Published: December 25, 2025 11:42 AM IST
1 minute Read
മുംബൈ∙ ‘കുള്ളൻ’ എന്നു വിളിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ജസ്പ്രീത് ബുമ്രയും ഋഷഭ് പന്തും തന്നോടു മാപ്പു പറഞ്ഞതായി ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ. ഇന്ത്യ– ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിനിടെ സംഭവിച്ച കാര്യങ്ങളെ പ്രചോദനമായി എടുക്കാനാണു താൽപര്യമെന്നും ആരോടും വിദ്വേഷമില്ലെന്നും ബാവുമ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 2–0ന് വിജയിച്ചിരുന്നു.
‘‘ഇന്ത്യൻ താരങ്ങൾ അവരുടെ ഭാഷയിൽ എന്നെക്കുറിച്ച് ഒരു കാര്യം പറഞ്ഞതായി എനിക്ക് അറിയാം. സീനിയര്‍ താരങ്ങളായ ഋഷഭ് പന്തും ജസ്പ്രീത് ബുമ്രയും എന്റെ അടുത്തുവന്ന് മാപ്പു പറഞ്ഞതാണ്. പക്ഷേ ആ സമയത്ത് അത് എന്തിനാണെന്ന് എനിക്കു മനസ്സിലായില്ല. പിന്നീട് ദക്ഷിണാഫ്രിക്കൻ ടീമിന്റെ മീഡിയ മാനേജരുമായി എനിക്കു സംസാരിക്കേണ്ടിവന്നു. പക്ഷേ ഗ്രൗണ്ടിൽവച്ചു പറഞ്ഞ കാര്യം ഞാൻ മറക്കില്ല. അതു നമ്മുടെ പ്രചോദനത്തിനുള്ള ഇന്ധനമാക്കി മാറ്റണം. അതിന്റെ പേരിൽ വിദ്വേഷം പാടില്ല.’’– ബാവുമ വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ ദക്ഷിണാഫ്രിക്കൻ പരിശീലകൻ ശുക്രി കോൺറാഡിന് ‘വലിച്ചിഴയ്ക്കുക’ പോലുള്ള പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നെന്നും ബാവുമ പ്രതികരിച്ചു. ‘‘ഇത്തരം പ്രതികരണങ്ങളിൽ വ്യക്തത വേണം. മാധ്യമങ്ങൾ വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ഞാൻ സമ്മർദത്തിലായി. ആദ്യമായി ഇതേക്കുറിച്ച് കേട്ടപ്പോൾ അരോചകമായാണു തോന്നിയത്. പക്ഷേ ടെസ്റ്റ് പരമ്പര എത്രത്തോളം കഠിനമാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. അന്ന് അതു പറഞ്ഞതിനു പകരം മറ്റേതെങ്കിലും വാക്ക് ഉപയോഗിക്കാമായിരുന്നെന്ന് ശുക്രി തന്നെ പ്രതികരിച്ചിട്ടുണ്ട്. എനിക്കും അതേ അഭിപ്രായമാണ്.’’– ബാവുമ പറഞ്ഞു.
ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങിനിടയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും പേസർ ജസ്പ്രീത് ബുമ്രയും സംസാരിക്കുന്നതിനിടെയാണു ‘കുള്ളൻ’ എന്ന വാക്ക് ഉപയോഗിച്ചത്. സ്റ്റംപ് മൈക്കാണ് പന്തിന്റെയും ബുമ്രയുടേയും സംസാരം പിടിച്ചെടുത്തത്. ‘ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന്റേത് ഒരു ഭീമന്റേതിനു സമാനമായ ഹൃദയമാണെന്നാണ്’ പരിശീലകൻ മത്സര ശേഷം പറഞ്ഞത്. എന്നാൽ ഇന്ത്യയെ തോല്‍പിച്ച ശേഷവും ബാവുമ ബോഡി ഷെയ്മിങ്ങിൽ പ്രതികരിച്ചിരുന്നില്ല.
English Summary:








English (US) ·