Published: June 19 , 2025 09:28 AM IST
1 minute Read
ന്യൂഡൽഹി∙ ഐപിഎൽ 18–ാം സീസണിലൂടെ താരത്തിളക്കത്തിലേക്ക് ഉയർന്ന പതിനാലുകാരൻ വൈഭവ് സൂര്യവംശിയുടെ പ്രായം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടെ, പ്രതികരണവുമായി താരത്തിന്റെ പിതാവ് സഞ്ജീവ് സൂര്യവംശി. വൈഭവിന് നിയമാനുസൃതമായ എല്ലാ പ്രായപരിശോധനകളും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നടത്തിയിട്ടുണ്ടെന്ന് സഞ്ജീവ് ചൂണ്ടിക്കാട്ടി. പ്രായത്തിന്റെ കാര്യത്തിൽ തട്ടിപ്പു നടത്തുന്നവരെ പിടികൂടാൻ ബിസിസിഐ കൂടുതൽ ശാസ്ത്രീയമായ പരിശോധനകൾക്കു തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് വൈഭവിന്റെ പിതാവിന്റെ പ്രതികരണം. ഇതോടെ സത്യം പുറത്തുവരുമല്ലോ എന്നും അദ്ദേഹം പറഞ്ഞു.
‘‘വൈഭവ് രണ്ടു വർഷം മുൻപ് ഹേമന്ത് ട്രോഫിയിൽ കളിക്കുമ്പോഴുള്ള ചിത്രങ്ങൾ നോക്കൂ. അതായത് രണ്ടു വർഷം മുൻപ് ചണ്ഡിഗഡിലേക്ക് കളിക്കാനായി പോകുന്ന സമയത്ത് അവൻ തീരെ ചെറുതായിരുന്നു. പെട്ടെന്നാണ് അവന് ഉയരം വച്ചത്. ആളുകൾക്ക് എന്തു വേണമെങ്കിലും പറയാമല്ലോ’ – സഞ്ജീവ് സൂര്യവംശി പറഞ്ഞു.
‘‘2019ൽത്തന്നെ വൈഭവിനെ ബിസിസിഐ പ്രായപരിശോധനയ്‍ക്ക് വിധേയനാക്കിയതാണ്. ക്രിക്കറ്റിൽ തുടർന്നാൽ ഭാവിയിലും സമാനമായ രീതിയിലുള്ള പരിശോധനകളുണ്ടാകും. അപ്പോൾ എന്തായാലും സത്യം പുറത്തുവരുമല്ലോ. പ്രായത്തേക്കാൾ വലിപ്പമുള്ള എത്രയോ കുട്ടികളുണ്ട്. സംശയമുള്ളവർ അവനോട് ഒന്നു സംസാരിച്ചു നോക്കൂ. കുട്ടിയാണെന്ന് ബോധ്യപ്പെടുമെന്ന് തീർച്ച’ – സഞ്ജീവ് പറഞ്ഞു.
ചെറിയ പ്രായത്തിൽത്തന്നെ ഐപിഎൽ താരലേലത്തിൽ കോടിപതിയായതിലൂടെ ശ്രദ്ധ നേടിയ വൈഭവ് സൂര്യവംശി, 18–ാം സീസണിൽ രാജസ്ഥാൻ റോയൽസിനായി പുറത്തെടുത്ത പ്രകടനവും ശ്രദ്ധ നേടിയിരുന്നു. ഐപിഎലിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും നേടി. ഏഴ് ഇന്നിങ്സുകളിൽനിന്ന് 206.55 സ്ട്രൈക്ക് റേറ്റിൽ 252 റൺസാണ് വൈഭവ് ആകെ നേടിയത്.
English Summary:








English (US) ·