
ഡോ. അബ്ദുസമദ് സമദാനി കലാഭവൻ നവാസിന്റെ ഉമ്മയെ ആശ്വസിപ്പിക്കുന്നു
അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന്റെ വീട് സന്ദര്‍ശിച്ച് ഡോ. അബ്ദുസമദ് സമദാനി. കലാഭവന്‍ നവാസ് വിടപറഞ്ഞപ്പോള്‍ സമൂഹം ഏറെ ചര്‍ച്ച ചെയ്തത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വെണ്‍മയായിരുന്നുവെന്ന് സമദാനി തന്റെ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. നവാസിന്റെ ഉമ്മ സങ്കടത്തോടെ മകന്റെ കഥകള്‍ പറയുമ്പോഴും അവരില്‍ അതിശക്തമായ സഹനശക്തിയും കര്‍ത്തവ്യബോധവും തനിക്കു സ്പര്‍ശിക്കാന്‍ കഴിഞ്ഞുവെന്നും സമദാനി എഴുതുന്നു. തന്റെ കുട്ടികള്‍ എവിടെ പരിപാടി അവതരിപ്പിക്കാന്‍ പോയാലും അവര്‍ മൈക്കിനു മുമ്പില്‍ നില്‍ക്കുന്ന ആ സ്റ്റേജ് ഈ വീട്ടിലിരിക്കുന്ന തന്റെ മനസ്സില്‍ തെളിയുമെന്നും ആ സദസ്സും അവിടെയുള്ളതുമെല്ലാം ഇവിടെയിരുന്ന് താന്‍ കാണുമെന്നും നവാസിന്റെ ഉമ്മ സമദാനിയോട് പറഞ്ഞു. പ്രിയമകന്‍ വിടപറഞ്ഞുപോയ വേദനയിലും അസാമാന്യമായ ക്ഷമയോടെ കുടുംബക്കാരെ ആശ്വസിപ്പിക്കുന്ന ഈ മാതാവ് ശക്തിസ്വരൂപം തന്നെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ. അബ്ദുസമദ് സമദാനിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം.
നാട്ടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാമദ്ധ്യേ ഇന്ന് ആലുവയില്‍ പോയി, കഴിഞ്ഞ ദിവസം വിടപറഞ്ഞുപോയ കലാഭവന്‍ നവാസിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും ഉമ്മ അടക്കമുള്ള ഉറ്റവരെ ആശ്വസിപ്പിക്കുകയും ചെയ്തു. അസാധാരണമായ തന്റെ കലാപ്രക്രിയ കൊണ്ട് മാത്രമല്ല, വ്യതിരിക്തമായ സ്വഭാവമഹിമ കൊണ്ടും ജനമാനസത്തില്‍ ഇടംനേടിയ സവിശേഷ വ്യക്തിത്വമായിരുന്നു പ്രിയപ്പെട്ട നവാസ്. ഈ കുടുംബത്തോടൊപ്പം ചിലവഴിച്ച നേരമത്രയും നന്മകളില്‍ കുതിര്‍ന്നതും ഹൃദയവികാരങ്ങള്‍ കലര്‍ന്നതുമായ സവിശേഷ സന്ദര്‍ഭമായിത്തീര്‍ന്നു.
വിടപറഞ്ഞുപോയപ്പോള്‍ സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് നവാസിന്റെ വ്യക്തിത്വത്തിന്റെ വെണ്മയായിരുന്നു. സദാ മന്ദസ്മിതം തൂകിയും കഴിയുന്നത്ര മറ്റുള്ളവരെ സ്‌നേഹിച്ചും സഹായിച്ചും സര്‍വ്വോപരി തന്റെ വ്യക്തിജീവിതത്തിലും പ്രവര്‍ത്തനമേഖലയിലും ധര്‍മ്മനിഷ്ഠ പുലര്‍ത്തിയും കടന്നുപോയ ഒരു കലാകാരന്റെ ഈദൃശ നന്മകള്‍ ഇക്കാലത്ത് പ്രത്യേകിച്ചും ജനങ്ങള്‍ ചര്‍ച്ച ചെയ്തതും അവരെ ആകര്‍ഷിച്ചതും സ്വാഭാവികം.
നവാസിന്റെ ജ്യേഷ്ഠനായ പ്രിയ സ്‌നേഹിതന്‍ നിയാസ് ബക്കര്‍ അകാലത്ത് പിരിഞ്ഞുപോയ അനുജന്റെ വിവരങ്ങള്‍ കദനത്തോടെ വിവരിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഭാര്യാപിതാവിനെ ഘനീഭവിച്ച ദുഃഖത്തിന്റെ രൂപമായിട്ടാണ് അത്രയും സമയം കണ്ടത്. ചിലപ്പോള്‍ മൗനമായിരിക്കുകയും ചിലപ്പോള്‍ കുറഞ്ഞ വാക്കുകള്‍ സംസാരിക്കുകയും ചെയ്തു. നവാസിന്റെ ഓമന മക്കളെയും കണ്ടു. കാരുണ്യവാനായ സര്‍വ്വശക്തന്‍ നവാസിന്റെ വന്ദ്യമാതാവിനും പ്രിയ പത്‌നിക്കും പ്രിയപ്പെട്ടവരായ സഹോദരങ്ങള്‍, കുട്ടികള്‍, ബന്ധുമിത്രാദികള്‍ എന്നിവര്‍ക്കെല്ലാം ഈ വേര്‍പാടിന്റെ സങ്കടങ്ങളെ അതിജീവിക്കാനുള്ള സഹനശക്തിയും മനശ്ശക്തിയും പ്രദാനം ചെയ്യട്ടെ.
