
ആശിഷ് വിദ്യാർത്ഥി | ഫോട്ടോ: Facebook
ഇന്ത്യൻസിനിമയിലെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാണ് ആശിഷ് വിദ്യാർത്ഥി. ബോളിവുഡ്, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി വിവിധ ഭാഷാ ചിത്രങ്ങളിൽ അദ്ദേഹം അതിശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കരിയറിന്റെ തുടക്കത്തിൽത്തന്നെ ദേശീയ പുരസ്കാരം നേടിയപ്പോഴും സാമ്പത്തികബുദ്ധിമുട്ടുകൾ അലട്ടിയിരുന്നതായി തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. സാമ്പത്തികപ്രശ്നം കാരണം ജീവിതത്തിലെ ആ പ്രധാന നിമിഷം ആഘോഷിക്കാൻ പോലും തനിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും ദേശീയ പുരസ്കാര നേട്ടത്തേക്കുറിച്ചും ആശിഷ് വിദ്യാർത്ഥി മനസുതുറന്നത്. 'ദ്രോഹ്കാൽ' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരമാണ് ആശിഷ് വിദ്യാർത്ഥിയെ തേടിയെത്തിയത്. പുരസ്കാരം നേടിയ ശേഷം, ചിത്രത്തിൻ്റെ സംവിധായകൻ ഗോവിന്ദ് നിഹലാനി വിജയം ആഘോഷിക്കാൻ ഒരു പാർട്ടി നടത്താൻ നിർദ്ദേശിച്ചുവെന്ന് ആശിഷ് വിദ്യാർത്ഥി പറഞ്ഞു. എന്നാൽ, ഒരു ആഘോഷത്തിൻ്റെ ചിലവ് വഹിക്കുന്നതിലുപരി സ്വന്തം വീട്ടുവാടക നൽകാൻ പോലും താൻ പാടുപെടുകയായിരുന്നുവെന്ന് ആശിഷ് വിദ്യാർത്ഥി പറഞ്ഞു.
"ഗോവിന്ദ് നിഹലാനി എന്നോട് മെയിൻലാൻഡ് ചൈന ബുക്ക് ചെയ്യാൻ പറഞ്ഞു. ഞാൻ അത് പുറത്തുനിന്ന് മാത്രമേ കണ്ടിട്ടുള്ളൂ. അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് ഞാൻ സ്വപ്നം പോലും കണ്ടിരുന്നില്ല," ആശിഷ് പറഞ്ഞു. സാമ്പത്തിക ആശങ്കകൾക്കിടയിലും ഒരു സുഹൃത്തിൻ്റെ പ്രോത്സാഹനത്തിൽ ആശിഷ് പാർട്ടിയുമായി മുന്നോട്ട് പോയി. എന്നാൽ ആ വൈകുന്നേരം മുഴുവൻ തൻ്റെ മനസ്സിൽ ഉത്കണ്ഠയായിരുന്നുവെന്ന് താരം പറഞ്ഞു.
"വോഡ്ക ഓർഡർ ചെയ്ത് ബില്ല് കൂട്ടേണ്ടെന്ന് കരുതി ഞാൻ ഒരു ഗ്ലാസ് നാരങ്ങാവെള്ളമാണ് കുടിച്ചത്. മദ്യപിക്കാത്തവർക്ക് പോലും അന്ന് കുടിക്കണമായിരുന്നു. സസ്യാഹാരികൾക്ക് പോലും മാംസം കഴിക്കണം! ഒരു ഘട്ടത്തിൽ ഞാൻ ഗോവിന്ദ് നിഹലാനിയെ ഒരു വശത്തേക്ക് മാറ്റി നിർത്തി പരിഭ്രമത്തോടെ ചോദിച്ചു, 'എനിക്ക് ബിൽ അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് ചെയ്യും? എനിക്ക് പാത്രം കഴുകേണ്ടി വരുമോ? പോലീസ് വരുമോ?'," ആശിഷ് അന്ന് ചോദിച്ചു. ചിലവ് താൻ വഹിച്ചോളാമെന്ന് സംവിധായകൻ ഉറപ്പ് നൽകിയശേഷമാണ് ആ സായാഹ്നം ആസ്വദിച്ചതെന്നും നടൻ ഓർത്തെടുത്തു.
അവാർഡ് ലഭിച്ചതിന് ശേഷമുള്ള തൻ്റെ സിനിമാ ജീവിതത്തെക്കുറിച്ചും ആശിഷ് ഓർത്തെടുത്തു. മാതാപിതാക്കളോടുള്ള സാമ്പത്തിക ഉത്തരവാദിത്തം കാരണം, നിരവധി ബി-ഗ്രേഡ് സിനിമകളിലെ വേഷങ്ങൾ ഉൾപ്പെടെ, കിട്ടുന്ന ജോലികളൊക്കെയും ഏറ്റെടുത്തുവെന്ന് ആശിഷ് വിദ്യാർത്ഥി പറഞ്ഞു. ഇന്ന്, ഒരു നടൻ, മോട്ടിവേഷണൽ സ്പീക്കർ, ഫുഡ് വ്ലോഗർ എന്നീ നിലകളിലും ആശിഷ് വിദ്യാർത്ഥി തൻ്റേതായ കരിയർ രൂപപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Ashish Vidyarthi reveals fiscal hardship contempt winning a National Award aboriginal successful his career
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·