
സാന്ദ്രാ തോമസ് | സ്ക്രീൻഗ്രാബ്
തനിക്കെതിരെവന്ന വധഭീഷണിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് നിർമാതാവ് സാന്ദ്രാ തോമസ്. കുടുംബത്തോടെ വെട്ടി കാനയിലിടും എന്നാണ് പറഞ്ഞതെന്നും ഇങ്ങനെയൊക്കെ പറയുന്നത് ഭയങ്കര മോശം കാര്യമാണെന്നും അവർ മാതൃഭൂമി ന്യൂസ് ചർച്ചയിൽ പറഞ്ഞു. യൂണിയൻ ജനറൽ സെക്രട്ടറിക്ക് ഇതെല്ലാം അറിയാം. അദ്ദേഹത്തിനുകീഴിൽ ഒരു ഗുണ്ടാ സംഘം പ്രവർത്തിക്കുന്നുണ്ട്. പരാതിയുമായി ഈ മേഖലയിലെ ഒരു സ്ത്രീയും മുന്നോട്ടുവരരുത്. കാരണം അങ്ങനെ മുന്നോട്ടുവന്ന തനിക്ക് നേരിടേണ്ടിവന്നത് വളരെ മോശം അനുഭവങ്ങളാണെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കി.
"ഭീഷണി നേരിട്ടവരും ഉപദ്രവിക്കപ്പെട്ടവരുമായി ഒരുപാട് സ്ത്രീകൾ ഈ മേഖലയിലുണ്ട്. അതുകൊണ്ടൊക്കെയാണ് ഒരു സ്ത്രീകളും മുന്നോട്ടുവരാത്തത്. ഞാനും പറയുന്നത് മുന്നോട്ട് വരരുതെന്നാണ്. കാരണം വന്ന എന്റെ അനുഭവം വളരെ മോശമാണ്. പോലീസിന്റെ ഭാഗത്തുനിന്നുപോലും പിന്തുണ കിട്ടുന്നില്ല. ഞാൻ തുടർച്ചയായി മീഡിയയിൽ വന്ന് സംസാരിക്കുന്നതുകൊണ്ടുമാത്രമാണ് ഫെഫ്ക ഒരു നടപടിയെടുത്തത്. ഫെഫ്കയുടെ കപടമുഖമാണ് പുറത്തുകാണിച്ചിരിക്കുന്നത്. സ്വന്തം മുഖം രക്ഷിക്കാൻവേണ്ടി മാത്രമാണ് രണ്ടുപേരെ സസ്പെൻഡ് ചെയ്തത്.
കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം വേണമെന്ന് ഒരഭിമുഖത്തിൽ ഞാൻ പറഞ്ഞിരുന്നു. ടെക്നോളജി മാറുന്നതിനനുസരിച്ച് പല തസ്തികകളിലും മാറ്റം വരേണ്ടതുണ്ട്. പ്രൊഡക്ഷൻ കൺട്രോളിങ് എന്നതിലുപരി ആർട്ടിസ്റ്റ് മാനേജ്മെന്റാണ് ഇപ്പോൾ നടക്കുന്നതെന്നത് വാസ്തവമാണ്. ഞാൻ നിർമിച്ച അവസാന സിനിമ മൂന്നരക്കോടിയിൽ പ്ലാൻചെയ്ത സിനിമ തീർന്നപ്പോൾ ഏഴുകോടിയിലാണ് വന്നവസാനിച്ചത്. സിനിമ കണ്ടാൽ ഇതിലെവിടെയാണ് ഏഴരക്കോടി ചെലവായതെന്ന് അതിശയിച്ചുപോകും. ഈ പൈസയൊക്കെ എങ്ങോട്ടാണ് പോകുന്നതെന്ന് നിർമാതാവെന്ന നിലയിൽ ചിന്തിച്ചിട്ടുണ്ട്.
