കുറ്റപ്പെടുത്താനല്ല കോച്ചിനെ നിയമിച്ചത്, പ്രശ്നങ്ങളുണ്ടെങ്കിൽ പഠിപ്പിക്കണമായിരുന്നു: ഗംഭീറിനെതിരെ രൂക്ഷവിമർശനം

2 months ago 2

ഓൺലൈൻ ഡെസ്ക്

Published: November 21, 2025 09:59 AM IST

1 minute Read

sanju-samson-gautam-gambhir-1
ഗൗതം ഗംഭീർ

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തിൽ കുറ്റം പറയാൻ വേണ്ടിയല്ല, പരിശീലകനായി ഗൗതം ഗംഭീറിനെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഇന്ത്യൻ താരങ്ങളുടെ ബാറ്റിങ്ങിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അതു പരിഹരിക്കുകയാണ് ഗംഭീറിന്റെ ചുമതലയെന്നും മനോജ് തിവാരി വ്യക്തമാക്കി. കൊൽക്കത്തയിലെ പിച്ചിന്റെ കാര്യത്തിൽ ഗംഭീർ നിലപാടു വ്യക്തമാക്കിയതു നല്ലതാണെന്നും, എന്നാൽ മത്സരത്തിനു മുൻപ് ബാറ്റർമാരുടെ പ്രകടനം മെച്ചപ്പെടുത്താൻ ശ്രമിക്കണമായിരുന്നെന്നും തിവാരി കുറ്റപ്പെടുത്തി.

‘‘തോറ്റുകഴിഞ്ഞിട്ട് താരങ്ങളുടെ ടെക്നിക്കിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പരിശീലകനെന്ന നിലയ്ക്കു നിങ്ങളുടെ ഉത്തരവാദിത്തം പഠിപ്പിക്കലാണ്, കുറ്റപ്പെടുത്തലല്ല. ബാറ്റർമാരുടെ പ്രതിരോധത്തിൽ പാളിച്ചകളുണ്ടായിരുന്നെങ്കിൽ മത്സരത്തിനു മുൻപ് എന്തുകൊണ്ട് അതു പരിഹരിച്ചില്ല? കളിച്ചിരുന്ന കാലത്ത് ഗംഭീർ സ്പിന്നര്‍മാർക്കെതിരെ മികച്ച പ്രകടനമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ബാറ്റർമാരെ പഠിപ്പിക്കണമായിരുന്നു. കാരണം ഫലം ഇപ്പോൾ ഇന്ത്യയ്ക്ക് അനുകൂലമല്ല.’’

‘‘വാഷിങ്ടന്‍ സുന്ദർ പ്രതിഭയുള്ള താരമാണ്. പക്ഷേ മൂന്നാം നമ്പരിൽ സായ് സുദർശൻ മികച്ച രീതിയിൽ കളിക്കുന്നുണ്ട്. നിങ്ങൾ അദ്ദേഹത്തെ വിശ്വസിക്കണമായിരുന്നു. സായ് സുദർശൻ ബാറ്റിങ്ങിൽ തിളങ്ങുമായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്.’’–മനോജ് തിവാരി ഒരു മാധ്യമത്തോടു പറഞ്ഞു. 30 റൺസ് വിജയമാണ് കൊൽക്കത്തയിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക നേടിയത്. ഈഡൻ ഗാർഡൻസിൽ 124 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 93 റൺസടിച്ച് ഓൾഔട്ടായിരുന്നു. തോല്‍വിക്കു പിന്നാലെ വൻ വിമർശനമാണ് ഇന്ത്യൻ ടീമിനെതിരെ ഉയരുന്നത്.

English Summary:

Job Is To Teach, Not Blame: Manoj Tiwary against Gautam Gambhir

Read Entire Article