Published: December 15, 2025 05:59 PM IST Updated: December 16, 2025 10:11 AM IST
1 minute Read
ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്ത് ഫുട്ബോൾ ഇതിഹാസത്തിന് രാജകീയ വരവേൽപ്. ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയം ഗ്രൗണ്ടിൽ ലയണൽ മെസ്സി കാൽതൊട്ടപ്പോൾ മുതൽ കാണികൾ ആവേശഭരിതരായി. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐസിസി പ്രസിഡന്റ് ജയ് ഷാ എന്നിവർ മെസ്സിയെ ഇവിടെ വച്ചു കണ്ടു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി മെസ്സിക്ക് ജയ് ഷാ സമ്മാനിച്ചു. ‘മെസ്സി 10’ എന്നെഴുതി ജഴ്സിയാണ് നൽകിയത്. ഒപ്പം ക്രിക്കറ്റ് ബാറ്റും ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ടിക്കറ്റും നൽകി. മെസ്സിക്കൊപ്പമുണ്ടായിരുന്ന ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കും ജഴ്സി സമ്മാനിച്ചു.
ഇതിനു മുന്നോടിയായി മിനർവ അക്കാദമിയിലെ 22 കുട്ടിത്താരങ്ങളുമായുള്ള ‘ഫുട്ബോൾ ക്ലിനിക്’ പരിപാടിയും സ്റ്റേഡിയത്തിൽ അരങ്ങേറി. കുട്ടിത്താരങ്ങളുമായി മെസ്സി പന്തു തട്ടി. ഏകദേശം അരമണിക്കൂറിലേറെ സമയം മെസ്സി സ്റ്റേഡിയത്തിൽ ചെലവഴിച്ചു. സ്പാനിഷിൽ സംസാരിച്ച് മെസ്സി കാണികളെ അഭിസംബോധന ചെയ്തു. ഇവിടെനിന്ന് പുരാന ഖിലയിലേക്കാണ് മെസ്സി പോയത്. അവിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി, അർജന്റീനിയൻ അംബാസഡർ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ മെസ്സി കാണും.
ഡൽഹിയിൽവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസ്സി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും റദ്ദാക്കി. പ്രധാനമന്ത്രി തിങ്കളാഴ്ച ജോർദാന്‍ സന്ദർശനത്തിനായി പുറപ്പെട്ടതിനെ തുടർന്നാണ് ഇത്. അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി, ബോളിവുഡ് താരം വരുൺ ധവാന്‍ ഉൾപ്പടെയുള്ളവർ മെസ്സിയെ സ്വീകരിക്കാനെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വന്നില്ല. അരുൺ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തിലെ വിരാട് കോലി പവലിയനിനു മുന്നിലൂടെ മെസ്സി നടന്നു നീങ്ങിയപ്പോൾ ‘കോലി, കോലി’ എന്ന് ആളുകൾ ആർത്തുവിളിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ, മെസ്സിയെ കാണാൻ സ്റ്റേഡിയത്തിലെത്തിയിരുന്നു.
മോശം കാലാവസ്ഥയെ തുടർന്ന് മുംബൈയിൽനിന്നുള്ള വിമാനം വൈകിയതിനാൽ മുൻനിശ്ചയിച്ചതിനേക്കാൾ താമസിച്ചാണ് മെസ്സി ഡൽഹിയിലെത്തിയത്. തിങ്കളാഴ്ച രാവിലെ 10.45നു മെസ്സി എത്തുമെന്നായിരുന്നു മുൻ അറിയിപ്പ്. എന്നാൽ മൂടൽമഞ്ഞിനെ തുടർന്നു മുംബൈയിൽനിന്നുള്ള ചാർട്ടർ വിമാനം വൈകിയതിനാൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഇവിടെനിന്നു നേരെ ലീല പാലസ് ഹോട്ടലിലേക്കാണ് മെസ്സി പോയത്.
English Summary:








English (US) ·