
കമൽഹാസൻ, ശിവരാജ്കുമാർ | ഫോട്ടോ: AFP, Screengrab
താൻ കമൽഹാസന്റെ വലിയ ആരാധകനാണെന്ന് കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ. കമൽ ഹാസൻ-മണിരത്നം ടീം വർഷങ്ങൾക്കുശേഷം ഒന്നിക്കുന്ന തഗ് ലൈഫ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശിവരാജ്കുമാർ. ചെന്നൈയിലെ സായി റാം എഞ്ചിനിയറിംഗ് കോളേജിൽ വെച്ചുനടന്ന ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. കമൽഹാസനുവേണ്ടി ഒരു തമിഴ് ഗാനം മനോഹരമായി അവതരിപ്പിക്കുകയും ചെയ്തു കന്നഡ സൂപ്പർതാരം.
കമൽഹാസനെ കെട്ടിപ്പിടിച്ചുകൊണ്ടാണ് ശിവരാജ്കുമാർ താൻ എത്ര വലിയ ആരാധകനാണെന്ന് വ്യക്തമാക്കിയത്. കമൽഹാസന്റെ പുഞ്ചിരിയും കണ്ണുകളും വ്യക്തിത്വവും എല്ലാം ഇഷ്ടമാണെന്ന് ശിവരാജ്കുമാർ പറഞ്ഞു. താൻ എപ്പോഴും കമൽഹാസന്റെ സിനിമകൾ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണുമായിരുന്നുവെന്നും ശിവരാജ്കുമാർ ചൂണ്ടിക്കാട്ടി.
ബെംഗളൂരുവിലെ തന്റെ വീട്ടിൽ കമൽഹാസൻ സന്ദർശനം നടത്തിയതിനെക്കുറിച്ച് ഒരു ഓർമയും ശിവരാജ്കുമാർ പങ്കുവെച്ചു. "ബെംഗളൂരുവിലെ ഞങ്ങളുടെ വീട്ടിൽ വെച്ച് അദ്ദേഹം എന്റെ വീട്ടിൽ വന്നതും എന്റെ അച്ഛൻ ഡോ. രാജ്കുമാറിനോട് സംസാരിച്ചതും ഞാൻ ഓർക്കുന്നു. അന്ന് ഞാനാരാണെന്ന് അദ്ദേഹം എന്റെ അച്ഛനോട് ചോദിച്ചു. അച്ഛൻ എന്നെ പരിചയപ്പെടുത്തി, ഞാനൊരു കെട്ടിപ്പിടിത്തം ചോദിച്ചു. ഞാൻ മൂന്ന് ദിവസത്തേക്ക് കുളിച്ചില്ല. ആ അനുഭവം എനിക്ക് വേണമായിരുന്നു, അദ്ദേഹത്തിന്റെ ഗന്ധം തങ്ങിനിൽക്കാൻ. ഞാനങ്ങനെയൊരു ആരാധകനാണ്.
കമൽ സാറിന്റെ സിനിമകളുടെ നിലവാരത്തെക്കുറിച്ച് ഞാൻ പലരുമായും വഴക്കിട്ടിട്ടുണ്ട്. സിനിമകളെക്കുറിച്ച് അവർ മോശം അഭിപ്രായം പറഞ്ഞാലും ഞാൻ നല്ല കാര്യങ്ങൾ മാത്രമേ പറയുമായിരുന്നുള്ളൂ," ശിവരാജ്കുമാർ പറഞ്ഞു.
യുഎസിൽ വെച്ച് കാൻസർ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം കമൽഹാസൻ തന്നെ വിളിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "ഞാനിപ്പോഴും ഓർക്കുന്നു, 2024 ഡിസംബറിൽ ഞാൻ മിയാമിയിലായിരുന്നു, അവിടെ വെച്ചാണ് എനിക്ക് ശസ്ത്രക്രിയ നടന്നത്. കമൽ സാർ ആ സമയം ചിക്കാഗോയിലായിരുന്നു. അവിടെനിന്നാണ് അദ്ദേഹം എന്നെ വിളിച്ചത്. നിങ്ങളോട് സംസാരിച്ചതിന് ശേഷം ഞാൻ കരഞ്ഞുപോയി. എനിക്കൊരിക്കലും ആ നിമിഷം മറക്കാൻ കഴിയില്ല. എന്റെ അച്ഛനാണ് എന്നോട് സംസാരിക്കുന്നതെന്ന് എനിക്ക് തോന്നി. " അദ്ദേഹം വിശദീകരിച്ചു.
പ്രസംഗം അവസാനിപ്പിക്കുമ്പോൾ, 'ഇളമൈ ഊഞ്ചൽ ആടുകിറത്' എന്ന സിനിമയിലെ കമൽ ഹാസന്റെ പ്രശസ്തമായ 'ഒരേ നാൾ ഉനൈ നാൻ എന്ന ഗാനത്തിലെ ഏതാനും വരികളും നിന്ന് ശിവരാജ്കുമാർ ആലപിച്ചു.
Content Highlights: Shiva Rajkumar reveals his heavy admiration for Kamal Haasan astatine the `Thug Life` audio launch





English (US) ·