൂഖണ്ഡങ്ങളിലും ഒരു വികാരമാക്കി. അമേരിക്കന്‍ ക്രിക്കറ്റ് ടീം എന്നുകേട്ടാല്‍ കൗതുകമുണ്ടാകുന്ന കാലത്തുനിന്ന് അതിവേഗത്തിലാണ് ക്രിക്കറ്റ് വളര്‍ന്നതും വ്യാപിച്ചതും. 2024ലെ T20 വേള്‍ഡ് കപ്പിന് അമേരിക്ക ആതിഥേയത്വം വഹിച്ചുവെന്നുള്ളത് കൗതുകത്തിനപ്പുറം വലിയൊരു യാഥാര്‍ഥ്യമാണിന്ന്.  ക്രിക്കറ്റ് ഇന്നും പ്രചരിച്ചുകൊണ്ടേയിരിക്കുന്നു.

kcl-1

പകലും രാത്രിയുമായി നടന്ന മത്സരങ്ങള്‍ ക്രിക്കറ്റിന്റെ വന്‍വളര്‍ച്ചയ്ക്കു കാരണമായി. പിന്നീടു ക്രിക്കറ്റിലുണ്ടായ ഏറ്റവും വലിയ വഴിത്തിരിവാണ് കുട്ടിക്രിക്കറ്റായ ട്വന്റി20 മത്സരങ്ങള്‍ മൂലമുണ്ടായത്. അവസാന പന്തുവരെ നീണ്ടുനില്‍ക്കുന്ന അനിശ്ചിതത്വത്തിന്റെ സൗന്ദര്യം ഈ മത്സരങ്ങള്‍ക്ക് ക്രിക്കറ്റിന്റെ മറ്റു ഫോര്‍മാറ്റുകളേക്കാള്‍ ജനപ്രീതിയുണ്ടാക്കി. ഇങ്ങനെ കാലത്തിനൊപ്പം വരുത്തിയ മാറ്റങ്ങളാണ് ക്രിക്കറ്റിനെ ഇന്നും ജനഹൃദയങ്ങളില്‍ കുടിയിരുത്തിയിരിക്കുന്നത്. എന്നാല്‍ ഈ അവസരത്തിലൊക്കെ ക്രിക്കറ്റിന്റെ പരമ്പരാഗത ശൈലിയായ ടെസ്റ്റ് മാച്ചുകളും ഏകദിന മത്സരങ്ങളും നിലനിർത്തിപ്പോരുന്നുവെന്നതും ശ്രദ്ധേയമാണ്.

കെസിഎൽ യുട്യൂബ് പേജിലെ വിഡിയോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

2008ല്‍ ഇന്ത്യൻ പ്രീമിയര്‍ ലീഗ് തുടങ്ങുന്നതിനു മുന്‍പുതന്നെ മുന്‍താരം സയ്യിദ് മുഷ്താഖ് അലിയുടെ പേരില്‍ ബിസിസിഐ ട്വന്റി20 ആഭ്യന്തര ടൂര്‍ണമെന്റ് തുടങ്ങിയിരുന്നു. ഈ ടൂര്‍ണമെന്റിലെ പ്രകടനങ്ങള്‍ വിലയിരുത്തിയായിരുന്നു ബിസിസിഐയുടെ ട്വന്റി20 ദേശീയ ടീമിനെ തിരഞ്ഞെടുത്തിരുന്നത്. ഐപിഎല്‍ ഒരു വിജയമായി മാറിയതിനെ തുടര്‍ന്ന് പ്രാദേശിക കളിക്കാര്‍ക്കായി ഇത്തരം ലീഗുകള്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും ആരംഭിച്ചു.

∙ കേരള ക്രിക്കറ്റ് അസോസിയേഷന്‍

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ചരിത്രം 1950ല്‍ കേണല്‍ ഗോദവര്‍മ രാജയില്‍ തുടങ്ങുന്നു. 1955ല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്ന പേരില്‍ റജിസ്റ്റര്‍ ചെയ്യുകയും ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയില്‍ (ബിസിസിഐ) അഫിലിയേറ്റ് ചെയ്യുകയും ചെയ്തു. കെസിഎ രൂപീകരിച്ചതു മുതല്‍ കേരളത്തില്‍ ക്രിക്കറ്റ് കായികപരമായും സംഘടനാപരമായും വളര്‍ന്നു. ആദ്യകാല ഭാരവാഹികള്‍ മുതല്‍ ഏറ്റെടുത്ത നിരന്തര പരിശ്രമങ്ങളുടെ ഫലമാണ് ഇന്ത്യയില്‍ മികച്ച സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളില്‍ ഒന്നായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ വളര്‍ന്നത്. വിവിധ ജില്ലകളിലായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ക്രിക്കറ്റ് ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെടുത്തു എന്നുള്ളത് എടുത്തുപറയേണ്ടതുണ്ട്. ഇത്തരം പരിശ്രമങ്ങളുടെ ഫലമാണ് രാജ്യാന്തര താരങ്ങളായ ടിനു യോഹന്നാന്‍, ശ്രീശാന്ത്, സഞ്ജു വി. സാംസണ്‍ തുടങ്ങിയ അഭിമാനതാരങ്ങളെ ഇന്ത്യൻ ടീമിലെത്തിച്ചത്.

