05 May 2025, 09:53 AM IST

Photo | AFP
ബെര്‍ലിന്‍: 2025-26 വര്‍ഷത്തെ ബുണ്ടസ് ലിഗ കിരീടം സ്വന്തമാക്കി ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക്. ക്ലബ്ബിന്റെ 34-ാമത് ജര്‍മന്‍ ലീഗ് കിരീടമാണിത്. കിരീടപ്പോരാട്ടത്തില്‍ ശക്തമായ എതിരാളിയായിരുന്ന ബയേര്‍ ലെവര്‍കൂസനെ മറികടന്നാണ് ബയേണ്‍ കിരീടമുറപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലെവര്‍കൂസന്‍ ഫ്രീബര്‍ഗിനോട് 2-2 സമനിലയില്‍ പിരിഞ്ഞത് ബയേണിന് തുണയാവുകയായിരുന്നു. രണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ ബയേണിന് എട്ട് പോയിന്റിന്റെ ലീഡ് ലഭിച്ചു.
ബയേണ്‍ കഴിഞ്ഞദിവസം ലെയ്ഗ്പ്‌സിഗിനോട് 3-3 എന്ന നിലയില്‍ സമനില പാലിച്ചിരുന്നു. ഇതോടെ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ലെവര്‍കൂസന് ഫ്രീബര്‍ഗിനോട് വിജയം അനിവാര്യമായി. എന്നാല്‍, നിര്‍ണായകമായ മൂന്ന് പോയിന്റ് നേടാന്‍ ലെവര്‍കൂസന് സാധിച്ചില്ല. ഇരുടീമുകളും 32 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ബയേണ്‍ മ്യൂണിക്കിന് 76 പോയിന്റും ലെവര്‍കൂസന് 68 പോയിന്റുമാണുള്ളത്. ഇതുവരെ നടന്ന 62 ബുണ്ടസ് ലിഗ കിരീടങ്ങളില്‍ 33 എണ്ണവും ബയേണ്‍ ആണ് സ്വന്തമാക്കിയത്.
അതേസമയം, ബയേണിന്റെ ഇംഗ്ലിഷ് സ്‌ട്രൈക്കര്‍ ഹാരി കെയിന് ഇത് വളരെ പ്രത്യേകമായ നിമിഷമാണ്. 31-കാരനായ താരത്തിന്റെ കരിയറിലെ ആദ്യ പ്രധാന കിരീടമാണിത്. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതും ഹാരി കെയിന്‍ തന്നെ. 24 ഗോളുകള്‍ നേടി താരം കിരീടനേട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ഇംഗ്ലണ്ട് ദേശീയ ടീമിലും ടോട്ടന്‍ഹമിലും ബയേണിലും കളിച്ച കെയിന്‍ ഇതുവരെ ഒരു കിരീടവും നേടിയിരുന്നില്ല. പല ടൂര്‍ണമെന്റിലും ഫൈനലിലെത്തിയെങ്കിലും വിജയം നേടാനായിരുന്നില്ല.
ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റതാരങ്ങളില്‍ ഒരാളായി ഗണിക്കപ്പെടുന്ന ഹാരി കെയിന്, ഒരു കിരീടമില്ല എന്ന പോരായ്മയാണ് ഇതോടെ നികന്നത്. 2023-ല്‍ റെക്കോഡ് തുകയ്ക്ക് ബയേണിലെത്തിയതായിരുന്നു ഹാരി കെയിന്‍. ആ വര്‍ഷം ബയേണിന് ഒരു കിരീടവും നേടാനായില്ല. 2012-ന് ശേഷം ബയേണിന് ആദ്യമായി കിരീടമില്ലാതായ വര്‍ഷംകൂടിയായിരുന്നു അത്.
Content Highlights: bayern munich wins bundesliga title








English (US) ·