ഫുട്‌ബോൾ ലോകകപ്പാകട്ടെ, നാട്ടിൻ പുറത്തെ ചെറിയൊരു സെവൻസ് ടൂർണമെന്റാകട്ടെ കൊടിയിറങ്ങിക്കഴിയുമ്പോൾ ചില തിളക്കമുള്ള ഓർമകൾ നമ്മുടെ ഉള്ളിൽ അവശേഷിക്കും. ആ നിമിഷങ്ങൾ കളിക്കളത്തിനകത്തും പുറത്തുമാകാം... അസാധ്യമായ ആംഗിളിൽ നിന്നും സൂപ്പർ താരം നേടിയ ഒരു ഗോൾ ആകാം, ഗോളെന്നുറപ്പിച്ച ഒരു ഷോട്ട് ഗോളി അവിശ്വസനീയമായി രക്ഷപ്പെടുത്തുന്നതാകാം. ടീനേജിൽ ക്രിക്കറ്റ് കളി കഴിഞ്ഞ് ആന്തലുമായി വീട്ടിലേക്ക് നടക്കുമ്പോൾ സുഹൃത്ത് ബേക്കറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി വാങ്ങിത്തന്ന പഫ്‌സിന്റെ നാവിൻ തുമ്പിലുള്ള രുചിയാകാം ...
അങ്ങനെയുള്ള ചില ഓർമകളാണ് അടുത്തിടെ തിരശ്ശീല വീണ ഫ്രഞ്ച് ഓപ്പണും സമ്മാനിച്ചത്. കോർട്ടിൽ തീ പാറിയ അൽക്കരാസ് - യാനിക് സിന്നർ ഫൈനലും വനിതാ ഫൈനലിൽ കൊക്കോ ഗാഫിനോടേറ്റ തോൽവിക്കു പിന്നാലെ ലോക ഒന്നാം നമ്പർ താരം അരിയാന സബലെങ്ക പറഞ്ഞ വിവാദ അഭിപ്രായവും തുടർന്നുള്ള താരത്തിന്റെ ക്ഷമാപണവുമൊക്കെ മനസിലുണ്ട്. ഹൃദയ ഭേദകമായ തോൽവിയിലും സിന്നർ കാണിച്ച മനസാന്നിധ്യവും വിജയത്തിൽ അമിതമായി ആഹ്ലാദിക്കാതെ കൂട്ടുകാരനെ ചേർത്തു പിടിച്ച അൽക്കരാസുമൊക്കെ തിളക്കമുള്ള ഓർമകളായി മുന്നിലുണ്ട്.
കിരീട പ്രതീക്ഷയുമായെത്തി ഫൈനലിൽ തോൽക്കുമ്പോൾ മനസ് പതറുക സ്വാഭാവികമാണ്. ഫൈനലിലെ തോൽവിയുമായി പൊരുത്തപ്പെടാൻ സബലെങ്കയ്ക്ക് കഴിയാത്തതായിരുന്നു ആദ്യത്തെ പൊട്ടിത്തെറിയുടെ കാരണം. കാര്യങ്ങൾ ഒന്നടങ്ങിയപ്പോൾ ക്ഷമാപണത്തിലൂടെ യഥാർഥ ചാമ്പ്യന്റെ മഹിമ ബലാറസ് താരവും വെളിപ്പെടുത്തി. സ്‌പോർട്‌സും ജീവിതവും ഒരു പോലെ വിജയിക്കുന്ന ചില നിമിഷങ്ങൾ .
ഇതിലും ഗംഭീരമായ ചില സംഭവങ്ങൾ ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ അരങ്ങേറിയിരുന്നു. കായിക പ്രേമികളുടെ മനസിൽ മായാതെ നിൽക്കുന്ന മുഹൂർത്തങ്ങൾ. ഇതിലെ നായകൻ മറ്റാരുമല്ല , റോളണ്ട് ഗരോസിന്റെ നിത്യകാമുകൻ സാക്ഷാൽ റാഫേൽ നദാൽ തന്നെയായിരുന്നു. കളിമണ്ണിന്റെ ചക്രവർത്തിയുടെ 'പാദമുദ്ര' കോർട്ടിൽ നിത്യമായി പതിപ്പിക്കാനുള്ള ചടങ്ങിനാണ് റാഫ കുടുംബസമേതം എത്തിയത്. ഇതോടെ ചില സുന്ദര മുഹൂർത്തങ്ങൾക്ക് പാരിസ് വേദിയായി.
