Published: December 12, 2025 04:33 PM IST
1 minute Read
ന്യൂഡൽഹി∙ വിരമിക്കൽ പിന്‍വലിച്ച് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് ഗുസ്തിയിലേക്കു തിരിച്ചുവരുന്നു. പാരിസ് ഒളിംപിക്സിനിടെ ശരീരഭാരം കൂടിയതായി കണ്ടെത്തി അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെയാണ് കരിയർ അവസാനിപ്പിക്കുന്നതായി വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്. ലൊസാഞ്ചലസ് ഒളിംപിക്സിനായി തയാറെടുക്കുമെന്നു സമൂഹമാധ്യമത്തിലെ നീണ്ട കുറിപ്പിൽ വിനേഷ് ഫോഗട്ട് വ്യക്തമാക്കി. കോൺഗ്രസ് ടിക്കറ്റിൽ ഹരിയാന നിയമസഭയിലേക്കു മത്സരിച്ച വിനേഷ്, ജുലാന മണ്ഡലത്തിൽനിന്ന് 6,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
‘‘പാരിസ് അവസാനമാണോയെന്ന് ആളുകൾ എന്നോടു ചോദിച്ചുകൊണ്ടിരിക്കുകയാണ്. കുറേക്കാലം എനിക്ക് ഉത്തരമില്ലായിരുന്നു. മാറ്റിൽനിന്ന് എനിക്ക് അകന്നു നിൽക്കണമായിരുന്നു. സമ്മർദം, പ്രതീക്ഷകൾ, എന്റെ സ്വന്തം ആഗ്രഹങ്ങൾ എല്ലാം മാറ്റിവയ്ക്കണമായിരുന്നു. ഞാനിപ്പോഴും ഗുസ്തിയെ സ്നേഹിക്കുന്നുണ്ടെന്ന സത്യം ഒടുവിൽ കണ്ടെത്തി. ഇപ്പോഴും എനിക്കു മത്സരിക്കണമെന്നുണ്ട്.’’– വിനേഷ് ഫോഗട്ട് ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു.
‘‘ ഈ നിശബ്ദതയിൽ എന്നിലെ തീ അണഞ്ഞുപോയിട്ടില്ലെന്നു ഞാൻ കണ്ടെത്തി. ഈ തളർച്ചയ്ക്കും കോലാഹലങ്ങൾക്കും ഇടയിൽ അതു മൂടപ്പെട്ടുപോകുക മാത്രമാണു സംഭവിച്ചത്. ഞാൻ എത്ര ദൂരേക്കു പോയാലും എന്റെ ഒരു ഭാഗം ഇപ്പോഴും ഗുസ്തി മാറ്റിൽ തന്നെയുണ്ട്. കീഴടങ്ങാനാകാത്ത മനസ്സുമായി ഞാൻ ലൊസാഞ്ചലസ് ഒളിംപിക്സിനു വേണ്ടി തയാറെടുക്കുകയാണ്. ഈ സമയത്ത് എന്റെ യാത്ര ഒറ്റയ്ക്കല്ല. വലിയ പ്രചോദനമായി എനിക്കൊപ്പം മകനുമുണ്ട്.’’– വിനേഷ് വ്യക്തമാക്കി.
വിനേഷിനും ഭർത്താവ് സോംവീർ രാതിക്കും ഈ വർഷം ജൂലൈയിൽ ആൺകുഞ്ഞ് പിറന്നിരുന്നു. പാരിസ് ഒളിംപിക്സിൽ ഫൈനൽ മത്സരത്തിനു തൊട്ടുമുൻപാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. 100 ഗ്രാം ശരീര ഭാരം കൂടിയതായി കണ്ടെത്തിയതിനെ തുടർന്നാണു താരത്തിനെതിരായ നടപടി. അയോഗ്യയായതോടെ വിനേഷിന് മെഡലും ലഭിച്ചില്ല. 2021 ലെ ടോക്കിയോ ഒളിംപിക്സിൽ വിനേഷ് ഫോഗട്ട് ക്വാർട്ടർ ഫൈനലിൽ തോറ്റുപുറത്തായിരുന്നു.
English Summary:








English (US) ·