പ്രൊഡക്ഷൻ കൺട്രോളർമാരിൽ നല്ല ആളുകളുമുണ്ട്. എനിക്ക് കൂടുതലും മോശം അനുഭവങ്ങളാണുണ്ടായിട്ടുള്ളത്. പ്രൊഡക്ഷൻ കൺട്രോളർമാരെന്ന തസ്തിക മാറ്റേണ്ടതാണെന്ന രീതിയിലുള്ള ചർച്ചകൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നടക്കാറുണ്ട്. ഓഡിയോ സന്ദേശം വരുന്നതിനുമുൻപ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. ഞാനദ്ദേഹത്തെ ബ്ലോക്ക് ചെയ്തതിനുശേഷമാണ് ഭീഷണി സന്ദേശം വാട്ട്സാപ്പ് ഗ്രൂപ്പിലേക്കിടുന്നത്. അതിനുശേഷം ഗ്രൂപ്പംഗങ്ങളായ പല കൺട്രോളർമാരും ഈ സന്ദേശം എനിക്കയച്ചുതന്നു. തമാശയായി ആദ്യം വിട്ടുകളഞ്ഞു. എതിരഭിപ്രായങ്ങളുണ്ടാവാം. പക്ഷേ ഇതുപോലെ കൊല്ലും തിന്നും കുടുംബത്തോടെ വെട്ടി കാനയിലിടും എന്നൊക്കെ പറയുന്നത് ഭയങ്കര മോശമായിട്ടുള്ള കാര്യമാണ്.
എന്നേയും അച്ഛനേയുംകുറിച്ച് വളരെ മോശമായി സംസാരിച്ചു. എന്റെ അച്ഛൻ ഡ്രൈവറായിരുന്നെന്നും ഇവരുടെ കയ്യിൽനിന്ന് അഞ്ഞൂറ് രൂപ വാങ്ങിയിട്ടുണ്ടെന്നും ആ പൈസയ്ക്കാണ് ഞാൻ വളർന്നതെന്നുമുള്ള കള്ളത്തരങ്ങൾ പറഞ്ഞു. അത് ഇത്രയും ഒഫീഷ്യലായ ഗ്രൂപ്പിലാണിട്ടത്. താൻ കൊടുത്ത കേസിനേക്കുറിച്ചറിയാൻ അന്വേഷണസംഘത്തെ വിളിച്ചപ്പോൾ കിട്ടിയില്ല. കിട്ടിയപ്പോൾ അവർ പറഞ്ഞത് തിരക്കായിരുന്നു എന്നാണ്. ഇതിനിടയിൽ എനിക്കെന്തെങ്കിലും സംഭവിച്ചാൽ ആര് സമാധാനം പറഞ്ഞേനേ?
സംഘടനയുടെ ജനറൽ സെക്രട്ടറി എന്നുപറയുന്നത് വളരെയധികം സ്വാധീനമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഇടപെടൽകൊണ്ടുതന്നെയാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്കിന് കാരണമായത്. ജനറൽ സെക്രട്ടറി ഇതിനെക്കുറിച്ചെല്ലാം അറിയുന്നയാളാണ്. കാരണം ഫെഫ്കയാണല്ലോ മാനനഷ്ടത്തിന് കേസുകൊടുത്തിരിക്കുന്നത്. അഞ്ചുലക്ഷം കോടതിയിൽ കെട്ടിവയ്ക്കാതെ അമ്പതുലക്ഷത്തിന് കേസ് കൊടുക്കാൻ പറ്റില്ലല്ലോ. ഇത് അദ്ദേഹത്തിനുകീഴിൽ നടക്കുന്ന ഗുണ്ടാ സംഘമാണ്. അത് ഇത്രയും നാൾ ആളുകൾ അറിഞ്ഞില്ലെന്നേയുള്ളൂ. എന്തുകൊണ്ട് ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നശേഷം ഒരു സ്ത്രീകളും പരാതിയുമായി മുന്നോട്ടുപോയില്ല. അതിന്റെ കാരണം ഇതാണ്." സാന്ദ്രാ തോമസ് പറഞ്ഞവസാനിപ്പിച്ചു.
Content Highlights: Sandra Thomas reveals decease threats and accuses FEFKA wide caput of inaction
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·