കായിക ലോകത്തെ അവിസ്മരണീയമായ ഒരു വിടവാങ്ങൽ ചടങ്ങ് ഓരോരുത്തരുടെയും മനസിലുണ്ടാകും. മറ്റാരുടേയുമല്ല, സാക്ഷാൽ റോജർ ഫെഡററുടേത് തന്നെ. ടെന്നീസിലെ സുന്ദര പുരുഷൻ കണ്ണീരൊഴുക്കി യാത്ര പറയുമ്പോൾ അടുത്തിരുന്ന് അദ്ദേഹത്തിന്റൈ എക്കാലത്തെയും വലിയ എതിരാളിയും കോർട്ടിനകത്തും പുറത്തും അനുജനുമായ നദാൽ വിങ്ങിക്കരയുന്ന ചിത്രം. കായിക പ്രേമികൾ മനസിൽ ചില്ലിട്ടു സൂക്ഷിച്ചിട്ടുള്ളതാണ് ആ നിമിഷം.
ഇക്കുറി നദാൽ റോളണ്ട് ഗാരോസിൽ ആദരിക്കപ്പെടുമ്പോൾ അതിന് സാക്ഷിയാകാൻ 'ബിഗ് ഫോറി'ലെ ബാക്കി മൂന്നു പേരും എത്തിയിരുന്നു. റോജർ ഫെഡററും നൊവാക് ജോക്കോവിച്ചും. കിരീട എണ്ണത്തിൽ ത്രിമൂർത്തികൾക്കൊപ്പമെത്തില്ലെങ്കിലും മൂവർക്കും വെല്ലുവിളി ഉയർത്തിയിരുന്ന ആൻഡി മറേയും.
ചില സസ്‌പെൻസ് നിലനിർത്തിയാണ് ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റ് ഡയറക്ടറും മുൻ ലോക ഒന്നാം നമ്പർ താരവുമായ അമേലി മോറിസ്‌മോ നദാലിനെ ആദരിക്കൽ ചടങ്ങിന് ക്ഷണിച്ചത്. ടൂർണമെന്റിൽ പങ്കെടുക്കാനല്ലാതെ ആദ്യമായി ഫ്രഞ്ച് ഓപ്പണിനെത്തിയ നദാൽ വലിയ അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചുമില്ലായിരിക്കും. അത് ചടങ്ങിനുശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തവുമായി. ഫ്രഞ്ച് ഓപ്പൺ കോർട്ടിൽ തന്റെ പാദമുദ്ര പതിപ്പിക്കുന്ന ചടങ്ങാണെന്ന് മോറിസ്‌മോ അറിയിച്ചപ്പോൾ അത് ഇത്തവണത്തേക്ക് മാത്രമായുള്ളതാണെന്നായിരുന്നു നദാൽ കരുതിയിരുന്നത്. കോർട്ടിൽ തന്റെ കാൽപ്പാട് വെങ്കല ഫലകത്തിൽ ഫ്രഞ്ച് ഓപ്പൺ ഉള്ള കാലത്തോളേയ്ക്കുമായി നിത്യമായിട്ടാണ് പതിപ്പിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ വച്ച് മനസിലാക്കിയപ്പോൾ റാഫ അനുഭവിച്ച വികാരങ്ങൾ എന്തൊക്കെയായിരിക്കും . റോളണ്ട് ഗാരോസിലെ കളിമണ്ണ് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ പ്രസിഡന്റ് ജീൽ മൊറെട്ടൻ മെല്ലെ തുടച്ചു മാറ്റിയപ്പോൾ വെങ്കല ഫലകത്തിൽ പതിപ്പിച്ച തന്റെ കാൽപ്പാട് കണ്ട് റാഫ സ്തബ്ധനായിപ്പോയി. പാരിസിലെ കളിമണ്ണിൽ തന്റെ വിയർപ്പും രക്തവും ഒഴുക്കി 14 കിരീടങ്ങളെന്ന കേട്ടുകേൾവിയില്ലാത്ത റെക്കോഡ് സ്വന്തമാക്കിയ റാഫയെ ഇങ്ങനെയല്ലാതെ എങ്ങനെ ആദരിക്കാനാണ്.
