അസമിലെ ദിബ്രുഗഡിൽനിന്ന് തോമസ് ജേക്കബ്
Published: January 20, 2026 08:36 AM IST Updated: January 20, 2026 01:12 PM IST
2 minute Read
-
കേരളത്തിന്റെ ആദ്യ മത്സരം 22ന്
നിലതെറ്റിയ മൈതാനം, മുളകൊണ്ടു കെട്ടിയൊരുക്കിയ ഗാലറി, ‘പറഞ്ഞു പറ്റിച്ച’ കാലാവസ്ഥ... രാജ്യത്തെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റുകളിൽ ഒന്നായ സന്തോഷ് ട്രോഫിയിൽ കിരീടം മോഹിച്ച് അസമിലെ ദിബ്രുഗഡിലെത്തുന്ന കേരള ടീമിനെ കളത്തിന് അകത്തും പുറത്തും കാത്തിരിക്കുന്നത് ഒരുപിടി വെല്ലുവിളികളാണ്. അസമിലെ തണുപ്പ് കൂടിയ കാലാവസ്ഥയെ പ്രതിരോധിക്കാൻ വയനാട്ടിലാണ് കേരള ടീം പരിശീലനം നടത്തിയിരുന്നത്. എന്നാൽ ഇവിടെ ഇപ്പോൾ കാര്യമായ തണുപ്പില്ല. മത്സരം നടക്കുന്ന മൈതാനത്താകട്ടെ നിറയെ കുഴികൾ. കാണികൾക്കായി ഒരുക്കിയിരിക്കുന്നത് മുളകൊണ്ടുള്ള ഗാലറികളും. നാളെ തുടക്കമാകുന്ന ടൂർണമെന്റിൽ 22ന് പഞ്ചാബുമായാണ് കേരളത്തിന്റെ ആദ്യ മത്സരം.
തണുപ്പൊക്കെ എന്ത്?അസമിലെ തണുത്ത കാലാവസ്ഥ വെല്ലുവിളിയാകുമെന്ന കണക്കുകൂട്ടലിലാണ് ടീം വയനാട് പരിശീലനത്തിനായി തിരഞ്ഞെടുത്തത്. എന്നാൽ ടീം താമസിക്കുന്ന ദിബ്രുഗഡിലും മത്സരങ്ങൾ നടക്കുന്ന ദെമാജിയിലും ഭീകരമായ തണുപ്പില്ല. വലിയ വെല്ലുവിളി ഒഴിവായ ആശ്വാസത്തിലാണ് ഉദ്ഘാടന മത്സരം നടക്കാനിരിക്കുന്ന സിലാപത്തർ രാജീവ് ഗാന്ധി ഫുട്ബോൾ സ്റ്റേഡിയം സന്ദർശിക്കാൻ തീരുമാനിച്ചത്. പക്ഷേ, അവിടെ കണ്ട കാഴ്ച ഞെട്ടിച്ചു. കേരളം ഗ്രൂപ്പ് ഘട്ടത്തിൽ 3 മത്സരങ്ങൾ കളിക്കേണ്ട മൈതാനത്തിന്റെ പ്രതലം നിരപ്പല്ല!
യാത്രയുടെ കഥഅസമിന്റെ ഹൃദയമായ ബ്രഹ്മപുത്ര നദിയുടെ കുറുകെ നിർമിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ കം റോഡ് ബ്രിജായ ബൊഗീബീൽ പാലം പോകുന്നു. ആ എൻജിനീയറിങ് അദ്ഭുതം നമ്മുടെ സന്തോഷ് ട്രോഫി താരങ്ങൾക്ക് കണ്ണ് നിറയെ കാണാം. ടീം താമസിക്കുന്ന ദിബ്രുഗഡ് ജില്ലയെയും മത്സരങ്ങൾ നടക്കുന്ന ധെമാജി ജില്ലയെയും ബന്ധിപ്പിക്കുന്നത് 4.94 കിലോമീറ്റർ നീളമുള്ള ഈ പാലമാണ്. ദിബ്രുഗഡിൽനിന്നു സിലാപത്തറിലേക്കുള്ള 51 കിലോമീറ്റർ യാത്രയിൽ ഈ പാലം കടന്നുവേണം സഞ്ചരിക്കാൻ. രണ്ടാമത്തെ സ്റ്റേഡിയമായ ധാക്കുവാഖാന സ്റ്റേഡിയത്തിലേക്ക് 79 കിലോമീറ്ററാണ് ദൂരം. എല്ലാ ദിവസവും മത്സരങ്ങൾക്കായി വേദിയിലേക്കും അവിടെനിന്നു താമസ സ്ഥലത്തേക്കും ടീം റോഡ് മാർഗം സഞ്ചരിക്കേണ്ടത് 100 കിലോമീറ്ററിലധികം ദൂരം. മത്സരങ്ങൾ നടക്കുന്ന വേദികൾ തമ്മിൽ 65 കിലോമീറ്റർ അകലം.
