27 April 2025, 12:49 PM IST

ലിവർപൂൾ താരങ്ങൾ മത്സരത്തിനിടെ
ലണ്ടൻ: മുപ്പതുവർഷത്തെ ഇടവേളയ്ക്കുശേഷം 2020-ൽ ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം തിരിച്ചുപിടിച്ചപ്പോൾ ആൻഫീൽഡ് സ്റ്റേഡിയത്തിൽ ആളനക്കമുണ്ടായിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളാണ് ആരാധകരെ അന്ന് അകറ്റിയത്. അഞ്ചുവർഷത്തിനുശേഷം സ്വന്തം തട്ടകത്തിൽ ചുവപ്പുപട കപ്പടിക്കുന്നത് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ.
അഞ്ചുകളികൾ അവശേഷിക്കെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ഒരു പോയിന്റ് മാത്രം അകലത്തിലാണ് ലിവർപൂൾ. ഞായറാഴ്ച ടോട്ടനത്തിനെതിരായ പോരാട്ടത്തിൽ ഒരു സമനിലമാത്രം മതി ടീമിന് ചാമ്പ്യൻപദവിക്ക്. രണ്ടാംസ്ഥാനത്തുള്ള ആഴ്‌സനലിനെക്കാൾ 12 പോയിന്റ് മുന്നിലാണ് ലിവർപൂൾ. മൂന്നാമതുള്ള സിറ്റിയുമായുള്ള വ്യത്യാസം 18 പോയിന്റും. ഞായറാഴ്ച സമനിലയെങ്കിലും നേടിയിൽ അവശേഷിക്കുന്ന നാലുകളിയിൽ തോറ്റാലും മറ്റുടീമുകൾക്ക് ലിവർപൂളിനെ മറികടക്കാനാവില്ല.
സീസണിൽ ഫോമിലെത്താതെ പരുങ്ങുന്ന ടോട്ടനം പട്ടികയിൽ 16-ാം സ്ഥാനത്താണ്. 2011-നുശേഷം ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ ഒരു കളിപോലും സ്പർസ് ജയിച്ചിട്ടില്ല. ഡിസംബറിൽ എവേ പോരാട്ടത്തിൽ ലിവർപൂൾ 6-3ന് ടോട്ടനത്തെ തകർത്തിരുന്നു.
ലീഗ് കപ്പ് സെമിയിൽ രണ്ടുപാദങ്ങളിലായി 4-1 വിജയവും ആൻഫീൽഡ് ടീം സ്വന്തമാക്കി. അതുകൊണ്ടുതന്നെ ഞായറാഴ്ചതന്നെ കിരീടധാരണം സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് ആർനെ സ്ലോട്ടും സംഘവും. മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ 20 ഇംഗ്ലീഷ് ലീഗ് കിരീടമെന്ന റെക്കാഡിനൊപ്പമെത്താനും ഇക്കുറി ലിവർപൂളിന് കഴിയും.പ്രീമിയർ ലീഗിൽ ചുമതലയേറ്റ ആദ്യ സീസണിൽത്തന്നെ ടീമിനെ ചാമ്പ്യന്മാരാക്കിയ ഹോസെ മൗറീന്യൊ, കാർലോ ആഞ്ചലോട്ടി, മാനുവൽ പെല്ലിഗ്രിനി, അന്റോണിയൊ കോണ്ടെ എന്നിവരുടെ നിരയിൽ സ്ഥാനംനേടാനൊരുങ്ങുകയാണ് ആർനെ സ്ലോട്ട്. പ്രീമിയർ ലീഗിൽ കിരീടംനേടുന്ന ആദ്യ ഡച്ച് കോച്ചെന്ന റെക്കോഡും യർഗൻ ക്ലോപ്പിന്റെ പിൻഗാമിയായെത്തിയ സ്ലോട്ടിനെ കാത്തിരിക്കുന്നു.
Content Highlights: When Liverpool volition assistance the Premier League title








English (US) ·