ഏറെ സമയവും കലാരംഗത്ത് ചിലവഴിച്ച ആ യുവപിതാവ് തന്റെ മക്കളുടെ ശിക്ഷണത്തില്‍ പുലര്‍ത്തിയ ശ്രദ്ധയും സൂക്ഷ്മതയും അറിഞ്ഞപ്പോള്‍ അതിശയപ്പെട്ടുപോയി. അതിനേക്കാളെല്ലാം എന്നെ അത്ഭുതപ്പെടുത്തിയത് ഈ സഹോദരന്മാരുടെ വന്ദ്യമാതാവും അവരുടെ വിശ്വാസദാര്‍ഢ്യവും ഭക്തിസാന്ദ്രമായ ഹൃദയവികാരങ്ങളുമാണ്. ഉമ്മയെ ഒന്ന് വിളിക്കട്ടെ എന്ന് നിയാസ് പറഞ്ഞപ്പോഴേക്ക് അവരെ കൊണ്ടുവരാനും കൂടെയിരുത്താനും താല്പര്യപ്പെടുകയായിരുന്നു. ആ വന്ദ്യമാതാവ് മകന്റെ കഥകള്‍ സങ്കടത്തോടെ പറഞ്ഞുകൊണ്ടേയിരുന്നു. ചിലപ്പോള്‍ അവര്‍ കരഞ്ഞു. എന്നാല്‍ ചിലപ്പോള്‍ അതിശക്തമായ സഹനശക്തിയുടെയും കര്‍ത്തവ്യബോധത്തിന്റെയും വെളിച്ചത്തില്‍ മന്ദസ്മിതം തൂകി. എല്ലാം അല്ലാഹു നിശ്ചയിച്ചതാണെന്നും അവനെ തന്നവന്‍ തന്നെയാണ് അവനെ കൊണ്ടുപോയതെന്നും അവര്‍ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ എന്റെ കണ്ണുകള്‍ അവരുടെ മുഖത്തേക്കും കാതുകള്‍ അവരുടെ ശബ്ദത്തിലേക്കും മാത്രമായിത്തീര്‍ന്നു. മാതൃത്വത്തിന്റെ മഹത്വത്തില്‍ അഗാധമായ വിശ്വാസമുള്ള എന്റെ മനസ്സിന് പിന്നെയും ചില ബോദ്ധ്യങ്ങള്‍.
അവരുടെ പെരുമാറ്റത്തിലും വാക്കുകളിലും പലതവണ എന്റെ ഉമ്മയുടെ ചിത്രം മനസ്സില്‍ വന്നും പോയുമിരുന്നു. മടക്കയാത്രയില്‍ കൂടെയുണ്ടായിരുന്ന ഒരു സഹോദരന്‍ ഇതൊന്നും അറിയാതെ എന്നോട് പറഞ്ഞു: 'അവരുടെ സംസാരം കേട്ടപ്പോള്‍ പലപ്പോഴും ഞാന്‍ എന്റെ ഉമ്മയെ ഓര്‍ത്തു'. യഥാര്‍ത്ഥമായ മാതൃത്വത്തിന് അതിന്റെ സകല വൈവിദ്ധ്യരൂപങ്ങളിലും ഒറ്റ നിറം, ഒരേയൊരു മണം, മാതാവിന്റെ രക്തത്തിന്റെ നിറവും വിയര്‍പ്പിന്റെ മണവും. അതില്‍കവിഞ്ഞൊരു പുണ്യം മറ്റെന്തുണ്ട് ഈ ഭുവനത്തില്‍!
പ്രിയപുത്രന്‍ വിടപറഞ്ഞുപോയ വേദനയിലും അസാമാന്യമായ ക്ഷമയോടെ സ്വന്തത്തെയും കുടുംബക്കാരെയും ആശ്വസിപ്പിക്കുന്ന ഈ മാതാവ് ശക്തിസ്വരൂപം തന്നെ. ഒരര്‍ത്ഥത്തില്‍ അവര്‍ ജീവിച്ചിരിക്കെ അവരോടും ഈ ലോകത്തോടും വിടപറഞ്ഞുപോയ മകന്റെ നിയോഗവും സവിശേഷം തന്നെ. ഇരുവര്‍ക്കുമിടയില്‍ നിലകൊണ്ട് എന്റെ മനസ്സ് തേങ്ങുന്നു.
