കുഴപ്പമാണെന്ന് മനസ്സിലായപ്പോൾ ജാതി കാർഡ് ഉപയോ​ഗിച്ചു; പണം എടുത്തെന്ന് അവർ പറഞ്ഞു- കൃഷ്ണകുമാർ

7 months ago 8

തിരുവനന്തപുരം: മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന ആരോപണത്തില്‍ ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കണമെന്ന ആവശ്യവുമായി നടൻ ജി. കൃഷ്ണകുമാർ. വിഷയത്തിൽ വാദി തങ്ങളാണ്. കുഴപ്പമുണ്ടെന്ന് മനസ്സിലായതോടെ അവർ ജാതി കാർഡ് ഉപയോ​ഗിച്ചുവെന്നും കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

'ജീവനക്കാരികളുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചാല്‍ തീരുന്ന വിഷയമേ ഇവിടുള്ളൂ. പണം എടുത്തിട്ടുണ്ടെന്നാണ് അവര്‍ തന്നെ പറയുന്നത്. എന്തുകൊണ്ടാണ് പോലീസ് ഇത് അന്വേഷിക്കാത്തത്. പോലീസ് സംവിധാനം ശരിയായാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍, ചില ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ഇതില്‍ കാണുന്നത്.

ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ചിലപ്പോള്‍ രാഷ്ട്രീയപരമായി വ്യത്യസ്തമായി ചിന്തിക്കുന്ന വ്യക്തിയാകാം അദ്ദേഹം. ഇതില്‍ മതവും രാഷ്ട്രീയവും ഒന്നും കലര്‍ത്താന്‍ പാടില്ല. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ യൂണിഫോമില്‍ വരുമ്പോള്‍ അദ്ദേഹം നിഷ്പക്ഷമായി വേണം അന്വേഷിക്കണം. വാദി ഞങ്ങളാണ്. ഞങ്ങള്‍ നല്‍കിയ പരാതിയിന്മേല്‍ കൗണ്ടര്‍ കേസ് ആണ് അവര്‍ നല്‍കിയത്. എന്നാൽ, അതിന് പിന്നാലെയാണ് ഇപ്പോഴുള്ള ഈ നടപടിയൊക്കെയുണ്ടാകുന്നത്.

കൃത്യമായി കുഴപ്പമുണ്ടെന്ന് മനസ്സിലായപ്പോള്‍ അവര്‍ ജാതി കാര്‍ഡ് എടുത്ത് ഉപയോഗിച്ചു. മത്സ്യത്തൊഴിലാളികളുടെ മേഖലയായ വലിയതുറ വരുന്ന പ്രദേശത്താണ് ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തിരഞ്ഞെടുപ്പിന് ശേഷവും അവിടെയാണ് പ്രവര്‍ത്തിച്ചത്. മക്കള്‍ ജാതിയും മതവും നോക്കിയല്ല ജോലിക്ക് ആളുകളെ എടുക്കുന്നത്. ജനങ്ങള്‍ക്ക് മതവും ജാതിയും തിരിച്ചറിയില്ല. ഇന്നേവരെ ജാതിയോ മതവോ നോക്കിയല്ല ആളുകളെ ജോലിക്കെടുത്തത്.

ഞങ്ങള്‍ വിവാഹംചെയ്തത് ജാതി നോക്കാതെയാണ്. മക്കള്‍ വിവാഹംചെയ്തിരിക്കുന്നതും അങ്ങിനെയാണ്. മറ്റ് മക്കള്‍ ആരെയാണ് വിവാഹം ചെയ്യാന്‍ പോകുന്നതെന്നും അറിയില്ല. തീര്‍ത്തും ജീവിതത്തില്‍ ജാതിയും മതവും ചിന്തിച്ചിട്ടില്ല', കൃഷ്ണകുമാർ പറഞ്ഞു.

ശനിയാഴ്ചയാണ് കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരേ പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തത്. ദിയ കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള 'ഒ ബൈ ഓസി' എന്ന ആഭരണക്കടയിലെ ജീവനക്കാരുടെ പരാതിയിലായിരുന്നു ഇത്. പിന്നാലെ, കൃഷ്ണകുമാറുംജീവനക്കാരും പരസ്പരം ആരോപണമുന്നയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlights: G. Krishnakumar's Accusations of Bias successful Financial Fraud Case

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article