
ഷാജി എൻ. കരുൺ | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
കീമോതെറാപ്പി കഴിഞ്ഞ് വീട്ടിലേയ്ക്കുപോകാതെ, ആശുപത്രിയിൽനിന്ന് വഴുതക്കാടുള്ള ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഓഫീസിലേയ്ക്ക് കയറിവരുന്ന ഷാജി എൻ. കരുണിനെക്കണ്ട് പലരും ഞെട്ടിയിട്ടുണ്ട്. കീമോയിൽ മുടിയാകെ കൊഴിഞ്ഞപ്പോൾ, ഡയറക്ടേഴ്സ് ക്യാപ് തലയിൽ വെച്ചാലോയെന്ന സ്നേഹിതരുടെ നിർബന്ധത്തിന് 'തോറ്റുതൊപ്പിയിട്ടുവല്ലേ'യെന്ന മറുചോദ്യമിട്ടു ചിരിച്ച ഷാജിയാണ് മലയാള സിനിമയ്ക്കൊരു സമഗ്രനയം വേണമെന്ന് ഇക്കാലമത്രയും ശാഠ്യം പിടിച്ചതും അതിനായി അധ്വാനിച്ചതും.
സിനിമാനയം അന്തിമമാക്കാതെ, മനസിൽരൂപപ്പെടുത്തിയ ഫ്രഞ്ച് സഹനിർമാണത്തിലുള്ള സിനിമ യാഥാർഥ്യമാക്കാതെ ഷാജി എൻ.കരുൺ മടങ്ങി. പൊതുവേ മെല്ലിച്ച ശരീരത്തെ ഒന്നുകൂടി ശോഷിപ്പിച്ച്, തന്നെ കീഴടക്കിയ അർബുദത്തെ ഇങ്ങനെ നിസാരമായി കാണുന്നതെങ്ങനെയെന്ന അത്ഭുതപ്പെട്ടവരോട് ഷാജിയുടെ മറുപടിയിതായിരുന്നു-'രോഗത്തേയും സുഖത്തേയും എങ്ങനെ സ്വീകരിക്കുന്നു എന്നതിലാണ് കാര്യം.'
മലയാളസിനിമയുടെ സമഗ്രമാറ്റത്തിന് നയമുണ്ടാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത് ചലച്ചിത്ര അക്കാദമിയുടെ സ്ഥാപക ചെയർമാനും ഇപ്പോൾ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായിരുന്ന ഷാജിയാണ്. നയമുണ്ടാക്കാനുള്ള സമിതിയുടെ തലപ്പത്തേയ്ക്ക് ഷാജിയല്ലാതെ മറ്റൊരാളെ സർക്കാർ കണ്ടതുമില്ല. കമ്മിറ്റിയംഗങ്ങളിൽ ചിലരൊക്കെ പിന്മാറിയെങ്കിലും ഉള്ളവരൊക്കെ മതിയെന്നു അദ്ദേഹം ഉറപ്പിച്ചു. 17 സംസ്ഥാനങ്ങളിലെ നയം പരിശോധിച്ചും സിനിമയിലെ സംഘടനകളുമായി ചർച്ച നടത്തിയും നയത്തിന് രൂപരേഖയുണ്ടാക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം സമീപമാസങ്ങളിലെല്ലാം. അന്തിമരൂപത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്ന നയം കൊച്ചിയിൽ നടക്കുന്ന സിനിമാകോൺക്ലേവിൽ ചർച്ച ചെയ്ത് സർക്കാരിന് സമർപ്പിക്കാനാണ് അദ്ദേഹം അധ്വാനിച്ചതുമുഴുവൻ.
500 മുതൽ 1000 കോടിരൂപവരെ വർഷംതോറും മുതൽമുടക്കുള്ള മലയാള സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതിലടക്കം സർക്കാർ ഇടപെടൽ കുറവാണെന്ന നിർമാതാക്കളുടെ പരാതി തീർക്കണമെന്ന് ഷാജി പറയുമായിരുന്നു. സിനിമാനയത്തിൽ എല്ലാം പരിഹരിക്കാമെന്ന് സ്വപ്നവും കണ്ടു. പതിഞ്ഞ ശബ്ദത്തിൽ അതേപ്പെറ്റി പറയുമ്പോൾ ഓരോ വാചകത്തിനുശേഷവും 'കേട്ടോ' എന്ന് അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നു. സംസാരിക്കുമ്പോഴും പ്രസംഗിക്കുമ്പോഴും കേട്ടോ എന്ന വാക്ക് എത്രയോതവണ കേട്ടിരിക്കുന്നു.
1998-ൽ കേരള ചലച്ചിത്ര അക്കാദമി സ്ഥാപിച്ചതുമുതൽ, അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നടത്തിപ്പ് ഏറ്റെടുത്തും ജനകീയവത്കരിച്ചും മുന്നേറുന്നതിനിടെ അടുത്തൊരു സിനിമയെടുക്കുന്നതുപോലും അദ്ദേഹം ഇടയ്ക്ക് മറന്നുപോയി. സമീപകാലത്താണ് ഫ്രഞ്ച് കോ പ്രൊഡക്ഷന്റെ സിനിമയുടെ തയ്യാറെടുപ്പിലേയ്ക്ക് അദ്ദേഹം നീങ്ങിയത്. മറ്റൊരുസിനിമയ്ക്ക് ,മുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന എസ്. ജയചന്ദ്രൻനായരുടെ നിർദ്ദേശങ്ങളും അദ്ദേഹം മനസിൽവെച്ചിരുന്നു.
ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ച ഷാജി ചലച്ചിത്രമേളയുടെ മുഖംതന്നെ മാറ്റി. ആഫ്രോ ഏഷ്യൻ ലാറ്റിൻ അമേരിക്കൻ സിനിമകളിൽ ഫോക്കസ് നൽകി. ലോകോത്തര ചലച്ചിത്രമേളകളിൽനിന്ന് എല്ലാവർഷവും പടമുണ്ടോയെന്നു ചോദിച്ച് മുടങ്ങാതെ അദ്ദേഹത്തിന് അന്വേഷണം വരാറുണ്ടായിരുന്നു. അടുത്ത ചലച്ചിത്രമേള എങ്ങനെയായിരിക്കണമെന്നാണ് കുറച്ചുനാൾ മുമ്പും അദ്ദേഹം സംസാരിച്ചതെന്ന് അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ ഓർക്കുന്നു. അന്താരാഷ്ട്ര ക്യൂറേറ്ററായ ഗോൾഡാ സെല്ലത്തെ ചലച്ചിത്രമേളയിൽ എത്തിച്ച് മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര വിപണിയൊരുക്കാനും മികച്ച സിനിമകൾ മേളയിൽ എത്തിക്കാനുമൊക്കെ അദ്ദേഹം നിശബ്ദമായി പ്രവർത്തിച്ചു. നിശബ്ദതയ്ക്കാണ് ശബ്ദത്തേക്കാൾ സൗന്ദര്യമെന്നാണ് ഷാജിയും വിശ്വസിച്ചത്. അക്കാദമിയുടെ ഇന്നത്തെ ടൂറിസം ടാക്കീസിന്റെ ആദ്യരൂപം ഷാജിയുടെ ആശയമായിരുന്നു.
അമ്പതിലേയ്ക്കെത്തുന്ന കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ കീഴിലുള്ള, ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണമായിരുന്നു ഷാജിയുടെ മറ്റൊരു സ്വപ്നം. തിരുവല്ലത്തെ ചിത്രാഞ്ജലിയെ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയുടെ മിനിപതിപ്പാക്കാൻ അത്യാധുനിക സാങ്കേതിക വിദ്യയും ഉപകരണങ്ങളും എത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ചിത്രാഞ്ജലിയിൽഎത്തുന്നവർക്ക് അവിടെത്തന്നെ സിനിമ പൂർണമാക്കണം-അതായിരുന്നു ലക്ഷ്യം. പക്ഷേ പലപ്പോഴും ഭരണകൂടത്തിന് വേഗക്കുറവാണല്ലോയെന്ന പരിഭവം അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയം തുറന്നുപറയാൻ സാംസ്‌കാരിക പ്രവർത്തകരിൽ ചിലരെങ്കിലും മടിക്കുന്നകാലത്ത് രാഷ്ട്രീയത്തിന്റെ ഭാഗമാകാനും പുകസയുടെ സംസ്ഥാന പ്രസിഡന്റാകാനും അദ്ദേഹം സജ്ജനായി. ഇങ്ങനെ എവിടെയും സംഘാടകന്റെ റോളിൽ നിൽക്കാൻ ഈ സിനിമാക്കാരനായി.
ഷാജി എൻ. കരുൺ സിനിമയിലെത്തിയിട്ട് അരനൂറ്റാണ്ടായി. സംവിധായകനായത് ക്യാമറക്കാരനായി 15 വർഷത്തിനുശേഷവും. ജെ.സി. ഡാനിയേൽ പുരസ്‌കാരം ഷാജിയ്ക്ക് നൽകിയതറിഞ്ഞപ്പോൾ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അക്കദമി ഭാരവാഹികളോട് പറഞ്ഞതിങ്ങനെ-'ഷാജിയ്ക്കിത് നേരത്തേ കിട്ടേണ്ടതായിരുന്നു.'
സംഘാടകന്റെ റോളിൽ സമയമേറെപ്പോയതോടെ ഷാജിയിൽനിന്ന് പുതിയ സിനിമയില്ലാതായി. അരവിന്ദൻ-ഷാജി കൂട്ടുകെട്ട് പ്രസിദ്ധമായിരുന്നു. പണ്ട് രാത്രി വൈകുവോളം നീളുന്ന അരവിന്ദൻ സംഘത്തിന്റെ കൂട്ടായ്മയിൽ ഷാജിയുമെത്തിയിരുന്നു. കുറേക്കഴിയുമ്പോൾ അരവിന്ദൻ പറയും-'ഷാജി പോയി ഉറങ്ങിക്കോളൂ.' കാരണം ഷാജി അവിടെ ഉറക്കമിളച്ച് ഇരുന്നിട്ടൊരുകാര്യമില്ല. ഷാജി മടങ്ങിയാലും കൂട്ടായ്മ തുടരുമായിരുന്നു. ഇത്തരം കൂട്ടായ്മകളിലോ ലോകസിനിമയുടെ വേദികളിലോ മാത്രമല്ല എവിടെയും ഷാജിയ്ക്ക് ഇടം കിട്ടിയിരുന്നു. അടുത്തിടെയാണ് ശ്രീലങ്കയിൽ അദ്ദേഹത്തെ ആദരിച്ചത്.
Content Highlights: Remembering Shaji N. Karun, filmmaker and erstwhile president of Kerala Film Development Corporation
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·