വികാര വിക്ഷോഭം കാരണം വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയ റാഫ 'ബിഗ് ഫോറിലെ' മറ്റു മൂന്നു പേരോടുമുള്ള ബന്ധം വിവരിച്ചപ്പോൾ കാണികൾ ആർത്തു വിളിച്ചു. ' കോർട്ടിൽ എതിരാളികളായി പൊരുതുമ്പോഴും കളിക്കളത്തിന് പുറത്ത് നല്ല സുഹൃത്തുക്കളായി തുടരാമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാനായി ' എന്ന് റാഫ പറയുമ്പോൾ അതൊരു നിത്യ സത്യമാണ്. പ്രിയപ്പെട്ട റാഫയുടെ ഓരോ വാക്കുകളും ആഹ്ലാദാരവങ്ങളോടെയാണ് കാണികൾ ഏറ്റു വിളിച്ചത്.
ചടങ്ങിന്റെ ബാക്കി പത്രമായി ചില സുന്ദര നിമിഷങ്ങൾകൂടി കണ്ടു. അച്ഛന്റെ തോളിലേറി ജൂനിയർ റാഫ , മറേയും ഫെഡററും ജോക്കോയും നിൽക്കുന്നിടത്തേക്ക് വരുകയാണ്. മകന് , അച്ഛൻ കൂട്ടുകാരെ പരിചയപ്പെടുത്തിക്കൊടുക്കുന്നു. ജൂനിയർ റാഫ മൂന്നു പേരുമായും കൈപ്പത്തി അടിച്ച് (ഹൈ ഫൈവ്) സൗഹൃദം പങ്കിടുന്നുണ്ട്. മറ്റ് രണ്ടു പേരുമായുമുള്ള ഹൈ ഫൈവിനേക്കാൾ അൽപ്പം ശക്തിയുള്ളതായിപ്പോയി നൊവാക്കുമായുള്ള കയ്യടി. ഈ ചിത്രത്തിന് ഒരു ആരാധകൻ എഴുതിയ അടിക്കുറിപ്പ് കണ്ടപ്പോഴാണ് തലതല്ലി ചിരിച്ചുപോയത്- ' എന്റെ അപ്പനേക്കാൾ രണ്ട് ഗ്രാൻഡ്സ്ലാം കൂടുതൽ നേടിയതല്ലേ , അതിനുള്ള ശിക്ഷയാണിത് '.
റാഫ കളിനിർത്തിയെങ്കിലും അദ്ദേഹത്തിന്റെ പാദമുദ്ര പ്രചോദനമായി എപ്പോഴും കൂടെയുണ്ടെന്നാണ് ഇക്കുറി ടൂർണമെന്റിൽ തോൽവിയുടെ വക്കിൽ നിന്ന് തിരിച്ചു വന്ന ചില താരങ്ങൾ മത്സരശേഷം അഭിപ്രായപ്പെട്ടത്. സ്പാനിഷ് താരം പോളാ ബഡോസയാണ് അതിൽ പ്രമുഖ. മുൻ ലോക ഒന്നാം നമ്പർ താരം നവോമി ഒസാക്കയ്‌ക്കെതിരായ ആദ്യ റൗണ്ട് മത്സരത്തിൽ ബഡോസയ്ക്ക് ആദ്യ സെറ്റ് നഷ്ടമായിരുന്നു. തോൽവി മുന്നിൽക്കണ്ട നിമിഷം. കോർട്ടിലെ റാഫയുടെ പാദമുദ്രയിലേക്ക് നോക്കി നേടിയ പ്രചോദനമാണ് തന്നെ വിജയത്തിലേക്ക് നയിച്ചതെന്ന് മത്സര ശേഷം താരം വ്യക്തമാക്കി.
മൂന്നു തവണ ചാമ്പ്യനായ ഇഗാ സിയാടെക്കിന്റെ കാര്യമെടുക്കാം. ഫ്രഞ്ച് ഓപ്പൺ കിരീടം നിലനിർത്താൻ ഇക്കുറി മങ്ങിയ ഫോമിലായിരുന്ന ഇഗയ്ക്കായില്ല. റാഫയെ ആദരിക്കുന്ന ചടങ്ങും റാഫയുടെ പാദമുദ്രയുടെ സാന്നിധ്യവും തനിക്ക് ഏറെ പ്രചോദനകരമായിരുന്നുവെന്ന് മുൻ ലോക ഒന്നാം നമ്പർ വ്യക്തമാക്കിയിരുന്നു. നിലവിലെ ചാമ്പ്യൻ കാർലോസ് അൽക്കരാസാകട്ടെ സെമി ഫൈനലിന് മുമ്പ് റാഫയുടെ കാൽപ്പാദത്തിന്റെ ചിത്രമെടുത്താണ് ആരാധനയും ആദരവും പ്രകടിപ്പിച്ചത്.
