കെന്നിങ്ടണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ആകാശ്ദീപ് കാഴ്ചവെച്ചത്. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ താരം അര്‍ധസെഞ്ചുറിയുമായി തിളങ്ങി. 94 പന്തില്‍ നിന്ന് 66 റണ്‍സെടുത്താണ് താരം പുറത്തായത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ കന്നി അര്‍ധസെഞ്ചുറിയാണിത്. ആകാശ് ദീപിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുകയാണ്. ഇതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍.
ബൗളർമാരോട് കുറച്ചെങ്കിലും സംഭാവന ചെയ്യാൻ പറയാറുണ്ടെന്നും അതിനുള്ള മറുപടി കൂടിയാണ് ആകാശ് ദീപിന്റെ ഈ ഇന്നിങ്സെന്ന് ഗിൽ പ്രതികരിച്ചു. 'ഞങ്ങൾ സാധാരണയായി ഇതിനെക്കുറിച്ച് തമാശകൾ പറയാറുണ്ട്. ബാറ്റർമാർ ബൗളർമാരോട് കുറച്ചെങ്കിലും സംഭാവന ചെയ്യൂ എന്ന് പറയാറുണ്ട്. ഇന്ന് അദ്ദേഹം ഞങ്ങൾക്ക് മികച്ച മറുപടി നൽകിയെന്ന് ഞാൻ കരുതുന്നു.' - ഗിൽ പറഞ്ഞു.
അതേസമയം, അന്നത്തെ ദിവസത്തെ കളി തുടങ്ങുന്നതിന് തൊട്ടുമുമ്പ് ബൗളറുമായി താൻ നടത്തിയ സംഭാഷണം കെ എൽ രാഹുൽ വെളിപ്പെടുത്തി.
'രാവിലെ, ഞാൻ അവനുമായി സംസാരിക്കുകയും ഒരു ബാറ്ററെപ്പോലെ ചിന്തിക്കണമെന്നും വിക്കറ്റ് വലിച്ചെറിയരുതെന്നും പറഞ്ഞു. അലസനാകാതെ കഴിയുന്നത്ര റൺസ് നേടാനും കളി ആസ്വദിക്കാനും പറഞ്ഞു. സ്വന്തം ഷോട്ടുകൾ കളിക്കാനും ഒപ്പം ഉത്തരവാദിത്തം കാണിക്കാനും പറഞ്ഞിരുന്നുവെന്ന് രാഹുൽ വെളിപ്പെടുത്തി. അവൻ അതെല്ലാം ചെയ്തുവെന്നാണ് ഞാൻ കരുതുന്നത്. അതിനാൽ, ശരിക്കും സന്തോഷമുണ്ട്.'- രാഹുൽ കൂട്ടിച്ചേർത്തു.
മൂന്നാം ദിനം ജയ്‌സ്വാളിനൊപ്പം ബാറ്റിങ്ങിനിറങ്ങിയ ആകാശ്ദീപ് ഇംഗ്ലണ്ട് ബൗളര്‍മാരെ ശ്രദ്ധയോടെയാണ് നേരിട്ടത്. നാല് റണ്‍സ് മാത്രമാണ് താരം രണ്ടാം ദിനം നേടിയിരുന്നത്. എന്നാല്‍ മൂന്നാം ദിനമാകട്ടെ ആകാശ്ദീപ് പതിയെ സ്‌കോറുയര്‍ത്തി. ജയ്‌സ്വാളുമൊപ്പം ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ടീം സ്കോർ നൂറുകടത്തിയ ഇരുവരും പതിയെ ലീഡുയര്‍ത്തി. അതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. ഇംഗ്ലീഷ് ബൗളർമാർ മാറിമാറിയെറിഞ്ഞെങ്കിലും ആകാശ്ദീപിനെ കുടുക്കാനായില്ല. പിന്നാലെ താരം അർധസെഞ്ചുറിയും തികച്ചു. ഇന്ത്യക്കായി ഒരു നൈറ്റ് വാച്ച്മാന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ് ആകാശ്ദീപിന്റേത്.
94 പന്തില്‍ നിന്ന് 12 ഫോറുകളുടെ അകമ്പടിയോടെ ആകാശ്ദീപ് 66 റണ്‍സെടുത്തു. താരം പുറത്താവുമ്പോള്‍ 177-3 എന്ന നിലയിലാണ് ഇന്ത്യ. താരത്തിന്റെ കരിയറിലെ മികച്ച ബാറ്റിങ് പ്രകടനം കൂടിയാണിത്. അതേസമയം അഞ്ചാം ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ 374 റൺസ് വിജയലക്ഷ്യമുയർത്തി. രണ്ടാമിന്നിങ്സിൽ ഇന്ത്യ 396 റൺസിനാണ് പുറത്തായത്.
Content Highlights: akashdeep show fractional period vs england gill response








English (US) ·