കിരീടനേട്ടത്തിൽ ജോക്കോയ്ക്ക് അപൂർവ സെഞ്ചറി; ജനീവ ഓപ്പൺ ‌ടെന്നിസ് വിജയത്തോടെ കരിയറിലെ 100–ാം സിംഗിൾസ് കിരീടം

7 months ago 10

ഓൺലൈൻ ഡെസ്‌ക്

Published: May 25 , 2025 11:15 AM IST

1 minute Read

കരിയറിലെ നൂറാം കിരീടം ചൂടിയ നൊവാക് ജോക്കോവിച്ചിന്റെ ആഹ്ലാദം (ഫ്രഞ്ച് ഓപ്പൺ പങ്കുവച്ച ചിത്രം)
കരിയറിലെ നൂറാം കിരീടം ചൂടിയ നൊവാക് ജോക്കോവിച്ചിന്റെ ആഹ്ലാദം (ഫ്രഞ്ച് ഓപ്പൺ പങ്കുവച്ച ചിത്രം)

ജനീവ ∙ കരിയറിലെ 100–ാം കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് നൊവാക് ജോക്കോവിച്ച്. ജനീവ ഓപ്പൺ ‌ടെന്നിസ് ടൂർണമെന്റിന്റെ ഫൈനലിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹർക്കസിനെ (5-7, 7-6, 7-6) തോൽപിച്ചാണ് സെർബിയൻ താരം ജോക്കോവിച്ച് 100–ാം സിംഗിൾസ് കിരീടമെന്ന സ്വപ്നം സഫലമാക്കിയത്. പാരിസിൽ ഇന്ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്‌ലാം ടെന്നിസിൽ മത്സരത്തിനിറങ്ങും മു‍ൻപ് ജോക്കോയുടെ ആത്മവിശ്വാസമുയർത്തുന്നതാണ് ജനീവയിലെ നേട്ടം.

പുരുഷ ടെന്നിസിൽ എടിപി കിരീടങ്ങളിൽ സെഞ്ചറി നേടുന്ന മൂന്നാമത്തെ താരമാണ് മുപ്പത്തെട്ടുകാരനായ ജോക്കോവിച്ച്. ജിമ്മി കോണേഴ്സും (109) റോജർ ഫെ‍ഡററും (103) മാത്രമാണ് ഇനി മുന്നിലുള്ളത്. കഴിഞ്ഞവർഷത്തെ പാരിസ് ഒളിംപിക്സിലെ സ്വർണനേട്ടത്തോടെ 99–ാം സിംഗിൾസ് കിരീടം നേടിയ ജോക്കോയ്ക്ക് 100–ാം കിരീടത്തിനായി 10 മാസത്തോളം കാത്തിരിക്കേണ്ടിവന്നു.

കരിയറിലെ 25–ാം ഗ്രാൻസ്‌ലാം കിരീടമെന്ന ലോക റെക്കോർഡ് ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിൽ മത്സരത്തിനിറങ്ങുന്നത്. 2023ലെ യുഎസ് ഓപ്പണിലൂടെ 24–ാം ഗ്രാൻസ്‍ലാം ട്രോഫി നേടിയ ജോക്കോവിച്ച് പിന്നീട് മോശം ഫോമിലായിരുന്നു. റാങ്കിങ്ങിലും തിരിച്ചടി നേരിട്ട താരം ഇപ്പോൾ ആറാം സ്ഥാനത്താണ്.

English Summary:

Novak Djokovic wins 100th ATP Tour title

Read Entire Article