കിരീടം നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് താരങ്ങൾക്ക് സഞ്ജു സാംസണിന്റെ സമ്മാനം, ലേലത്തുക വീതിച്ചു നൽകും!

4 months ago 4

ഓൺലൈൻ ഡെസ്ക്

Published: September 08, 2025 04:21 PM IST

1 minute Read

SANJU
സഞ്ജു സാംസൺ. Photo: KCA

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ കിരീടം നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജു സാംസണിന്റെ സമ്മാനം. കേരള ക്രിക്കറ്റ് ലീഗിൽ ലേലത്തിലൂടെ സഞ്ജുവിന് ലഭിച്ച തുക കൊച്ചി ബ്ലൂ ടൈഗേഴ്സ് താരങ്ങൾക്കു വീതിച്ചുനൽകും. പ്രധാന താരമായ സഞ്ജുവില്ലാതെ കെസിഎൽ സെമി ഫൈനലും ഫൈനലും കളിച്ച കൊച്ചി, കലാശപ്പോരിൽ കൊല്ലം സെയ്‍ലേഴ്സിനെയാണ് കീഴടക്കിയത്. 

ഫൈനലിൽ കൊല്ലം സെയിലേഴ്സിനെതിരെ 75 റൺസ് വിജയമാണ് കൊച്ചി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 16.3 ഓവറിൽ 106 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിൽ റെക്കോർഡ് തുകയ്ക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. ലേലത്തിലൂടെ ലഭിച്ച 26.80 ലക്ഷം രൂപ സഞ്ജു കൊച്ചി താരങ്ങൾക്കു സമ്മാനിക്കും.

കെസിഎലിലെ പ്രാഥമിക ഘട്ടത്തിലെ മത്സരങ്ങളിൽ തകർത്തടിച്ച സഞ്ജു, ഒരു സെഞ്ചറിയും മൂന്ന് അർധ സെഞ്ചറികളുമുൾപ്പടെ 368 റൺസാണ് അഞ്ച് ഇന്നിങ്സുകളിൽനിന്ന് അടിച്ചെടുത്തത്. ഏഷ്യാകപ്പ് തയാറെടുപ്പുകൾക്കു വേണ്ടി ദുബായിലേക്കു പോകേണ്ടതിനാൽ പ്ലേ ഓഫിനു മുൻപ് സഞ്ജു കൊച്ചി ടീം ക്യാംപ് വിട്ടു. സഞ്ജുവിന്റെ അഭാവത്തിൽ മുഹമ്മദ് ഷാനുവായിരുന്നു കൊച്ചിയുടെ വൈസ് ക്യാപ്റ്റൻ. സഞ്ജുവിന്റെ സഹോദരന്‍ സലി സാംസണാണ് 2025 സീസണില്‍ കൊച്ചിയെ നയിച്ചത്.

English Summary:

Sanju Samson's acquisition for Kochi Blue Tigers players aft KCL victory

Read Entire Article