Published: October 06, 2025 10:29 AM IST
1 minute Read
-
ധോണിയുടെ റാഞ്ചിയിലെ ആദ്യ വീട് ഇപ്പോൾ മെഡിക്കൽ സെന്ററും മ്യൂസിയവും
റാഞ്ചി ∙ രക്തത്തിൽ പഞ്ചസാരയും ക്രിക്കറ്റ് ആരാധനയും അൽപം കൂടുതലാണെങ്കിൽ നേരേ വിട്ടോ, എച്ച്–10എ, ഹർമു ഹൗസിങ് കോളനി, റാഞ്ചി; രണ്ടിനും ഇവിടെ മരുന്നുണ്ട് ഇന്ത്യൻ കായിക ഭൂപടത്തിൽ റാഞ്ചിയെ അടയാളപ്പെടുത്തിയ മേൽവിലാസത്തിൽ ഇപ്പോഴുള്ളതൊരു മെഡിക്കൽ സെന്ററും മ്യൂസിയവുമാണ്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ പഴയ വീടായ ‘ശൗര്യ’യാണ് മെഡിക്കൽ സെന്ററും മ്യൂസിയവുമായി മാറ്റിയിരിക്കുന്നത്. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് പരിശോധനകൾ നടത്താനൊരിടം എന്നതിനൊപ്പം ഇന്ത്യൻ ക്രിക്കറ്റിന്റെ ധോണിക്കാലവും ഈ ചുവരുകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
റാഞ്ചി നഗരത്തിനു നടുക്ക് ജാർഖണ്ഡ് സംസ്ഥാന ഭവന ബോർഡ് നൽകിയ സ്ഥലത്തു നിർമിച്ച ഈ വീട്ടിലാണ്, സിമാലിയയിലെ ഫാം ഹൗസിലേക്കു താമസം മാറുംവരെ ധോണിയും കുടുംബവും കഴിഞ്ഞിരുന്നത്. പിന്നീട്, ഒരു സ്വകാര്യ മെഡിക്കൽ സ്ഥാപനവുമായി കൈകോർത്ത് മൂന്നു നില വീടിനെ മെഡിക്കൽ സെന്ററാക്കി മാറ്റി. കെട്ടിടത്തിന്റെ ഓരോ ചുവരിലും ധോണിയുടെയും ക്രിക്കറ്റിന്റെയും അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
ട്വന്റി20 ലോകകപ്പിൽ ധോണി ഉപയോഗിച്ച ബാറ്റ്, സ്റ്റംപുകൾ, ഐപിഎലിൽ ഉപയോഗിച്ച കീപ്പിങ് ഗ്ലൗസ്, ഹെൽമറ്റ്, സച്ചിനടക്കമുള്ള സൂപ്പർ താരങ്ങൾ ഒപ്പിട്ട ബോളുകളും ചിത്രങ്ങളും തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ധോണിയുടെ ക്രിക്കറ്റ് കരിയറിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തിയ ഫോട്ടോ ഗാലറിയും ശൗര്യയുടെ പ്രധാന ആകർഷണമാണ്. ഇവിടെ സന്ദർശിക്കുന്നതിനും ചിത്രങ്ങളെടുക്കുന്നതിനും ആരാധകർക്ക് ഒരു വിലക്കുമില്ല. അതുകൊണ്ടുതന്നെ റാഞ്ചിയിലെത്തുന്ന ക്രിക്കറ്റ് ആരാധകരുടെ പ്രധാന സെൽഫി സ്പോട്ടുമാണ് ശൗര്യ.
കെട്ടിടത്തിന്റെ പുറത്തുമുണ്ട് ധോണി ട്രീറ്റ്. വീടിനു മുൻഭാഗത്ത് പുറംഭിത്തിയിൽ ഏഴാം നമ്പറും ധോണിയുടെ സിഗ്നേച്ചർ ഹെലികോപ്റ്റർ ഷോട്ടും എംബോസ്ഡ് വോൾ ആർട്ടായി പതിപ്പിച്ചിട്ടുണ്ട്. കൂടാതെ ജനാലകളിലെ ചില്ലുകളിൽ ധോണി എന്ന പേരിനൊപ്പം ജഴ്സി നമ്പറായ ഏഴും വിവിധ ധോണി ഷോട്ടുകളും ഗ്ലാസ് ആർട്ടായും പ്രദർശിപ്പിച്ചിട്ടുണ്ട്. അതിനിടെ, ജാർഖണ്ഡ് ഭവന ബോർഡ് വീടിനുവേണ്ടി അനുവദിച്ച സ്ഥലത്തു സ്വകാര്യ സ്ഥാപനം നടത്തുന്നുവെന്നാരോപിച്ച് ധോണിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
English Summary:









English (US) ·