Published: January 18, 2026 04:50 PM IST
1 minute Read
ഇൻഡോർ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിന മത്സരത്തിനുവേണ്ടി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ എത്തിയത് പ്രത്യേക വാട്ടർ പ്യൂരിഫയറുമായി. മധ്യപ്രദേശിലെ ഇൻഡോറിലാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്. മുൻകരുതലിന്റെ ഭാഗമായി മൂന്നു ലക്ഷം രൂപ വിലയുള്ള വാട്ടർ പ്യൂരിഫയറുമായാണ് ഗിൽ ഹോട്ടലിലെത്തിയതെന്നാണു വിവരം. താരങ്ങള്‍ക്കു ശുദ്ധജലമുറപ്പാക്കാൻ ഹോട്ടലിൽ പ്രത്യേക സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അതിനു പുറമേയാണ് ഗില്ലിന്റെ നീക്കം.
ഇൻഡോറിലെ മലിന ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലെ ആശങ്കകൾ കാരണമാണോ ഗിൽ മുൻകരുതൽ എടുത്തതെന്നു വ്യക്തമല്ല. ഇക്കാര്യത്തിൽ ഇന്ത്യൻ ടീമിന്റെ മീഡിയ മാനേജരും ഔദ്യോഗികമായി പ്രതികരിക്കാൻ തയാറായിട്ടില്ല. ഇൻഡോറിലെ ഭഗീരഥ്പുരയിലെ കുടിവെള്ളം മലിനമായതിനെ തുടർന്ന് 15 പേരാണ് ഇതുവരെ മരിച്ചത്. ആയിരത്തിലേറെപ്പേരുടെ ആരോഗ്യനില വഷളായതോടെ സംഭവം ദേശീയ തലത്തിൽ തന്നെ ചർച്ചയായിരുന്നു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതിയിൽനിൽക്കെ, കുടിവെള്ളത്തില്‍ മാലിന്യം കലർന്നത് ഇൻഡോറിന് നാണക്കേടായി.
ജലവിതരണത്തിനുള്ള പൈപ്പുകളിൽ ശുചിമുറി മാലിന്യം കലർന്നതാണു പ്രശ്നമെന്നു നേരത്തേ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഏകദിന മത്സരം കളിക്കാൻ ഇന്ത്യൻ ടീം നഗരത്തിലെത്തുന്നത്. ആഡംബര ഹോട്ടലിലാണു താമസമെങ്കിലും കുടിവെള്ളത്തിന്റെ കാര്യത്തിൽ താരങ്ങളെല്ലാം പ്രത്യേക ജാഗ്രതയിലാണ്. ഇന്‍ഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് ഇന്ത്യ–ന്യൂസീലൻഡ് മൂന്നാം ഏകദിനം നടക്കുന്നത്.
English Summary:








English (US) ·