കളിക്കളത്തിനകത്തും പുറത്തും ഒരു പോലെ സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് ബിഗ് ഫോറിലെ നാലു പേരും. ഇവരിൽ നൊവാക് മാത്രമാണ് കുറച്ചൊന്ന് വേറിട്ട് നിൽക്കുന്ന വ്യക്തിത്വം. റാക്കറ്റ് അടിച്ചു പൊട്ടിച്ചും അമ്പയർമാരോടു ദേഷ്യപ്പെട്ടും കാണികളുടെ പക്ഷപാതപരമായ പെരുമാറ്റത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചുമൊക്കെ നൊവാക് പലരുടെയും കണ്ണിലെ കരടായി മാറിയിട്ടുണ്ട്. പക്ഷേ ബാൾക്കൻ യുദ്ധമെന്ന തീച്ചൂളയിലൂടെ കടന്നു വന്ന നൊവാക്കിനോട് ഇതിനൊക്കെ ക്ഷമിക്കാവുന്നതേയുള്ളൂ.
പത്ത് നാൽപ്പത്തഞ്ച് വർഷം പിന്നോട്ടടിച്ചാൽ ടെന്നീസിൽ ഇതൊന്നുമായിരുന്നില്ല സ്ഥിതിയെന്ന് മനസിലാകും. വികൃതിപ്പയ്യൻ ജോൺ മക്കെന്റോ പറയുന്ന ഒരനുഭവമുണ്ട്. ഒരു ടൂർണമെന്റിനിടയിൽ അന്നത്തെ സൂപ്പർ താരം ജിമ്മി കോണേഴ്‌സും താരതമ്യേന ജൂനിയറായ മക്കെന്റോയും ലോക്കർ റൂമിൽ വച്ച് മുഖാമുഖം വന്നു. പ്രശസ്തനായ സീനിയറിനെ അഭിവാദ്യം ചെയ്യാൻ മുന്നോട്ടു ചെന്ന മക്കെന്റോയെ കണ്ട ഭാവം പോലും നടിക്കാതെ മുന്നോട്ടു നീങ്ങുകയാണ് കോണേഴ്‌സ് ചെയ്തത്.
മുപ്പതു വർഷങ്ങൾക്കപ്പുറം പുറക്കോട്ട് പോയാൽ വനിതാ ടെന്നീസിലും ചില കഥകളുണ്ട്. സ്‌റ്റെഫി ഗ്രാഫിന്റെ ഭ്രാന്തൻ ആരാധകന്റെ കുത്തേറ്റ് അന്നത്തെ ലോക ഒന്നാം നമ്പർ താരം മോണിക്ക സെലസ് കളിക്കളത്തിൽ നിന്ന് ദീർഘ കാലത്തേക്ക് വിട്ടു നിൽക്കുന്നു. തന്റേതല്ലാത്ത കുറ്റത്തിന് കളിക്കാനുള്ള അവസരം നഷ്ടമായ താരത്തിന്റെ റാങ്കിങ് സംരക്ഷിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ഡബ്ല്യുടിഎ തീരുമാനത്തിൽ റാങ്കിങ് സംരക്ഷിക്കുന്നതിനെതിരെ അന്നത്തെ മുൻനിര താരങ്ങളെല്ലാം വോട്ടു ചെയ്തു. ഗബ്രിയേല സബാറ്റിനി മാത്രം വോട്ടിങ്ങിൽ നിന്ന് വിട്ടു നിന്നു. ഒരു സഹതാരത്തിന്റെ ദുരിത കാലത്ത് ഒപ്പം നിൽക്കാൻ മറ്റുള്ളവർക്കാർക്കും കഴിഞ്ഞില്ല. സെലസിന്റെ അഭാവം റാങ്കിങിലും പ്രൈസ് മണിയിലുമൊക്കെ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന വിചാരമായിരിക്കും അവരെ ഇതിന് പ്രേരിപ്പിച്ചത്. തന്റെ ആത്മ കഥയിൽ സെലസ് ഇത് വിവരിച്ചിരിക്കുന്നതു വായിച്ചാൽ പല വിഗ്രഹങ്ങളും വീണുടഞ്ഞുപോകും ( മോണിക്ക സെലസിന് കുത്തേറ്റില്ലായിരുന്നെങ്കിൽ സ്‌റ്റെഫി ഗ്രാഫിന് 24 ഗ്രാൻഡ് സ്ലാം കിരീടങ്ങളെന്ന റെക്കോഡ് ഇടാൻ സാധിക്കുമായിരുന്നുവോ എന്ന വൺമില്യൻ ഡോളർ ചോദ്യം ഇന്നും എന്നും കായിക ലോകത്ത് മുഴങ്ങുമെന്നുറപ്പാണ്. 