08 August 2025, 08:06 AM IST

കിങ്ഡം എന്ന ചിത്രത്തിൽ വിജയ് ദേവരകൊണ്ട | ഫോട്ടോ: X
ചെന്നൈ: വിജയ് ദേവരകൊണ്ട നായകനായ തെലുഗു സിനിമ ‘കിങ്ഡം’ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് പോലീസ് സംരക്ഷണം നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഉള്ളടക്കത്തോട് വിയോജിപ്പുണ്ടാവാമെങ്കിലും സെൻസർബോർഡിന്റെ അനുമതി ലഭിച്ച സിനിമയുടെ പ്രദർശനം തടയാൻ ആർക്കും അവകാശമില്ലെന്ന് ജസ്റ്റിസ് ഡി. ഭരത ചക്രവർത്തി വ്യക്തമാക്കി.
ഗൗതം തിന്നനൂരി സംവിധാനം ചെയ്ത സിനിമയ്ക്കെതിരേ സീമാന്റെ നാം തമിഴർ കക്ഷിയും വൈകോയുടെ എംഡിഎംകെയും തമിഴ്‌നാട്ടിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ശ്രീലങ്കയിലെ തമിഴ് സംഘടനകളെയും തമിഴ് ഈഴത്തിനായുള്ള പോരാട്ടത്തെയും മോശമായി ചിത്രീകരിക്കുന്നു എന്നാണ് എൻടികെ, എംഡിഎംകെ നേതാക്കൾ പറയുന്നത്. നാം തമിഴർ കക്ഷി പ്രവർത്തകർ സിനിമയുടെ പോസ്റ്ററുകൾ കീറുകയും ചെയ്തു. സിനിമ പ്രദർശിപ്പിക്കുന്ന ചില തിയേറ്ററുകൾക്കുമുന്നിൽ സംഘർഷമുണ്ടായി. ഈ സാഹചര്യത്തിലാണ് വിതരണക്കാരായ എസ്എസ്‌ഐ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചത്.
നാം തമിഴർ കക്ഷി നേതാവ് സീമാൻ സിനിമയ്ക്കെതിരേ പ്രസ്താവനയിറക്കിയ ശേഷമാണ് തിയേറ്ററുകൾക്കുമുന്നിൽ സംഘർഷമുണ്ടായതെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. എന്നാൽ, സിനിമയോടുള്ള വിയോജിപ്പു പ്രകടിപ്പിച്ചു എന്നല്ലാതെ അതിന്റെ പ്രദർശനം തടയാൻ സീമാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് പാർട്ടിയുടെ അഭിഭാഷകൻ വ്യക്തമാക്കി.
ചില സിനിമകൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളോട് ചിലർക്ക് എതിർപ്പുണ്ടാവുന്നത് സ്വാഭാവികമാണെന്ന് കോടതി പറഞ്ഞു. പക്ഷേ, ജനാധിപത്യ വ്യവസ്ഥയിൽ കലാസൃഷ്ടികൾ നടത്താനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. ആശയം സ്വീകാര്യമല്ലെങ്കിൽക്കൂടി സെൻസർ ബോർഡ് അനുമതി നൽകിയ സിനിമയുടെ പ്രദർശനം തടയാൻ മൂന്നാമതൊരു കക്ഷിക്ക് അവകാശമില്ല. എന്നാൽ, രാഷ്ട്രീയ കക്ഷികൾക്ക് അനുവദനീയമായ രീതിയിൽ പ്രതിഷേധം പ്രകടിപ്പിക്കാം -കോടതി പറഞ്ഞു.
Content Highlights: Madras HC orders constabulary extortion for `Kingdom` screenings aft protests by NTK, MDMK
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·