കാര്യസ്ഥനും തേജാ ഭായ് ആൻഡ് ഫാമിലിയും, ഹിറ്റ് ചിത്രങ്ങൾ; പിന്നീട് എവിടെപ്പോയി, മറുപടിയുമായി അഖില

7 months ago 6

Akhila Sasidharan

അഖില ശശിധരൻ | Photo: Instagram/ Akhila Sasidharan Nair, YouTube: API Malayalam Songs

വെറും രണ്ട്‌ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അഖില ശശിധരന്‍. നര്‍ത്തകി കൂടിയായ താരം 'കാര്യസ്ഥന്‍' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ പൃഥ്വിരാജ് ചിത്രം 'തേജാ ഭായ് ആന്‍ഡ് ഫാമിലി'യിലും നായികയായി. ടെലിവിഷന്‍ ഷോയില്‍ അവതാരകയുമായിരുന്ന താരത്തെ പിന്നീട് സിനിമകളിലൊന്നും കണ്ടില്ല. സാമൂഹികമാധ്യമങ്ങളിലും സജീവമല്ലാതിരുന്ന താരം എവിടെയെന്ന ചോദ്യം ആരാധകര്‍ വ്യാപകമായി പങ്കുവെക്കാന്‍ തുടങ്ങി. ഒടുവില്‍ മലയാളികളുടെ ആ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അഖില. മറ്റ് കലാപരമായ കാര്യങ്ങളില്‍ സജീവമായിരുന്നതിനാലാണ് സിനിമയില്‍ കാണാതിരുന്നതെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഖില പറയുന്നത്.

'എവിടെയായിരുന്നു എന്ന് ചോദിച്ചാല്‍, ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു. കലാപരമായ കാര്യങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ വന്നതോടൂകൂടി, എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഇപ്പോള്‍ ആളുകള്‍ക്ക് അറിയാമെന്ന് തോന്നുന്നു. സാമൂഹികമാധ്യമങ്ങളില്‍ ഉണ്ടെങ്കിലേ ജീവിച്ചിരിപ്പുള്ളൂ എന്ന് പറയുന്ന കാലഘട്ടത്തില്‍ ജീവിക്കുന്നത് കാരണമായിരിക്കാം, അവയില്‍ സജീവമായില്ലെങ്കില്‍ എവിടെപ്പോയി എന്ന് അന്വേഷിക്കുന്നത്', ചോദ്യത്തോട് അഖില പ്രതികരിച്ചു.

'സിനിമകള്‍ എന്തുകൊണ്ട് ചെയ്തില്ല എന്നതിന് പല കാര്യങ്ങളുമുണ്ട്. ഒരുപാട് കാര്യങ്ങള്‍ ഒത്തുവന്നാല്‍ സംഭവിക്കുന്നതാണ് സിനിമ. സിനിമ കഴിഞ്ഞിട്ടും ഞാന്‍ സജീവമായിരുന്നു. ഒരുപാട് ഷോകളിലെല്ലാം പങ്കെടുത്തിരുന്നു. 'കാര്യസ്ഥ'നും 'തേജാഭായ് ആന്‍ഡ് ഫാമിലി'യും കഴിഞ്ഞിട്ട് ഈ കുട്ടിയെ കണ്ടിട്ടേ ഇല്ല എന്ന ചിത്രം വന്നു എന്ന് തോന്നുന്നു. അതാണ് അങ്ങനെ പറയാനുള്ള കാരണം. പക്ഷേ, അത് കഴിഞ്ഞിട്ടും ഒരുപാട് അഭിമുഖങ്ങളും ഷോകളും വന്നിരുന്നു', അഖില ചൂണ്ടിക്കാട്ടി.

'അതുകഴിഞ്ഞ് അഞ്ചരവര്‍ഷത്തോളം മുംബൈയിലായിരുന്നു. കലാപരമായി എന്റെ ജീവിതം തുടര്‍ന്നുകൊണ്ടേയിരുന്നിട്ടുണ്ട്. അടിസ്ഥാനപരമായി ഭരതനാട്യം നര്‍ത്തകി ആയിരുന്നിട്ടുകൂടി, കഥക് അഭ്യസിച്ചു. അത് പെര്‍ഫോംചെയ്യാന്‍ തുടങ്ങി. ഒരുപാട് പെര്‍ഫോം ചെയ്തു', അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ട് വിവാഹിതയായില്ല എന്ന ചോദ്യത്തിനും അവര്‍ മറുപടി നല്‍കി. 'ഒത്തുവന്നില്ല, അതുകൊണ്ടായിരിക്കുമല്ലോ കല്യാണം കഴിക്കാതിരിക്കുന്നത്. അക്കാര്യത്തില്‍ നിര്‍ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍, അതുമില്ല. എന്തെങ്കിലുമൊരു ശൂന്യത നികത്താനാണോ വിവാഹം എന്ന് ചോദിച്ചാല്‍, അങ്ങനെയൊരു തോന്നല്‍ ഇല്ല. ജീവിത്തില്‍ എന്തെങ്കിലും കൂടുതലായി ചേര്‍ക്കുകയോ അര്‍ഥംകൊണ്ടുവരുകയോ ആണെങ്കില്‍ അത് പരിഗണിക്കും', അഖില പറഞ്ഞു.

Content Highlights: Akhila Sasidharan, known for `Kaaryasthan` and `Teja Bhai & Family`, addresses her lack from film

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article