'കുറേപേർ വന്ന് അഭിനയിച്ചാൽ സിനിമയാവില്ല, പഠിച്ചിട്ട് സിനിമയെടുക്കണം, മന്ത്രി ഫിലിംമേക്കർ അല്ലല്ലോ'

5 months ago 6

04 August 2025, 12:53 PM IST


സാംസ്കാരിക വകുപ്പ് മന്ത്രി തന്നെ എതിർത്ത് സംസാരിച്ചത് അദ്ദേഹം സിനിമാ സ്പെഷ്യലിസ്റ്റ് അല്ലാത്തതുകൊണ്ടാണെന്നും അടൂർ പ്രതികരിച്ചു.

Adoor Gopalkrishnan

സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ | ഫോട്ടോ: സുധീർ മോഹൻ |മാതൃഭൂമി

തിരുവനന്തപുരം: സിനിമാ കോൺക്ലേവ് സമാപനച്ചടങ്ങിൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ. ഈ രം​ഗത്ത് വരുന്നവർ ഒരു സിനിമയെടുത്ത് അപ്രത്യക്ഷരായി പോകരുത്. സ്ത്രീകളും പിന്നാക്ക വിഭാ​ഗത്തിൽനിന്ന് വരുന്നവരും ഈ രം​ഗത്ത് തുടർന്നും ഉണ്ടാവണം. അവരുടെ ​ഗുണത്തിനും നന്മയ്ക്കും വേണ്ടിയാണ് ഞാൻ അങ്ങനെ പറഞ്ഞത്. അതാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക വകുപ്പ് മന്ത്രി തന്നെ എതിർത്ത് സംസാരിച്ചത് അദ്ദേഹം സിനിമാ സ്പെഷ്യലിസ്റ്റ് അല്ലാത്തതുകൊണ്ടാണെന്നും അടൂർ പ്രതികരിച്ചു.

നമ്മൾ മിണ്ടാതിരിക്കുകയാണ് നല്ലതെന്നും മിണ്ടിയാൽ അതിലൊരു വിവാദമുണ്ടാക്കാൻപറ്റുമെന്നും അടൂർ ​ഗോപാലകൃഷ്ണൻ തിരുവനന്തപുരത്ത് പ്രതികരിച്ചു. ഞാൻ പറഞ്ഞത് എല്ലാ മാധ്യമങ്ങളുടെ കയ്യിലുമുണ്ട്. അതിൽ എവിടെയെങ്കിലും ദളിത് വിഭാ​ഗത്തെയോ സ്ത്രീകളേയോ മോശമായി പറഞ്ഞിട്ടുണ്ടോ? അങ്ങനെയുണ്ടെങ്കിൽ ഞാൻ മാപ്പുപറയാം. മാധ്യമങ്ങളുടെ വ്യാഖ്യാനത്തിന് ഞാൻ ഉത്തരവാദിയല്ല. പരിശീലനം കൊടുക്കണമെന്ന് പറഞ്ഞതാണ് ആർക്കും ഇഷ്ടപ്പെടാതെപോയത്. അറിവുകേടുകൊണ്ടാണ് അതിനെതിരെ പറയുന്നത്. സിനിമ എന്നത് ഒരു മനുഷ്യായുസ്സ് കൊണ്ട് പഠിച്ച് ചെയ്യുന്നൊരാളാണ് ‍ഞാൻ. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

"സിനിമാരം​ഗത്ത് ദിനംപ്രതി പുതിയ കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. യാതൊരു പശ്ചാത്തലവുമില്ലാതെയും മുൻപരിചയവുമില്ലാതെയും വരുന്നവർക്കാണ് സിനിമയെടുക്കാൻ സർക്കാർ ധനസഹായം ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോൾ അവർക്ക് കുറഞ്ഞത് മൂന്നുമാസത്തെ ഓറിയന്റേഷൻ കൊടുക്കണം. കഥയെഴുതാനും കവിതയെഴുതാനും അക്ഷരജ്ഞാനം വേണ്ടേ? അതുപോലെ വേറെ ഒരു ഭാഷയാണ് സിനിമയുടേതും. കുറേ നടീനടന്മാർ വന്ന് അഭിനയിച്ചാൽ സിനിമയാവില്ല. അതിന് സാങ്കേതികമായും അല്ലാതെയും കുറേ ഘടകങ്ങളുണ്ട്. അതിനെക്കുറിച്ച് നല്ല ധാരണയോടെവേണം സിനിമയെടുക്കാൻ. സർക്കാർ പണം മുടക്കുന്ന സിനിമയ്ക്ക് സാമൂഹ്യ പ്രസക്തിവേണം. സൗന്ദര്യശാസ്ത്രപ്രകാരം മികവുള്ളതുമായിരിക്കണം. സിനിമയെടുക്കുന്നയാളിന് ധാരണയുണ്ടെങ്കിലേ ഇതെല്ലാം ഉണ്ടാകൂ.

ഈ രം​ഗത്ത് വരുന്നവർ ഒരു സിനിമയെടുത്ത് അപ്രത്യക്ഷരായി പോകരുത്. അവർക്ക് കിട്ടുന്ന ആദ്യത്തെ അവസരമാണിത്. സ്ത്രീകളും പിന്നാക്ക വിഭാ​ഗത്തിൽനിന്ന് വരുന്നവരും ഈ രം​ഗത്ത് തുടർന്നും ഉണ്ടാവണം. അവരുടെ ​ഗുണത്തിനും നന്മയ്ക്കും വേണ്ടിയാണ് ഞാൻ അങ്ങനെ പറഞ്ഞത്. അവരെ വേണ്ടത്ര പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. അങ്ങനെ ഉദ്ദേശിച്ചുപറഞ്ഞ കാര്യത്തെ വളച്ചൊടിച്ച് ആക്ഷേപിച്ചു എന്ന് പറയുന്നതെന്തിനാണെന്ന് മനസിലാവുന്നില്ല." അടൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സിനിമയെടുക്കണമെങ്കിൽ ആ​ഗ്രഹം മാത്രം പോര, അതിനെക്കുറിച്ച് പഠിക്കണം. ഇത്തരത്തിൽ സിനിമ ചെയ്തവർ എന്നോട് സംസാരിച്ചിട്ടുണ്ട്. കൃത്യമായ പരിശീലനം കിട്ടാത്തതിന്റെ കുറവ് ആ സിനിമകൾക്കുണ്ട്. മന്ത്രി എതിരഭിപ്രായം പറഞ്ഞത് അദ്ദേഹം സിനിമാ നിർമാതാവല്ലല്ലോ. 60 വർഷത്തെ അനുഭവ സമ്പത്തിലാണ് താൻ സംസാരിക്കുന്നതെന്നും അടൂർ കൂട്ടിച്ചേർത്തു.

Content Highlights: Adoor Gopalakrishnan clarifies his stance connected filmmaking training

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article