കുട്ടികളുണ്ടാവുന്നില്ല എന്ന സങ്കടം ആമീര്‍ ഖാനോട് പറഞ്ഞു, പിന്നെ സംഭവിച്ചത്? ആ ബന്ധത്തെ കുറിച്ച് വിഷ്ണു വിശാല്‍

4 weeks ago 5
തമിഴ് നടന്‍ വിഷ്ണു വിശാലിന്റെയും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെയും മകള്‍ക്ക് മിറ എന്ന പേര് നല്‍കിയത് ആമിര്‍ ഖാന്‍ ആണ്. ഒപ്പം നിന്ന് ഫോട്ടോ എടുക്കണം എന്ന് ആഗ്രഹിച്ചിരുന്ന ആ വലിയ നടന്‍ തന്റെ മകള്‍ക്കേ പേരിടുന്നത് വരെ, അത്രയും വലിയ അടുപ്പം വന്നത് എങ്ങനെയാണ് എന്ന് വിഷ്ണു വിശാല്‍ പറയുന്നു. എസ് എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍

റെഡ് ജെയിനില്‍ ഒരു ഫങ്ഷന്‍ നടന്നപ്പോള്‍ എഫ്‌ഐര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് എനിക്ക് ഒരു അവാര്‍ഡ് ലഭിച്ചിരുന്നു. ആ ഫങ്ഷന് ആമിര്‍ സാറും ഉണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുക്കണം എന്ന ആഗ്രഹമുണ്ട്, പക്ഷേ എങ്ങനെ പോയി സംസാരിക്കും എന്നറിയില്ല. അപ്പോള്‍ ഭാര്യ ജ്വാലയും എനിക്കൊപ്പമുണ്ട്. ഞാന്‍ ബാറ്റ്മിന്റണ്‍ ജയിച്ചപ്പോള്‍ അദ്ദേഹം എന്നെ വിളിച്ച് പ്രശംസിച്ചിരുന്നു, അദ്ദേഹത്തിന് എന്നെ അറിയാം, പക്ഷേ അത് കഴിഞ്ഞിട്ടിപ്പോള്‍ പത്ത് വര്‍ഷമായി- എന്നൊക്കെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് അദ്ദേഹം തിരിഞ്ഞു നോക്കി. ജ്വാലയും അദ്ദേഹത്തെ നോക്കി ഒന്ന് ചിരിച്ചു. ജ്വാലയല്ലേ എന്ന് ചോദിച്ച്, അദ്ദേഹം പെട്ടന്ന് ഞങ്ങളിരിക്കുന്ന അടുത്തേക്ക് വന്നു.

Also Read: കുറച്ച് സമാധാനവും വിശ്രമവും വേണം; സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് എന്ന് കയദുവും

നീ എങ്ങനെ സിനിമ പരിപാടിയില്‍ എത്തി എന്ന് ചോദിച്ച് അദ്ദേഹം സംസാരിച്ചു തുടങ്ങി, എന്റെ ഭര്‍ത്താവാണ് എന്ന് പറഞ്ഞ് ജ്വാല എന്നെ പരിചയപ്പെടുത്തി. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഞാന്‍ ഗട്ട ഗുസ്തി എന്ന ചിത്രത്തെ കുറിച്ച് സംസാരിച്ചു. ദംഗല്‍ എന്ന സിനിമയില്‍ നിന്ന് ഇന്‍സ്‌പെയര്‍ ആയിട്ടാണ് ഈ സിനിമ ചെയ്യുന്നത് എന്നൊക്കെ പറഞ്ഞപ്പോള്‍, ഹോ നീ മുംബൈയിലേക്ക് വരുമ്പോള്‍ കഥ എന്നോട് പറയൂ എന്ന് പറഞ്ഞ് നമ്പറൊക്കെ തന്നിട്ട് പോയി. അതിന് ശേഷം ഗട്ട ഗുസ്തിയുടെ ട്രെയിലറും ടീസറുമൊക്കെ അദ്ദേഹത്തിന് അയച്ചിരുന്നു, നന്നായിട്ടുണ്ട് എന്ന് മറുപടിയും വരും. അവരുടെ പ്രൊഡക്ഷന്റെ പേജില്‍ ട്രെയിലര്‍ ഷെയര്‍ ചെയ്യുകയൊക്കെ ചെയ്തിരുന്നു.

