ചെന്നൈ∙ ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ് ചെന്നൈയിൽ അവസാനിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ അടുത്ത മാസം ടോക്കിയോയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിലേക്ക് യോഗ്യത നേടാനുള്ള സമയവും കഴിഞ്ഞു. ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനു മത്സരിക്കുന്ന താരങ്ങളുടെ അന്തിമ പട്ടിക അടുത്ത ദിവസം ലോക അത്‌ലറ്റിക്സ് ഫെഡറേഷൻ പ്രസിദ്ധീകരിക്കും. ടോക്കിയോ ടിക്കറ്റ് സ്വപ്നം കണ്ടാണ് അത്‌ലീറ്റുകൾ ചെന്നൈയിൽ മത്സരത്തിന് ഇറങ്ങിയെങ്കിലും 5 ദിവസത്തെ മേളയിലെ 45 മത്സരങ്ങളിൽ ഒന്നിൽപ്പോലും യോഗ്യതാ മാർക്ക് മറികടക്കാൻ ആർക്കും സാധിച്ചില്ല.
18 മാസം നീണ്ടുനിന്ന യോഗ്യതാ കാലാവധിയിൽ യോഗ്യതാ മാർക്ക് മറികടന്ന് ഇന്ത്യയിൽനിന്ന് ടോക്കിയോ മീറ്റിനു യോഗ്യത ഉറപ്പാക്കിയത് 5 താരങ്ങൾ മാത്രം. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര, 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്‌ലെ, 5000 മീറ്റർ ഓട്ടത്തിൽ ഗുൽവീർ സിങ്, ട്രിപ്പിൾ ജംപിൽ പ്രവീൺ ചിത്രവേൽ, വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ പാരുൾ ചൗധരി എന്നിവരാണ് യോഗ്യത നേടിയവർ. വനിതകളുടെ ഹെപ്റ്റാത്തലണിൽ ഏഷ്യൻ ചാംപ്യൻ എന്ന നിലയിൽ നന്ദിനി അഗസാരയും യോഗ്യത നേടിയിട്ടുണ്ട്. എന്നാൽ, പരുക്കുമൂലം മത്സരിക്കില്ലെന്ന് അവിനാഷ് സാബ്‌ലെ നേരത്തേ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 13 മുതൽ 21 വരെയാണ് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്.
പ്രതീക്ഷയോടെ താരങ്ങൾ
ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ഓരോ ഇനത്തിലും മത്സരിക്കുന്ന അത്‌ലീറ്റുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്. ലോങ്ജംപ് ഉൾപ്പെടുന്ന ഫീൽഡ് ഇനങ്ങളിൽ പരമാവധി 36 താരങ്ങൾക്കു യോഗ്യത ലഭിക്കും. 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ ഓട്ടമത്സരങ്ങൾക്ക് 48 പേർക്കും 800 മീറ്റർ, 1500 മീറ്റർ എന്നിവയ്ക്ക് 56 പേർക്കുമാണു യോഗ്യത. യോഗ്യതാ മാർക്ക് മറികടക്കുക, റാങ്കിങ് പോയിന്റ്, വൈൽഡ് കാർഡ് എൻട്രി എന്നിവയിലൂടെയാണ് യോഗ്യത ലഭിക്കുക. റാങ്കിങ് പോയിന്റിലൂടെ യോഗ്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഒട്ടേറെ അത്‌ലീറ്റുകളും. സീസണിൽ 5 മത്സരങ്ങൾക്ക് മാത്രം ഇറങ്ങിയ മലയാളി ലോങ്ജംപ് താരം എം.ശ്രീശങ്കറിന്റെ റാങ്കിങ് ലഭ്യമല്ല. 5 സ്വർണം നേടിയ ശ്രീശങ്കറിന് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് യോഗ്യത ലഭിക്കാൻ സാധ്യത ഏറെയാണ്. ലോക റാങ്കിങ് പ്രകാരം സാധ്യത കൂടുതലുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടിക ഇങ്ങനെ: (പേര്, ഇനം, നിലവിലെ റാങ്കിങ്)
∙ അബ്ദുല്ല അബൂബക്കർ, ട്രിപ്പിൾ ജംപ്, 32
∙ അങ്കിത ധ്യാനി, 3000 മീറ്റർ സ്റ്റീപ്പിൾചേസ്, 43
∙ അന്നു റാണി, ജാവലിൻ ത്രോ, 29
∙ പ്രിയങ്ക ഗോസ്വാമി, 35 കിലോമീറ്റർ റേസ് വോക്ക്, 35
∙ സച്ചിൻ യാദവ്, ജാവലിൻ ത്രോ, 20
∙ യശ്‌വീർ സിങ്, ജാവലിൻ ത്രോ, 32
∙ അനിമേഷ് കുജൂർ, 200 മീറ്റർ ഓട്ടം, 45
∙ സർവിൻ സെബാസ്റ്റ്യൻ, 20 കിലോമീറ്റർ റേസ് വോക്ക്, 51
∙ റാം ബാബു, 35 കിലോമീറ്റർ റേസ് വോക്ക്, 52
∙ സന്ദീപ് കുമാർ, 35 കിലോമീറ്റർ റേസ് വോക്ക്, 53
English Summary:








English (US) ·