അതിനിടയില്‍ ഈ കുട്ടികളുടെ പിതാവായ തന്റെ ജീവിതപങ്കാളി മരണപ്പെട്ട സന്ദര്‍ഭം അവര്‍ എന്നോട് വിവരിച്ചു. തിരക്കുകള്‍ക്കിടയില്‍ അദ്ദേഹം വീട്ടിലെത്തിയതായിരുന്നു. എന്തോ ഒരു ക്ഷീണത്തില്‍ നീണ്ടുനിവര്‍ന്ന് കിടന്നു. ഡോക്ടറെ വിളിക്കട്ടെ എന്ന് ചോദിച്ച സഹധര്‍മ്മിണിയോട് അത് വേണ്ടെന്ന മട്ടില്‍ അദ്ദേഹം പറഞ്ഞു: 'ഇനി നീ കുറെ ആളുകളെ വിളിച്ചുകൂട്ടിക്കോ'. അന്ത്യശ്വാസം നെഞ്ചില്‍ വന്നുനിന്നു കാണണം. അദ്ദേഹം കണ്ണടച്ചു കിടന്നു.
ജീവിതത്തിന്റെ പാഠപുസ്തകത്തില്‍ നിന്ന് നമ്മള്‍ ഇനിയും എന്തെല്ലാം പഠിക്കേണ്ടിയിരിക്കുന്നു. അതിന്റെ പ്രധാന പാഠങ്ങളിലൊന്ന് കുടുംബത്തിന്റെ മാഹാത്മ്യമാകുന്നു. അതിന്റെ അസ്തിവാരം മാതൃത്വവുമാകുന്നു. പ്രിയപ്പെട്ട ഭര്‍ത്താവും അരുമയായ മകനും വിടപറഞ്ഞുപോയ ശേഷവും ആ പാഠപുസ്തകത്തില്‍ അവള്‍ സഹനത്തിന്റെ പുതിയ അദ്ധ്യായങ്ങള്‍ തീര്‍ക്കുക തന്നെയാണ്.
കദനഭാരത്തോടെ, വയല്‍ക്കരയിലുള്ള ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എന്നെ ഇങ്ങോട്ട് ആശ്വസിപ്പിക്കാനും അവര്‍ തുനിഞ്ഞു. എന്റെ കുട്ടി പോയ സമയത്താണെങ്കിലും നിങ്ങളെ എനിക്ക് കാണാന്‍ കഴിഞ്ഞല്ലോ എന്നായിരുന്നു അവര്‍ പറഞ്ഞ വാക്കുകള്‍. അപ്പോള്‍ നിയാസ് പറയുകയായിരുന്നു: 'ഉമ്മ എത്രയോ കാലമായി സമദാനി സാഹിബിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കുന്ന ആളാണ്'. അപ്പോഴും അവരുടെ ഒരു വാക്ക് എന്റെ ഉള്ളില്‍ ചെന്നു തട്ടി: 'എന്റെ കുട്ടി'. പേരക്കുട്ടികളുടെ പിതാവായ മകനും മാതാവിന് എക്കാലത്തും കുട്ടി തന്നെയാകുന്നു.
വീട്ടില്‍ നിന്നിറങ്ങാനായി വരാന്തയിലേക്ക് കടക്കുമ്പോള്‍ അവര്‍ എന്നോട് പറഞ്ഞത് ഇതായിരുന്നു: 'എന്റെ കുട്ടികള്‍ എവിടെ പരിപാടി അവതരിപ്പിക്കാന്‍ പോയാലും അവര്‍ മൈക്കിനു മുമ്പില്‍ നില്‍ക്കുന്ന ആ സ്റ്റേജ് ഈ വീട്ടിലിരിക്കുന്ന എന്റെ മനസ്സില്‍ തെളിയും. ആ സദസ്സും അവിടെയുള്ളതുമെല്ലാം ഇവിടെയിരുന്ന് ഞാന്‍ കാണും.' അപ്പോള്‍ ചുവരിലുള്ള ഫ്രെയിം ചെയ്ത ഒരു ചിത്രത്തിലേക്ക് ദുഃഖത്തോടെ നോക്കി. കയ്യിലൊരു മൈക്കുമായി പുഞ്ചിരിതൂകി നില്‍ക്കുന്ന നവാസിന്റെ, ആരോ വരച്ച ചിത്രം. ഈ വന്ദ്യമാതാവിന്റെ പ്രസ്തുത വാക്കുകള്‍ കേട്ടപ്പോഴും ഉമ്മയെ ഓര്‍മ്മ വന്നു.
കുട്ടിക്കാലത്ത് മദ്രസയിലും സ്‌കൂളിലുമെല്ലാം ഞാന്‍ നടത്തിയിരുന്ന കൊച്ചുകൊച്ചു പ്രസംഗങ്ങളും അതറിയുമ്പോള്‍ ഉമ്മയുടെ വലിയ സന്തോഷങ്ങളും...
അല്ലാഹു മഗ്ഫിറത്ത് പ്രദാനം ചെയ്യട്ടെ!
Content Highlights: Abdusamad Samadani pays homage to Kalabhavan Navas
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·