'കുഴപ്പമില്ല മോനേ, കഴിഞ്ഞ കാര്യമല്ലേ'; മൈക്ക് തട്ടിയ സംഭവത്തിൽ മാധ്യമപ്രവർത്തകനോട് മോഹൻലാൽ

6 months ago 6

mohanlal mike incident

എന്താ മോനേ...: ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്ന മോഹൻലാലിനെ വളഞ്ഞ മാധ്യമസംഘത്തിൽ ഒന്നിന്റെ മൈക്ക് അദ്ദേഹത്തിന്റെ കണ്ണിൽ കൊണ്ടപ്പോൾ

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഒരുചടങ്ങ് കഴിഞ്ഞ് മടങ്ങവെ മാധ്യമസംഘത്തില്‍ ഒന്നിന്റെ മൈക്ക് മുഖത്ത് തട്ടിയപ്പോള്‍ അതിനോട് മോഹന്‍ലാല്‍ പ്രതികരിച്ച രീതി സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് ഒരു ചാനല്‍മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടിയത്. മകള്‍ വിസ്മയയുടെ സിനിമാപ്രവേശം സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടുന്നതിനിടെയായിരുന്നു സംഭവം. ഇത് വലിയ ചര്‍ച്ചയായതോടെ താന്‍ മോഹന്‍ലാലിനെ ബന്ധപ്പെട്ടുവെന്നും അദ്ദേഹം തന്നോട് ക്ഷമിച്ചുവെന്നും അവകാശപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തി. മോഹന്‍ലാലുമായി സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

വലിയ മാനസികബുദ്ധിമുട്ട് തോന്നിയപ്പോഴാണ് താന്‍ മോഹന്‍ലാലിനെ ബന്ധപ്പെടാന്‍ ശ്രമിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. താന്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു എന്ന് മനസിലാക്കിയ മോഹന്‍ലാല്‍ തിരികെ വിളിച്ചു. സംഭവിച്ചത് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞതായും സംഭവത്തില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും മാധ്യമപ്രവര്‍ത്തകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ഹലോ ലാലാണ്', എന്ന് സ്വയം പരിചയപ്പെടുത്തിയാണ് മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകനോട് സംസാരിച്ചു തുടങ്ങുന്നത്. 'ലാലേട്ടാ എനിക്ക് അബദ്ധം പറ്റിയതാണ്', എന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍, 'പ്രശ്‌നമൊന്നുമില്ല. അതൊന്നും കുഴപ്പമില്ല, കഴിഞ്ഞകാര്യമല്ലേ. ഉണ്ടായാലും ഒന്നും ചെയ്യാന്‍ ഒക്കുകയൊന്നുമില്ല', എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

വിസ്മയയുടെ സിനിമാ പ്രവേശവുമായി ബന്ധപ്പെട്ട ചോദ്യത്തോട് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നും മോഹന്‍ലാല്‍ വിശദീകരിച്ചു. 'അഞ്ചുമണിക്കോ, ആറുമണിക്കോ ഒരു പോസ്റ്റ് ഇടുമെന്ന് പറഞ്ഞു. ഞാന്‍ ഒരു ചടങ്ങിന് കയറി. അതിനിടയ്ക്ക് എന്താണ് ന്യൂസില്‍ വന്നതെന്ന് എനിക്ക് അറിയില്ല. അറിയാത്ത ഒരു കാര്യം സംസാരിക്കരുതല്ലോ. അതുകൊണ്ടാണ് ഞാന്‍ ന്യൂസില്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്നറിയില്ല എന്ന് പറഞ്ഞത്. അറിഞ്ഞൂടാത്തൊരു കാര്യം ഞാന്‍ നിങ്ങളോട് സംസാരിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാണ് എനിക്ക് അറിയില്ല. അറിഞ്ഞിട്ട് പറയാമെന്ന് പറഞ്ഞത്', മോഹന്‍ലാല്‍ വിശദീകരിച്ചു. 'കുഴപ്പമില്ല മോനേ, ടേക്ക് കെയര്‍. ഞാന്‍ പക്ഷേ നോക്കിവെച്ചിട്ടുണ്ട്', എന്ന് പറഞ്ഞാണ് കോള്‍ അവസാനിപ്പിച്ചത്.

തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ നടന്ന ജിഎസ്ടി ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. മൈക്ക് കണ്ണില്‍ തട്ടിയപ്പോള്‍, തിരികെ ദേഷ്യപ്പെടാതെ രംഗം സരസമായി നേരിട്ട മോഹന്‍ലാലിനെ സാമൂഹികമാധ്യമങ്ങള്‍ പുകഴ്ത്തിയിരുന്നു. 'എന്താണ് മോനേ ഇതൊക്കെ കണ്ണിലേക്ക്' എന്ന് ചോദ്യം മാത്രമായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. കാറില്‍ കയറിയശേഷം, 'അവനെ ഞാന്‍ നോക്കിവെച്ചിട്ടുണ്ട്' എന്ന് തമാശപറഞ്ഞായിരുന്നു മോഹന്‍ലാലിന്റെ മടക്കം.

Content Highlights: Mohanlal`s Calm Response to Mike Incident

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article