Published: May 06 , 2025 09:50 AM IST
1 minute Read
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടം ഉറപ്പിച്ച ലിവർപൂളിനെ തോൽപിച്ച് ചാംപ്യൻസ് ലീഗ് സാധ്യത സജീവമാക്കി ചെൽസി. സ്വന്തം മൈതാനമായ സ്റ്റാംഫഡ് ബ്രിജിൽ 3–1നു ജയിച്ച ചെൽസി പോയിന്റ് പട്ടികയിൽ 5–ാം സ്ഥാനത്തേക്കു കയറി. ആറാമതുള്ള നോട്ടിങ്ങാം ഫോറസ്റ്റുമായി 2 പോയിന്റ് മാത്രമാണ് വ്യത്യാസം.
ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിൽ നോട്ടിങ്ങാമിനെ ക്രിസ്റ്റൽ പാലസ് സമനിലയിൽ തളച്ചത് ചെൽസിക്ക് തുണയായി. ആദ്യ 5 സ്ഥാനക്കാരാണ് ഇത്തവണ പ്രിമിയർ ലീഗിൽ നിന്ന് ചാംപ്യൻസ് ലീഗിനു യോഗ്യത നേടുക.
എൻസോ ഫെർണാണ്ടസ് (3–ാം മിനിറ്റ്), കോൾ പാമർ (പെനൽറ്റി– 90+6) എന്നിവരാണ് ചെൽസിയുടെ സ്കോറർമാർ. ലിവർപൂൾ താരം ജാരൽ ക്വാൻസാ 56–ാം മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങി. 85–ാം മിനിറ്റിൽ ക്യാപ്റ്റൻ വിർജിൽ വാൻദെയ്ക്കാണ് ലിവർപൂളിന്റെ ആശ്വാസഗോൾ നേടിയത്. മത്സരത്തിനു മുൻപ്, കിരീടജേതാക്കളായ ലിവർപൂളിന് ചെൽസി ടീം ഗാർഡ് ഓഫ് ഓണർ നൽകി.
അതേസമയം, ക്രിസ്റ്റൽ പാലസിനെതിരെ പിന്നിൽനിന്നും തിരിച്ചടിച്ചാണ് നോട്ടിങ്ങാം ഫോറസ്റ്റ് സമനില പിടിച്ചത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം 60–ാം മിനിറ്റിൽ എബറേഷി എസെ പെനൽറ്റിയിൽ നിന്ന് നേടിയ ഗോളാണ് ക്രിസ്റ്റൽ പാലസിന് ലീഡ് സമ്മാനിച്ചത്. നാലു മിനിറ്റിനുള്ളിൽ മുറിലോയിലൂടെ നോട്ടിങ്ങാം സമനില പിടിച്ചു.
English Summary:








English (US) ·