പുരുഷന്മാരുടെ ക്രിക്കറ്റിനൊപ്പംതന്നെ വിപ്ലവകരമായ മാറ്റങ്ങളാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വനിതാ ക്രിക്കറ്റിലും കൊണ്ടുവന്നത്. വനിതാ ക്രിക്കറ്റ് അക്കാദമികള്‍ സ്ഥാപിച്ചും വനിതാ പരിശീലനകേന്ദ്രങ്ങള്‍ നടത്തിയും കൂടുതല്‍ പെണ്‍കുട്ടികളെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കാനും വിദഗ്ധപരിശീലനം നല്‍കുവാനും സാധിച്ചതിന്റെ ഫലമായി 2017-18ലെ അണ്ടര്‍ 23 ചാംപ്യന്‍ഷിപ്പില്‍ വിജയികളാകാനും കേരളത്തിനു സാധിച്ചു. 2024ല്‍, ഒരു വര്‍ഷത്തില്‍ മിന്നുമണി, ആശാ ശോഭന, സജ്ന സജീവന്‍ എന്നീ പെണ്‍താരങ്ങള്‍ ഇന്ത്യൻ ജഴ്സി അണിഞ്ഞത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ഇന്ത്യൻ പ്രീമിയര്‍ ലീഗിലും വനിതാ പ്രീമിയര്‍ ലീഗിലും കേരള ക്രിക്കറ്റ് താരങ്ങള്‍ക്ക് വ്യക്തമായ പങ്കാളിത്തമുണ്ടെന്നത് നാം ഓര്‍ക്കേണ്ടതായിട്ടുണ്ട്. മറ്റു ഫോര്‍മാറ്റുകളെ വച്ചുനോക്കുമ്പോള്‍ കേരള ടീം കൂടുതല്‍ തിളങ്ങുന്നത് ട്വന്റി20 മത്സരങ്ങളിലാണ്.

01. എലൈറ്റ് ടൂര്‍ണമെന്റുകള്‍

കേരളത്തില്‍ നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ മികച്ചവ കണ്ടെത്തി അവയെ എലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളായി പ്രഖ്യാപിച്ചും തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് ടൂര്‍ണമെന്റിനെ ഹെറിറ്റേജ് ടൂര്‍ണമെന്റ് ആയി പ്രഖ്യാപിച്ചും ഗ്രാന്‍ഡും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി കെസിഎ പിന്തുണക്കുകയും ചെയ്തു.

കെസിഎൽ ഇൻസ്റ്റഗ്രാം പേജിലെ അപ്‌ഡേറ്റ്സുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

02. പ്രസിഡന്റ്സ് കപ്പ്

2021ല്‍ കെസിഎ ട്വന്റി20 ഫോർമാറ്റിൽ പ്രസിഡന്റ്സ് കപ്പ് ആരംഭിച്ചു. ഇതുവരെ പ്രസിഡന്റ്സ് കപ്പിന്റെ മൂന്നു പതിപ്പുകളാണ് നടന്നത്. കേരളത്തിലെ മികച്ച കളിക്കാരെ ഉള്‍പ്പെടുത്തി കെസിഎ രൂപീകരിച്ച ആറു ടീമുകളുടെ മത്സരമായിരുന്നു ഇതില്‍ അരങ്ങേറിയത്.

kcl-launch

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ അവതരണച്ചടങ്ങിൽനിന്ന്

03. കെസിഎ ക്ലബ് ചാംപ്യൻഷിപ്പ്

2021ല്‍തന്നെ, കേരളത്തിലുടനീളമുള്ള മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 10 ക്ലബ്ബുകളെ ഉള്‍പ്പെടുത്തി ക്ലബ് ചാംപ്യൻഷിപ്പ് അവതരിപ്പിച്ചു. ഇതുവരെ ക്ലബ്ബ് ചാംപ്യന്‍ഷിപ്പിന്റെയും മൂന്നു പതിപ്പുകള്‍ നടന്നുകഴിഞ്ഞു.

കെസിഎൽ ഫെയ്സ്ബുക് പേജിലെ അപ്‌ഡേറ്റ്‌സുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

04. എൻഎസ്‌കെ ട്രോഫി ട്വന്റി20 ലീഗ്

ജില്ലകളിലെ വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് അനുഭവസമ്പത്ത് പകരുവാനും പ്രഫഷനല്‍ ട്വന്റി20 മത്സരങ്ങളിലേക്ക് കൊണ്ടുവരാനുമായി 2023ല്‍ അന്തര്‍ജില്ലാ ട്വന്റി20 മത്സരങ്ങള്‍ മുന്‍ കോച്ച് എന്‍.എസ്. കൃഷ്ണന്റെ പേരില്‍ എൻഎസ്‌കെ ട്രോഫി സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പ് ആരംഭിച്ചു. 2023ലും 24ലുമായി രണ്ട് ചാംപ്യന്‍ഷിപ്പുകളാണ് എന്‍എസ്‌കെ ട്രോഫിക്കായി നടന്നത്.

English Summary:

Kerala Cricket League Returns: KCL Season 2 Promises Bigger Fan Engagement astatine Karyavattom Stadium

Read Entire Article