Published: May 19 , 2025 09:30 AM IST
1 minute Read
-
വിരാട് കോലിയെ ടീമിലെത്തിക്കാൻ മിഡിൽസെക്സ്
ലണ്ടൻ ∙ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ച ഇന്ത്യൻ താരം വിരാട് കോലിയെ ടീമിലെത്തിക്കാൻ ഇംഗ്ലിഷ് കൗണ്ടി ക്ലബ്ബായ മിഡിൽസെക്സ്. ഐപിഎൽ സീസൺ അവസാനിച്ചതിനു ശേഷം കോലിയുമായി ചർച്ച നടത്താനാണ് ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് ആസ്ഥാനമായുള്ള ക്ലബ്ബിന്റെ ശ്രമം. കുടുംബത്തോടൊപ്പം ലണ്ടനിൽ സ്ഥിരതാമസമാക്കാനുള്ള കോലിയുടെ തീരുമാനവും മിഡിൽസെക്സിന് പ്രചോദനമാണ്.
ക്ലബ്ബുമായി ധാരണയായാൽ കൗണ്ടി ക്രിക്കറ്റിലും മെട്രോ ബാങ്ക് വൺഡേ കപ്പിലും കോലിക്കു മത്സരിക്കാനാകും. എന്നാൽ ബിസിസിഐയുമായി ഇപ്പോഴും കരാറിലുള്ളതിനാൽ ഫ്രാഞ്ചൈസി ടൂർണമെന്റുകളായ ട്വന്റി20 ബ്ലാസ്റ്റിലും ദ് ഹൺഡ്രഡിലും കളിക്കാനാവില്ല. കോലി മിഡിൽസെക്സിൽ എത്തിയാൽ ന്യൂസീലൻഡ് താരം കെയ്ൻ വില്യംസനുമൊത്തുള്ള കൂട്ടുകെട്ടും ആരാധകർക്കു കാണാം.
വില്യംസനെ മിഡിൽസെക്സ് നേരത്തേ ടീമിലെത്തിച്ചിരുന്നു. മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് മിഡിൽസെക്സിനു വേണ്ടി 2019ൽ ട്വന്റി20 ബ്ലാസ്റ്റ് കളിച്ചിട്ടുണ്ട്. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ച കോലി ഇനി ഏകദിന മത്സരങ്ങളിൽ മാത്രമാകും ഇന്ത്യയ്ക്കു വേണ്ടി കളിക്കുക. ഐപിഎലിൽ വരുന്ന സീസണുകളിലും കോലി ഉണ്ടാകും.
English Summary:








English (US) ·