
ഒസുമാനെ ഡെമ്പലെ | X.com/psg
ന്യൂയോർക്ക്: ആറ് വൻകരകളിലെ 32 ടീമുകൾ മത്സരിച്ച ക്ലബ് ഫുട്‌ബോൾ ലോകകപ്പിൽ ഇനി കിരീടപോരാട്ടം. ഞായറാഴ്ച രാത്രി 12.30-ന് ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയും ഇംഗ്ലീഷ് ക്ലബ് ചെൽസിയുമാണ് ഫൈനലിൽ നേർക്കുനേർവരുന്നത്. പിഎസ്ജി കന്നിക്കിരീടമാണ് മോഹിക്കുന്നതെങ്കിൽ ചെൽസി രണ്ടാം കിരീടത്തിലാണ് കണ്ണുവെച്ചിരിക്കുന്നത്.
കിരീടദാഹം തീരാതെ പിഎസ്ജി
ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫോമിലാണ് പിഎസ്ജി. ഫ്രഞ്ച് ഫുട്‌ബോളിലെ മൂന്ന് കിരീടങ്ങൾക്കൊപ്പം ചാമ്പ്യൻസ് ലീഗും നേടിയ ടീം ക്ലബ് ലോകകപ്പിൽ ആദ്യമായി മുത്തമിടാമെന്ന പ്രതീക്ഷയിലാണ്. നിലവിലെ ഫോമിൽ അത് അസാധ്യവുമല്ല. ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ ക്ലബ് ബോട്ടാഫോഗോയോട് മാത്രമാണ് ടീം തോറ്റത്. ഫ്രഞ്ച് ലീഗിലും ചാമ്പ്യൻസ് ലീഗിലും ക്ലബ് ലോകകപ്പിലും അസാധ്യഫോമിലാണ് ടീം.
മികച്ച മുന്നേറ്റനിര, അതിനൊത്ത മധ്യനിരയും പ്രതിരോധവും. തന്ത്രശാലിയായ പരിശീലകൻ ലൂയി എൻറീക്കെ ടീമിനെ അടിമുടി മാറ്റിമറിച്ചിരിക്കുന്നു. താരജാഡകളില്ലാതെ ടീമായി കളിക്കാൻ ഫ്രഞ്ച് ക്ലബ്ബിന് കഴിയുന്നുണ്ട്. നോക്കൗട്ട് ഘട്ടത്തിൽ ആധികാരികജയമാണ് ടീം നേടിയത്. ഒസുമാനെ ഡെംബലെ-ഖ്വിച്ച ക്വാറത്സ്‌ഖേലിയ-ഡിസെയ്ർ ദുവ എന്നിവർ കളിക്കുന്ന മുന്നേറ്റനിര മികച്ചതാണ്. മധ്യനിരയിൽ ഫാബിയൻ റൂസും വിറ്റീന്യയും ജാവോ നെവാസും കരിയറിലെ മികച്ച പ്രകനമാണ് കാഴ്ചവെക്കുന്നത്. വിങ്‌ബാക്കുകളായ അഷ്‌റഫ് ഹക്കീമിയും നൂനോ മെൻഡസും അതിവേഗത്തിൽ ആക്രമണം സംഘടിപ്പിക്കാൻ കഴിവുള്ളവർ. നായകൻ മാർക്വിനോസ് കളിക്കുന്ന സെൻട്രൽ ഡിഫൻസ് ഭദ്രമാണ്. ഗോൾ കീപ്പർ ജിയാൻലൂജി ഡൊണ്ണറുമ്മയെ അത്ര എളുപ്പം മറികടക്കാനുമാകില്ല.
തിരിച്ചുപിടിക്കാൻ ചെൽസി
ചെൽസി മുൻപ് 2021-ലാണ് ക്ലബ് ലോകകപ്പ് നേടിയത്. 2012 ടീം റണ്ണറപ്പായി. കപ്പ് തിരിച്ചുപിടിക്കാനാണ് ഇംഗ്ലീഷ് ക്ലബ് കളത്തിലിറങ്ങുന്നത്. എൻസോ മരെസ്‌ക പരിശീലിപ്പിക്കുന്ന ടീമിന് നോക്കൗട്ട് ഘട്ടത്തിൽ വമ്പൻ എതിരാളികളെ നേരിടേണ്ടിവന്നില്ലെന്ന പോരായ്മയുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ ക്ലബ് ഫ്‌ളമെംഗോയോട് തോറ്റെങ്കിലും പിന്നീട് പ്രകടനം ഘട്ടംഘട്ടമായി മെച്ചപ്പെടുത്തിയാണ് മുന്നേറിയത്. ബ്രസീലിയൻ താരം ജാവോ പെഡ്രോയുടെ മിന്നുന്നഫോമിലാണ് ടീം പ്രതീക്ഷവെക്കുന്നത്. സെമിയിൽ പെഡ്രോയുടെ ഇരട്ടഗോളാണ് ടീമിന് തുണയായത്. പെഡ്രോ നെറ്റോ-ക്രിസ്റ്റഫർ എൻകുങ്കു എന്നിവരാകും മുന്നേറ്റത്തിലെ പങ്കാളികൾ. എൻസോ ഫെർണാണ്ടസ് നേതൃത്വം നൽകുന്ന മധ്യനിര മികച്ചതാണ്. മോയ്‌സെസ് കെയ്‌സാഡോ-കോൾ പാൽമർ എന്നിവരാണ് മധ്യനിരയിലെ മറ്റ് താരങ്ങൾ. പ്രതിരോധത്തിൽ ചെൽസിക്ക് ചില്ലറ പ്രശ്നങ്ങളുണ്ട്.
Content Highlights: fifa nine satellite cupful last psg chelsea








English (US) ·