19 വയസിനുള്ളിൽ എട്ട് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിക്കഴിഞ്ഞിരുന്ന സെലസ് എത്രയോ ഉയരത്തിലേത്തേണ്ടതായിരുന്നുവെന്നതാണ് യാഥാർത്ഥ്യം)
ഇനി വനിതാ ടെന്നീസിലെ ഇപ്പോഴത്തെ അവസ്ഥ നോക്കാം. ഇക്കൊല്ലം മാർച്ച് ആദ്യമാണ്. ഓസ്റ്റിനിൽ നടന്ന എടിഎകസ് ടൂർണമെന്റിൽ അമേരിക്കൻ കോടീശ്വര താരം ജെസിക്കാ പെഗ്യൂള ആയിരുന്നു ചാമ്പ്യൻ. 'അമേരിക്കൻ ഫുട്‌ബോൾ, ടീം ബഫാലോ ബിൽസ് അടക്കം മൂന്ന് സ്‌പോർട്‌സ് ടീമുകളുടെ ഉടമകളാണ് ജെസിക്കയുടെ മാതാപിതാക്കളായ ടെറിയും കിം പെഗ്യൂളയും. അക്ഷരാർഥത്തിൽ കോടീശ്വര പുത്രി. നാട്ടുകാരിയായ മക്കാർട്‌നി കെസ്ലറെ തോൽപ്പിച്ചായിരുന്നു ജെസീക്കയുടെ കിരീട ധാരണം.ഡബ്ൾസ് ഫൈനലിൽ ചൈനീസ് താരം ഷാങ് ഷുവായ്, റഷ്യൻ താരം അന്ന ബ്ലിങ്കോവ, യുവാൻ യുവെ തുടങ്ങിയവരും മത്സരിക്കുന്നു. ഇവർക്കെല്ലാം ഓസ്റ്റിൻ ടൂർണമെന്റിന് പിന്നാലെ ടെക്‌സസിൽ നിന്ന് കാലിഫോർണിയയിലെ ഇന്ത്യാനാ വെൽസിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കേണ്ടതുണ്ട്. സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്ന മെനക്കെട്ട യാത്ര.
അപ്പോഴാണ് തന്റെ സ്വകാര്യ വിമാനത്തിൽ ഇവർക്കെല്ലാം ജസീക്കാ യാത്ര വാഗ്ദാനം ചെയ്യുന്നതും അവർ സന്തോഷത്തോടെ അത് സ്വീകരിക്കുന്നതും. സിംഗിൾസ് ഫൈനൽ കഴിഞ്ഞ ശേഷം ഇവർക്കായി കാത്ത് നിന്നാണ് പെഗ്യൂള സഹതാരങ്ങളുമായി പോയത്. ഷാങ് ഷുവായി സാമൂഹിക മാധ്യമത്തിലൂടെ ജെസീക്കയ്ക്ക് നന്ദി പറഞ്ഞപ്പോഴാണ് ഈ നൻമ പ്രവൃത്തി കായിക ലോകം അറിയുന്നത്. മോണിക്ക സെലസിനെ ഒറ്റപ്പെടുത്തിയവരിൽ നിന്നും സഹതാരങ്ങളെ ചേർത്തു പിടിക്കുന്ന പെഗ്യൂളയിലേക്ക് കാര്യങ്ങൾ എത്തി.
ലോകം ഏറെ മാറി ... മനുഷ്യരും മാറി... ഇത്തരം സുന്ദര നിമിഷങ്ങൾകൂടിയല്ലേ സ്‌പോർട്‌സിനെ ഹൃദയത്തിലേറ്റാൻ നമ്മളെ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നത്.
Content Highlights: gallic unfastened tennis roland garros moments nadal honour








English (US) ·