കുറെ എൻആർഐക്കാർ കയറിവന്ന് മലയാള സിനിമ നാറ്റിച്ച് നാശകോടാലിയാക്കി -ജനാർദനൻ

8 months ago 9

06 May 2025, 08:18 PM IST

Janardhanan

ജനാർദനൻ | സ്ക്രീൻ​ഗ്രാബ്

തിരുവനന്തപുരം: മലയാളസിനിമയെ എൻആർഐക്കാരായ നിർമാതാക്കൾ നശിപ്പിച്ചെന്ന് നടൻ ജനാർദനൻ. മലയാളത്തിലെ മുതിർന്ന ചലച്ചിത്ര നിർമാതാവും സംവിധായകനുമായ ആർ.എസ് പ്രഭുവിന്റെ 96ാം ജന്മദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ജനാർദനൻ. നല്ല ചിത്രങ്ങളെടുക്കുക എന്ന ചിന്ത മാത്രമുള്ള നിർമാതാക്കളെ താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ സിനിമാക്കാരെപോലെ മദ്യപാനമില്ല, വ്യഭിചാരമില്ല, മറ്റുള്ള വൃത്തികേടുകളില്ല, കള്ളത്തരമില്ല എന്നതാണ് ആർ.എസ്. പ്രഭുവിന്റെ പ്രത്യേകതയെന്ന് ജനാർദനൻ പറഞ്ഞു. പുറത്തുനിന്നു നോക്കുന്നവർക്ക് പ്രഭു എന്നാണ് പേരെങ്കിലും ദാരിദ്ര്യവാസി ആണെന്ന് തോന്നും. പക്ഷേ, അങ്ങനെ അല്ല. പത്തുപൈസ പോലും ആർക്കും കടം പറയാതെ ഉള്ള കാശ് കൊടുത്ത്, ഇത്രയേ ഉള്ളൂ ഇതിൽ അഭിനയിക്കാൻ പറ്റുമെങ്കിൽ വന്നു അഭിനയിക്കുക എന്ന് പറഞ്ഞ് വളരെ ക്ലീൻ ആയിട്ട് പടമെടുത്ത വ്യക്തിയാണ്. പത്തിരുപത്തഞ്ചു വർഷം മദ്രാസിൽ ഇത് കണ്ട അനുഭവമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു ശേഷം മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറിവന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി. അതുവരെ ഞാൻ മദ്രാസിൽ കണ്ട സിനിമ എന്നുപറഞ്ഞാൽ അന്ന് എട്ടോ പത്തോ നിർമാതാക്കൾ മാത്രമേയുള്ളൂ. നല്ല പടങ്ങളെടുക്കുക എന്ന ഒറ്റ ചിന്ത മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. അവർക്ക് മറ്റ് ബിസിനസുകളില്ല. സിനിമയോടും കലയോടുമുള്ള സ്നേഹംകൊണ്ട് നല്ല നോവലുകളും കഥകളും തിരഞ്ഞെടുത്ത് ഉണ്ടാക്കിയിട്ടുള്ള പടങ്ങളാണ് നമ്മളൊക്കെ കണ്ടുകൊണ്ടിരുന്നത്. അതുപോയിട്ട് ഇപ്പോൾ ആർക്കുവേണമെങ്കിലും അഭിനയിക്കാം, കഥ വേണ്ട. സിനിമ എന്നുപറഞ്ഞ് 240 പടങ്ങളൊക്കെയാണ് ഒരുവർഷം ഇറങ്ങുന്നത്. ഇതിൽ പച്ചപിടിച്ച് പോകുന്ന അഞ്ചോ ആറോ പടങ്ങളുണ്ടാവും. ജനാർദനൻ അഭിപ്രായപ്പെട്ടു.

പരമ ശുദ്ധനായ വ്യക്തിയാണ് ആർ.എസ് പ്രഭുവെന്നും ജനാർദനൻ പറഞ്ഞു. ശുഭ്രവസ്ത്രം അല്ലാതെ ധരിക്കില്ല. അങ്ങനെയുള്ള അദ്ദേഹം ഇനിയും കുറേക്കാലം ജീവിച്ചിരിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഈ പ്രായത്തിൽ തനിക്ക് നടക്കാൻ വയ്യാതായി. പ്രഭു സാർ ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നു, അത്തരത്തിലുള്ള ഒരു ജീവിതചര്യയാണ് അദ്ദേഹം അനുഷ്ഠിച്ചതെന്നും ജനാർദനൻ കൂട്ടിച്ചേർത്തു.

Content Highlights: Veteran Actor Janardhanan Critiques NRI Film Producers' Impact connected Malayalam Cinema

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article