കുട്ടിക്കാലത്ത് ഇഡ്ഡലി കഴിക്കാനുള്ള കഷ്ടപ്പാട് പറഞ്ഞ് ധനുഷ്; സംവിധായകന്റെ മകന് ഈ ​ഗതിയോ എന്ന് ആരാധകർ

4 months ago 5

idli kadai

ധനുഷ്, ഇഡ്ഡലി കടൈ പോസ്റ്ററിൽനിന്ന്‌ | Photo: AFP, Facebook/ Dhanush

പുറത്തിറങ്ങാനിരിക്കുന്ന തന്റെ ചിത്രം 'ഇഡ്ഡലി കടൈ'യുടെ പേരിന് പിന്നിലെ കഥ പറഞ്ഞ് നടനും സംവിധായകനുമായ ധനുഷ്. സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയില്‍നടന്ന പരിപാടിയിലാണ് ധനുഷ് കഥ വെളിപ്പെടുത്തിയത്. എന്നാല്‍, ഇതിന് പിന്നാലെ വന്‍ട്രോളാണ് ധനുഷിന് ഏറ്റുവാങ്ങേണ്ടിവന്നത്.

കുട്ടിക്കാലത്ത് തനിക്ക് ഇഷ്ടപ്പെട്ട ഇഡ്ഡലി കഴിക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു ധനുഷ് പറഞ്ഞത്. പൂക്കള്‍ ശേഖരിച്ച് വിറ്റാണ് ഇഡ്ഡലി കഴിക്കാനുള്ള കാശുണ്ടാക്കിയത് എന്നും ധനുഷ് പറഞ്ഞു. ധനുഷിന്റെ കുടുംബത്തിന്റെ സാഹചര്യം ഓര്‍മിപ്പിച്ചാണ് ട്രോളുകള്‍.

'കുട്ടിക്കാലത്ത് എനിക്ക് ദിവസവും ഇഡ്ഡലി കഴിക്കാന്‍ വലിയ കൊതിയായിരുന്നു. പക്ഷേ അത് വാങ്ങാന്‍ പൈസയില്ലായിരുന്നു. അതുകൊണ്ട് അയല്‍പക്കങ്ങളില്‍നിന്ന് പൂക്കള്‍ ശേഖരിക്കും. ഓരോ ദിവസവും ഞങ്ങള്‍ ശേഖരിക്കുന്ന പൂക്കളുടെ അളവ് അനുസരിച്ചായിരുന്നു ഞങ്ങള്‍ക്ക് പണം കിട്ടിയിരുന്നത്. ഞാനും എന്റെ സഹോദരിയും മറ്റും പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റ് രണ്ട് മണിക്കൂറിലധികം പൂക്കള്‍ ശേഖരിക്കും'- ധനുഷ് ഓര്‍ത്തു.

'രണ്ടുരൂപയിലേറെയായിരുന്നു ഇതിന് ഞങ്ങള്‍ക്ക് കിട്ടിയത്. അതിനുശേഷം, ഞങ്ങള്‍ അടുത്തുള്ള ഒരു പമ്പ് സെറ്റില്‍ പോയി കുളിച്ച്, ഒരു തോര്‍ത്ത് മാത്രം ഉടുത്ത് പ്രധാന റോഡിലൂടെ നടക്കും. ആ പണത്തിന് ഞങ്ങള്‍ക്ക് നാലോ അഞ്ചോ ഇഡ്ഡലി കിട്ടും. കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിക്കും രുചിക്കും മുകളില്‍ മറ്റൊന്നുമില്ല. എന്റെ കുട്ടിക്കാലത്ത് കിട്ടിയിരുന്ന ആ സന്തോഷവും രുചിയും ഇന്നത്തെ റെസ്റ്റോറന്റുകളിലെ ഭക്ഷണത്തില്‍നിന്ന് എനിക്ക് കിട്ടുന്നില്ല'- ധനുഷ് പറഞ്ഞു. ഇതിന്റെ ഓര്‍മയിലാണ് താന്‍ ഇഡ്ഡലികടൈ എന്ന് ചിത്രത്തിന് പേര് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിന്നാലെയാണ് ധനുഷിനെ 'ചില കാര്യങ്ങള്‍' ഓര്‍മിപ്പിച്ച് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തിയത്. അറിയപ്പെടുന്ന സംവിധായകനായ കസ്തൂരിരാജയുടെ മകന് ഇത്രയൊക്കെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. 'കുട്ടിക്കാലത്തെ ദാരിദ്രമാണ് ധനുഷ് പറയുന്നത്. അതിനര്‍ഥം കസ്തൂരി രാജ അക്കാലത്ത് ധനുഷിനും കുടുംബത്തിനും കാശ് ഒന്നും നല്‍കാറുണ്ടായിരുന്നില്ലേ?'- എന്നാണ് ചിലരുടെ സംശയം. പബ്ലിസിറ്റിക്കുവേണ്ടി കള്ളം പറയരുതെന്നും ചിലര്‍ ധനുഷിനോട് ആവശ്യപ്പെടുന്നു.

Content Highlights: Dhanush`s Idli Kadai Story & Backlash

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article