Published: September 22, 2026 12:20 PM IST
1 minute Read
കൊച്ചി∙ ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന 'റിട്ടേൺ ഓഫ് ദി ടൈറ്റൻസ് – ബ്രസീൽ ലെജൻഡ്സ് വേഴ്സസ് ഇന്ത്യൻ ഓൾ സ്റ്റാർസ്' പ്രദർശന മത്സരത്തിന് മുന്നോടിയായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബൈക്ക് റാലി കൊച്ചിയെ ആവേശത്തിലാക്കി. ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ റാലിയിൽ നൂറിലേറെ യുവാക്കൾ അണിനിരന്നു.
തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ആലുവയിൽ നിന്നാണ് റാലിക്ക് തുടക്കമായത്. സെലിബ്രിറ്റി അംബാസിഡർ ബോബി ചെമ്മന്നൂർ, പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ സി.കെ. വിനീത്, മുഹമ്മദ് റാഫി എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്ത റാലി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് ഏഴോടെ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സമാപിച്ചു. കായികരംഗത്തെയും സാമൂഹിക പ്രതിബദ്ധതയെയും കോർത്തിണക്കിയുള്ള റാലിയിലുടനീളം ശക്തമായ ലഹരിവിരുദ്ധ സന്ദേശങ്ങൾ മുഴങ്ങിക്കേട്ടു.
കലൂർ സ്റ്റേഡിയത്തിൽ സമാപിച്ച റാലിക്ക് സ്വീകരണമേകാൻ സാക്ഷാൽ ബ്രസീലിയൻ ഇതിഹാസങ്ങൾ നേരിട്ടെത്തിയത് ബൈക്കർമാർക്കും ആരാധകർക്കും ഇരട്ടിമധുരമായി. ദിയോഗോ ഗിൽ, ജിയോവാനി, ജൂനിയർ, കമാൻഡുകായ ഗോമസ്, എഡ്മിൽസൺ, റിക്കാർഡോ ഒലിവേര, ഗുസ്താവോ നേരി, സൂസ, എലിവൽട്ടൺ, പൗലോ സെർജിയോ, വിയോള തുടങ്ങിയ വിശ്വപ്രസിദ്ധ താരങ്ങൾ ബൈക്കർമാരെ നേരിട്ട് അഭിവാദ്യം ചെയ്തു. ഒപ്പം മലയാളികളുടെ പ്രിയ കമന്റേറ്റർ ഷൈജു ദാമോദരൻ കൂടി എത്തിയതോടെ സമാപനച്ചടങ്ങ് അക്ഷരാർത്ഥത്തിൽ ഉത്സവപ്രതീതിയിലായി.
ഗാമൻ സ്പോർട്സ് സി.ഇ.ഒ രാജേഷ് എ.വി, എ ടു സെഡ് ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ സബാപതി രമേഷ്, എ സബ ദോസ് ഡയറക്ടർ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. റാലിയിൽ പങ്കെടുത്ത മുഴുവൻ ബൈക്കർമാർക്കും മത്സരത്തിനുള്ള സൗജന്യ ടിക്കറ്റുകളും ജേഴ്സികളും വിതരണം ചെയ്തു.
English Summary:






English (US) ·