മൈതാനം നിറയെ കുഴികൾസിലാപത്തർ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്ന് മൈതാനത്ത് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മൈതാനത്ത് പുല്ലുകൾ വളർന്നു തുടങ്ങുന്നതേയുള്ളു. മൈതാനം നിരപ്പല്ലെന്ന് ആദ്യ കാഴ്ചയിൽ തന്നെ വ്യക്തം. പുല്ലുവളരാനായി നനയ്ക്കുന്ന വെള്ളം കുഴികളിൽ കെട്ടിക്കിടക്കുന്നു. ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി അസം ഫുട്ബോൾ ഫെഡറേഷൻ അധികൃതർ മൈതാനത്തുണ്ടായിരുന്നു.
സന്തോഷ് ട്രോഫി ഫുട്ബോൾ നടത്താനുള്ള തയാറെടുപ്പുകൾ എവിടെ വരെയായി എന്ന ചോദ്യത്തിന് ഉത്തരമായി അവർ കൈ ചൂണ്ടിയത് പുതിയതായി പണി തീർത്ത കോൺക്രീറ്റ് ഗാലറിയിലേക്ക്. മൈതാനത്തിന്റെ ഒരു ഭാഗത്ത് നൂറോളം ഇരിപ്പിടങ്ങൾ മാത്രമുള്ള ഗാലറി. കേരളത്തിൽ നടക്കുന്ന സെവൻസ് ടൂർണമെന്റുകളെ അനുസ്മരിപ്പിക്കുന്ന ഗാലറികൾ പോലെ മൈതാനത്തിന് ചുറ്റും മുളകൾ ഉപയോഗിച്ചുള്ള ഗാലറി നിർമാണവും നടക്കുന്നു. മൈതാനത്തെക്കുറിച്ചും ഗാലറിയെക്കുറിച്ചും യാതൊരുവിധ ആശങ്കകളും വേണ്ടെന്നും സന്തോഷ് ട്രോഫി ഫുട്ബോൾ നടത്താൻ ഞങ്ങൾ പൂർണ സജ്ജരാണെന്നും അസം എഫ്എ ഹെഡ് ഓഫ് അഡ്മിനിസ്ട്രേഷൻ റണജിത് മഹന്ദ പൂർണ ആത്മവിശ്വാസത്തോടെ പറഞ്ഞു.
കേരളം ഇന്ന് പറന്നെത്തുംദിബ്രുഗഡ് ∙ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾക്കായി കേരള ടീം അസമിലെ ദിബ്രുഗഡിലേക്ക് ഇന്നെത്തും. എട്ടാം സന്തോഷ് ട്രോഫി കിരീടം തേടിയാണ് കേരളം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു അസമിലേക്ക് തിരിച്ചത്. ഇന്നലെ രാത്രി 8.45ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് യാത്ര തിരിച്ച ടീം ഇന്ന് രാവിലെ 6.45ന് ഡൽഹിയിൽനിന്ന് ദിബ്രുഗഡിലേക്കുള്ള വിമാനം കയറും. 9.30യോടെ ഇവിടേക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നു.
താമസസ്ഥലത്ത് കേരള താരങ്ങൾക്ക് പ്രത്യേകം ഭക്ഷണം പാചകം ചെയ്യാനുള്ള സാധ്യത ടീം അധികൃതർ തേടിയിരുന്നെങ്കിലും അസം ഫുട്ബോൾ അസോസിയേഷൻ അനുവദിച്ചില്ല. പകരം കേരള ടീമിന് പ്രത്യേകം ദക്ഷിണേന്ത്യൻ വിഭവങ്ങൾ പാചകം ചെയ്ത് നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. കടുക് എണ്ണയിൽ പാചകം ചെയ്യുന്ന ഭക്ഷണം താരങ്ങൾക്ക് പരിചയമില്ലാത്തതിനാൽ 10 ലീറ്റർ വെളിച്ചെണ്ണയുമാണ് ടീം യാത്ര തിരിച്ചിരിക്കുന്നത്. വ്യോമയാന ചട്ടങ്ങൾ വെല്ലുവിളിയാകില്ലെന്നാണ് പ്രതീക്ഷ.
English Summary:








English (US) ·