Published: November 04, 2025 07:24 PM IST
1 minute Read
ഇസ്‌ലാമാബാദ് ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കന്നി ലോകകപ്പ് കിരീടനേട്ടം ആഘോഷിക്കുമ്പോൾ അയൽരാജ്യത്ത് കാര്യങ്ങൾ അൽപം കഷ്ടത്തിലാണ്. എട്ടു ടീമുകൾ ഏറ്റുമുട്ടിയ ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും അവസാന സ്ഥാനക്കാരായാണ് പാക്കിസ്ഥാൻ നാട്ടിലേക്കു വണ്ടി കയറിയത്. ടൂർണമെന്റിൽ ഒരു മത്സരം പോലും വിജയിക്കാൻ ഫാത്തിമ സനയ്ക്കും സംഘത്തിനുമായില്ല. നാലു മത്സരങ്ങൾ തോറ്റപ്പോൾ മൂന്നെണ്ണം മഴയിൽ ഒലിച്ചുപോയി.
ഉപേക്ഷിച്ച മത്സരങ്ങളിൽനിന്നു പങ്കുവച്ചു കിട്ടിയ മൂന്നു പോയിന്റാണ് പാക്കിസ്ഥന്റെ ഏക സമ്പാദ്യം. യോഗ്യതാ മത്സരങ്ങളിലെ ഒന്നാം സ്ഥാനക്കാരായി ടൂർണമെന്റിന് എത്തിയ പാക്കിസ്ഥാനു പക്ഷേ ആ ഫോം ടൂർണമെന്റിൽ പുറത്തെടുക്കാനായില്ല. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂർണമെന്റിൽ, പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും കൊളംബോയിലായിരുന്നു.
ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ കടുത്ത നടപടിയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) എടുത്തിരിക്കുന്നത്. ദേശീയ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായിരുന്ന മുഹമ്മദ് വസീമിനെ പിസിബി പുറത്താക്കി. എന്നാൽ ലോകകപ്പോടെ വസീമിന്റെ കരാർ അവസാനിച്ചതായും പുതിയൊരു മുഖ്യ പരിശീലകനെ നിയമിക്കാനും ബോർഡ് തീരുമാനിച്ചെന്നുമാണ് പിസിബിയുടെ വിശദീകരണം.
പുരുഷ ടീമുകളുടെ ചീഫ് സെലക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള മുൻ പാക്കിസ്ഥാൻ താരമായ വസീമിനെ കഴിഞ്ഞ വർഷമാണ് മുഖ്യ പരിശീലകനായി നിയമിച്ചത്. ഇതിനു പിന്നാലെ ഏഷ്യാ കപ്പ് സെമിഫൈനലിൽ പാക്കിസ്ഥാൻ തോറ്റു. ട്വന്റി20 ലോകകപ്പിന്റെ ലീഗ് ഘട്ടത്തിൽ തന്നെ ടീം പുറത്താകുകയും ചെയ്തു.
പുതുതായി വിദേശ കോച്ചിനെ നിയമിക്കാനാണ് പിസിബിയുടെ ആലോചന. ഇതിനു സാധിച്ചില്ലെങ്കിലും പാക്കിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ബിസ്മ മറൂഫിനെ ചുമതലയേൽപ്പിക്കാനും നീക്കമുണ്ടെന്നാണ് റിപ്പോർട്ട്. കോച്ചിനു പിന്നാലെ മറ്റു സപ്പോർട്ട് സ്റ്റാഫുകളെയും ഉടൻ പുറത്താക്കാനാണ് പിസിബിയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്.
English Summary:








English (US) ·