Published: January 15, 2026 10:44 AM IST
1 minute Read
തിരുവനന്തപുരം ∙ ഇന്ത്യൻ ടീമിലേക്കുള്ള തന്റെ ജൈത്രയാത്രയ്ക്കു പിന്തുണയും പ്രചോദനവും നൽകിയ സ്വന്തം നാട്ടുകാർക്കു നന്ദി പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം താരം സഞ്ജു സാംസൺ. താരം കളിച്ചു വളർന്ന തിരുവനന്തപുരം വിഴിഞ്ഞത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് സഞ്ജുവിന്റെ തുറന്നുപറച്ചിൽ.‘‘ വലുതായിട്ടൊക്കെ സംസാരിച്ചു വരുന്നേയുള്ളൂ. കുഴപ്പമില്ല, സ്പീച്ച് ഒക്കെ നന്നായി വരുന്നുണ്ടല്ലേ’’ എന്ന് ഇടയ്ക്ക് തമാശയായി സഞ്ജു പറയുകയും ചെയ്തു.
‘‘ചെറിയ വയസ്സിൽ അച്ഛനും അമ്മയും എന്നെയും ചേട്ടനെയും കളിപ്പിക്കാൻ കൊണ്ടുവന്നിരുന്ന സ്ഥലമായിരുന്നു ഇത്. വിഴിഞ്ഞം മുതൽ മെഡിക്കൽ കോളജ് ഗ്രൗണ്ട് വരെ അച്ഛനും അമ്മയും ഞങ്ങളെ കൊണ്ടുപോകുമായിരുന്നു. ചില ദിവസങ്ങളിൽ കോട്ടപ്പുറത്തെ വീട്ടിൽനിന്ന് വിഴിഞ്ഞം ബസ് സ്റ്റാൻഡ് വരെ ഞാനും ചേട്ടനും വലിയ ബാഗുമെല്ലാം തൂക്കി നടന്ന് പോകാറുണ്ടായിരുന്നു. അപ്പോൾ ഞാൻ വഴിയിൽ കണ്ടിരുന്ന പല ചേട്ടന്മാരുടെ മുഖവും എനിക്കിവിടെ കാണാം. അന്ന് നിന്നെക്കൊണ്ട് പറ്റുമെടാ, നീ ഒരിക്കൽ ഇന്ത്യക്കായി കളിക്കും എന്ന് പറഞ്ഞ് പിന്തുണ നൽകിയ എല്ലാവരോടും നന്ദി പറയുന്നു. എടുത്തു പറയേണ്ടത് ഇവിടുത്തെ ഓട്ടോ ചേട്ടന്മാരെക്കുറിച്ചാണ്. വലിയ ബാഗുമായി നടന്ന് പോയിരുന്ന സമയത്ത്, നീ കയറിക്കോ ബസ് സ്റ്റാൻഡിൽ കൊണ്ടുപോയി വിടാം എന്നു പറഞ്ഞ കുറേ ചേട്ടന്മാരുണ്ട്. അതിനു വലിയ സന്തോഷം.
കഴിഞ്ഞ ദിവസം അച്ഛൻ വിളിച്ചിരുന്നു. ഒരു പരിപാടിയുണ്ട്, നീ എത്തിയിരിക്കണം എന്നാണ് പറഞ്ഞത്. ഇന്ത്യൻ ക്യാംപ് അല്ല എന്താണെങ്കിലും ഒരു ദിവസം നീ വിഴിഞ്ഞംകാർക്കായി മാറ്റിവെക്കണം എന്നാണ് അച്ഛൻ എന്നോട് പറഞ്ഞത്. ഇത്രയും സ്നേഹവും പിന്തുണയും എനിക്കും എന്റെ കുടുംബത്തിനും നൽകുന്ന എല്ലാവരോടും നന്ദി പറയുന്നു.
ഇവിടെ കുറേ കായികതാരങ്ങളെയും കുട്ടികളെയും എനിക്ക് കാണാം. ഇവരോട് എനിക്ക് ഒരു കാര്യമാണ് പറയാനുള്ളത്. നമ്മുടെ മനസിൽ നമുക്കൊരു ആഗ്രഹം ഉണ്ട്, സ്വപ്നം ഉണ്ട്, അത് നേടിയെടുക്കാനുള്ള ആത്മവിശ്വാസവും അച്ചടക്കവും കാട്ടാൻ നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ എന്തും നമുക്ക് നേടാൻ സാധിക്കും. നമുക്ക് പിന്നെ, ഈ ഏരിയയിൽ ഉള്ളവർക്ക് കുറച്ച് എക്സ്ട്രാ കോൺഫിഡൻസും പവറുമൊക്കെയുണ്ട്. അതൊക്കെ ലോകത്തെ അറിയിക്കണം. ലോകം അറിയുന്ന ഒരുപാട് ആളുകൾ ഇവിടെ നിന്ന് വളർന്നുവരട്ടെ എന്നാണ് ആഗ്രഹം.’’– സഞ്ജു പറഞ്ഞു.
ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള തയാറെടുപ്പിലാണ് സഞ്ജു സാംസൺ. ഈ മാസം 21 മുതലാണ് ട്വന്റി20 പരമ്പര. 31നു തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് അവസാന മത്സരം. അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും സഞ്ജുവുണ്ട്.
English Summary:








English (US) ·