Published: October 03, 2025 01:15 AM IST Updated: October 03, 2025 10:02 AM IST
1 minute Read
കോഴിക്കോട്∙ ഇരമ്പിയാർക്കുന്ന ഗാലറിയെ സാക്ഷിയാക്കി സൂപ്പർ ലീഗ് കേരള ഫുട്ബോൾ രണ്ടാം സീസണ് ആവേശോജ്വല തുടക്കം. അവസാന പത്തുമിനിറ്റിൽ വീണ 2 ഗോളുകളിലൂടെ ത്രില്ലർ ക്ലൈമാക്സിലേക്കു നീങ്ങിയ ആദ്യമത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കാലിക്കറ്റ് എഫ്സി 2–1ന് ഫോഴ്സ കൊച്ചി എഫ്സിയെ കീഴടക്കി. ഇരുപതിനായിരത്തിലേറെപ്പേരാണ് ആദ്യമത്സരം കാണാൻ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെത്തിയത്.
13–ാം മിനിറ്റിലാണ് സൂപ്പർലീഗ് കേരളയുടെ രണ്ടാംസീസണിലെ ആദ്യഗോൾ പിറന്നത്. കാലിക്കറ്റ് എഫ്സി ഡിഫൻഡർ പി.ടി.മുഹമ്മദ് റിയാസിനെ ബോക്സിനകത്ത് ഫോഴ്സ താരം എ.അജിൻ ഫൗൾ ചെയ്തു. ഇതിനു ലഭിച്ച ഫ്രീകിക്ക് കാലിക്കറ്റിന്റെ കൊളംബിയൻ താരം സെബാസ്റ്റ്യൻ റിങ്കൺ ലൂസുമി വലയിലെത്തിച്ചു (1–0).
ബ്രസീലിയൻ താരം ഡഗ്ലസ് റോസയുടെ ഗോളിലൂടെ 88ാം മിനിറ്റിൽ ഫോഴ്സ കൊച്ചി സമനില പിടിച്ചു. മുഹമ്മദ് മുഷറഫ് ഉയർത്തിക്കൊടുത്ത പന്ത് സംഗീത് സതീഷ് ഇടതുകാലു കൊണ്ട് ഡഗ്ലസിനു നൽകി. ഉയർന്നുവന്ന പന്ത് ഡഗ്ലസ് തലകൊണ്ട് കുത്തി വലയിലേക്കിട്ടു. കാലിക്കറ്റിന്റെ ഗോളി എസ്. ഹജ്മലിന് ഒരവസരവും ലഭിച്ചില്ല (1–1). പക്ഷേ സമനില ഏറെ നീണ്ടുനിന്നില്ല. ഇൻജറി ടൈമിന്റെ മൂന്നാം മിനിറ്റിൽ പ്രശാന്ത് ബോക്സിനകത്തേക്ക് നൽകിയ പാസ് ബെംഗളൂരുക്കാരനായ ഡി.അരുൺകുമാർ വലയ്ക്കകത്തേക്ക് ഇടിച്ചുകയറ്റിയതോടെ ഗാലറി ഇരമ്പിയാർത്തു. കാലിക്കറ്റിന് ആദ്യജയം (2–1).
ഉദ്ഘാടന മത്സരം കാണാൻ കാലിക്കറ്റ് എഫ്സി ബ്രാൻഡ് അംബാസഡർ ബേസിൽ ജോസഫ്, ടീം ഉടമ വി.കെ.മാത്യൂസ്, സൂപ്പർലീഗ് കേരള എംഡി ഫിറോസ് മീരാൻ, സൂപ്പർലീഗ് കേരള സിഇഒ മാത്യു ജോസഫ്, കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ, അഹമ്മദ് ദേവർകോവിൽ എംഎൽഎ, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, തുടങ്ങിയവർ എത്തിയിരുന്നു. സൂപ്പർലീഗ് കേരളയുടെ തീംസോങ്ങുമായി റാപ്പർ വേടൻ ഇടവേളയിൽ വേദിയിലെത്തി. ചലച്ചിത്ര താരം അനാർക്കലി മരക്കാർ, ഹനാൻ ഷാ, ജാസിം ജമാൽ, ഡിജെ റോക്കി ബ്രൗൺ എന്നിവരും സംഗീതപരിപാടിയിൽ ഗാലറിയെ ഇളക്കിമറിച്ചു. ഇന്നു വൈകിട്ട് 7.30ന് മഞ്ചേരി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ മലപ്പുറം എഫ്സി തൃശൂർ മാജിക് എഫ്സിയെ നേരിടും.
English Summary:









English (US) ·