മുംബൈയില്‍ എത്തിയപ്പോള്‍ ജ്വാല പറഞ്ഞു, പോയി സംസാരിക്കൂ എന്ന്. ആദ്യം മടിച്ചുവെങ്കിലും ഞാന്‍ പോയി കണ്ടു, ഗട്ട ഗുസ്തിയെ കുറിച്ച് ചോദിച്ചു, അദ്ദേഹത്തിന് അത് വളരെ ഇഷ്ടപ്പെട്ടു. അതിന് ശേഷം എന്റെ അടുത്ത സിനിമയെ കുറിച്ചും അദ്ദേഹം ചോദിച്ചു, അതുമായി ബന്ധപ്പെട്ട് ഒരുപാട് സംസാരിച്ചു. ആ ബന്ധം കൂടുതല്‍ അടുത്തു. മണിക്കൂറുകളോളം ഞങ്ങള്‍ സംസാരിച്ചു. അദ്ദേഹവുമായി അടുത്ത് നില്‍ക്കുന്നവരുമായും എനിക്ക് അടുപ്പമുണ്ടായി.


അതിന് ശേഷം ആമിര്‍ ഖാന്‍ സാറിന്റെ അമ്മയ്ക്ക് ഒരു ട്രീറ്റ്‌മെന്റിന്റെ ആവശ്യത്തിന് മൂന്ന് മാസത്തേക്ക് ചെന്നൈയിലേക്ക് വരണം, അതിന് ലോക്കല്‍ കോണ്ടാക്ട് വേണമായിരുന്നു, അതിന് എന്നെ വിളിച്ചു. ഹോസ്പിറ്റല്‍ എന്റെ വീടിന്റെ അടുത്താണ്, ഒ്ന്നും നോക്കേണ്ട, എല്ലാം ഞാന്‍ ശരിയാക്കാം എന്ന് പറഞ്ഞു. അവര്‍ പത്ത് നാല്‍പത് പേര്‍ക്ക് മുഴുവന്‍ നില്‍ക്കാനുള്ള സൗകര്യവും എന്റെ പ്രൊഡക്ഷന്‍ ടീം ചെയ്തു കൊടുത്തു. എന്റെ കോമ്പൗണ്ടിലുള്ള നാല് വില്ലകളാണ് ആമീര്‍ ഖാന്‍ സാറിനും അമ്മയ്ക്കും അവരുടെ സ്റ്റാഫുകള്‍ക്കുമായി നല്‍കിയത്. അങ്ങനെ മൂന്ന് മാസം, ഞങ്ങള്‍ ഒരുമിച്ചായിരുന്നു.


ആ സമയത്താണ്, ഞങ്ങള്‍ക്ക് കുട്ടികളാവുന്നില്ല എന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞത്. ജ്വാലയും മൂന്ന് നാല് ഐവിഎഫ് ചെയ്തിരുന്നു, പക്ഷേ അതൊന്നും നടന്നില്ല. ഒന്നും ആലോചിക്കാനില്ല നിങ്ങള്‍ നേരെ ബോംബെയിലേക്ക് വരൂ, ഞാനൊരു ഡോക്ടറെ പരിചയപ്പെടുത്തി തരാം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ബോംബെയില്‍ എത്തി, അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചു. ആറ് മാസം ജ്വാല അവരുടെ വീട്ടിലായിരുന്നു, ഞാന്‍ വന്നും പോയും നിന്നു. അവസാനം പ്രെഗ്നന്‍സി കണ്‍ഫോം ആയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞ വാക്കാണ്‍, ഞങ്ങളുടെ കുഞ്ഞിന് സര്‍ തന്നെ പേരിടണം എന്ന്. കുഞ്ഞ് പിറന്നപ്പോള്‍ ആദ്യം വീഡിയോ കോള്‍ ചെയ്തത് അദ്ദേഹത്തെയാണ്. Aamir എന്ന അദ്ദേഹത്തിന്റെ പേരില്‍ നിന്നും എടുത്താണ് മകള്‍ക്ക് Mira എന്ന പേര് നല്‍കിയത്- വിഷ്ണു വിശാല്‍ പറഞ്ഞു
Read Entire Article