കാർട്ട് റേസിങ്ങിലെ പുത്തന്‍ താരോദയം, ഫോർമുല വൺ ട്രാക്ക് സ്വപ്നം കണ്ട് 13 വയസ്സുകാരന്‍ നേഥൻ

6 months ago 6

മനോരമ ലേഖകൻ

Published: July 15 , 2025 08:56 AM IST Updated: July 15, 2025 09:03 AM IST

1 minute Read

നേഥൻ ജോസഫ് കാപ്പൻ
നേഥൻ ജോസഫ് കാപ്പൻ

ദുബായ്∙ ഫോര്‍മുല വൺ റേസിങ് ട്രാക്ക് സ്വപ്നം കണ്ട് എൻആർഐ മലയാളികളുടെ മകനായ 13 വയസ്സുകാരൻ നേഥൻ ജോസഫ് കാപ്പൻ. കാർട്ട് റേസിങ്ങിൽ മിഡിൽ ഈസ്റ്റിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഈ മലയാളി കൗമാര താരം. യുഎഇയിൽ നടന്ന റോട്ടക്സ് മാക്സ് ചാലഞ്ചില്‍ വിജയിച്ച നേഥൻ മി‍ഡിൽ ഈസ്റ്റ്, ആഫ്രിക്ക ചാംപ്യൻഷിപ്പുകളിലും തിളങ്ങിയിട്ടുണ്ട്. ബഹ്‍റൈനിൽ നടക്കുന്ന ഫൈനലിൽ യുഎഇയെ പ്രതിനിധീകരിക്കാനൊരുങ്ങുകയാണ് നേഥൻ ഇപ്പോള്‍.

nethan3

നേഥൻ ജോസഫ് കാപ്പൻ മത്സരത്തിന് തയാറെടുക്കുന്നു. Photo: SpecialArrangement

‘‘ഫോർമുല വൺ ഡ്രൈവറാകുക, ലെ മാൻസ് പോലുള്ള റേസുകളി‍ൽ പങ്കെടുക്കുക എന്നൊക്കെയാണ് എന്റെ ആഗ്രഹങ്ങൾ.’’– നേഥൻ ഓൺമനോരമയോടു പ്രതികരിച്ചു. മിഡിൽ ഈസ്റ്റിൽ മുംബൈ ഫാൽക്കൻസിന്റെയും യുറോപ്പിൽ സ്പാനിഷ് റേസിങ് താരം ഫെർണാണ്ടോ അലോൻസോയുടെ ഡിപികെ റേസിങ് ഫാക്ടറി ടീമിന്റെയും ഡ്രൈവറാണ് നേഥൻ.

nethan1

നേഥൻ മത്സരത്തിനിടെ. Photo: SpecialArrangement

നേഥന്റെ കുടുംബത്തിന് റേസിങ്ങുമായി പ്രത്യേക ബന്ധമൊന്നുമില്ല. തൊടുപുഴ സ്വദേശിയായ പിതാവ് തൊമ്മന് ദുബായിൽ ബിസിനസാണ്. ചാർട്ടേഡ് അക്കൗണ്ടന്റായ മാതാവ് തനു കാഞ്ഞിരപ്പള്ളിക്കാരി. 17 വർഷമായി കുടുംബം ദുബായിലാണു താമസം. നേഥന്റെ സഹോദരി 10 വയസ്സുകാരി കിയാര. 

nethan2

നേഥനും പിതാവ് തൊമ്മൻ ജോസഫും. Photo: SpecialArrangement

‘‘പത്താം വയസ്സിലാണ് നേഥൻ കാർട്ടിങ് തുടങ്ങുന്നത്. സാധാരണയായി കുട്ടികൾ കുറച്ചുകൂടി നേരത്തേ ഈ മേഖലയിലേക്കു വരാറുണ്ട്. നേഥനെ ഒരു കാർട്ടിങ്ങിനുകൊണ്ടുപോയപ്പോൾ ഇതിലുള്ള താൽപര്യം കണ്ട് പ്രോത്സാഹിപ്പിച്ചതാണ്. പരിശീലനത്തിന് ഇറക്കിനോക്കാൻ അവിടെയുള്ള ഒരു ടീമാണു നിർദേശിച്ചത്.’’– നേഥന്റെ പിതാവ് പ്രതികരിച്ചു.

എമിറേറ്റ്സിലെ മിനി കാറ്റഗറിയിലാണ് (10 വയസ്സു മുതൽ 12 വയസ്സുവരെ) ആദ്യം മത്സരിക്കാനിറങ്ങിയത്. ആദ്യ സീസണിൽ ഒൻപതു റേസുകളിൽ മത്സരിക്കാനിറങ്ങിയ നേഥൻ, ഏഴാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. രണ്ടാം സീസണിനിടെ മലയാളി താരം ജൂനിയർ കാറ്റഗറിയിലേക്കു ചുവടു മാറ്റി. മൂന്നാം സീസണിൽ ബെംഗളൂരുവിൽ 10 സെക്കൻ‍ഡിന്റെ വ്യത്യാസത്തിലും എമിറേറ്റ്സിൽ എട്ടു സെക്കന്‍ഡിന്റെ വ്യത്യാസത്തിലും ഒന്നാം സ്ഥാനത്തെത്തി. അടുത്ത സീസണിൽ ആദ്യമായി സീനിയർ വിഭാഗത്തിൽ ഇറങ്ങുകയാണ് നേഥൻ.

‘‘സീനിയർ വിഭാഗത്തിൽ മത്സരിക്കാൻ ഞാൻ‌ തയാറായി എന്നാണു തോന്നുന്നത്. കുടുംബം വലിയ പിന്തുണയാണു നൽകുന്നത്. ഓരോ മത്സരങ്ങൾക്കു മുന്‍പും കേരളത്തിൽനിന്ന് ബന്ധുക്കൾ വിളിച്ച് സംസാരിക്കാറുണ്ട്. അതും മികച്ച പ്രോത്സാഹനമാണ്.’’– നേഥൻ വ്യക്തമാക്കി.

English Summary:

UAE’s Malayali karting wonderkid aspires to contention successful F1

Read Entire Article