അമേരിക്കയ്‌ക്കെതിരായ പ്രതികാര നടപടികളുടെ ഭാഗമായി കുവൈറ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സ് (ഐആർജിസി) അവകാശപ്പെട്ടു. കുവൈറ്റിലെ അലി അൽ സലേം വ്യോമതാവളത്തിലുള്ള യുഎസിന്റെ മുൻകൂർ മുന്നറിയിപ്പ് റഡാർ സംവിധാനവും മറ്റ് സൈനിക സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡ്രോൺ ആക്രമണത്തിലൂടെ യുഎസിന്റെ മുൻകൂർ മുന്നറിയിപ്പ് റഡാർ സംവിധാനം പൂർണമായും നശിപ്പിച്ചതായി ഐആർജിസി പ്രസ്താവനയിൽ അറിയിച്ചു. വ്യോമയാന ഉപകരണങ്ങൾ, സ്പെയർ പാർട്സ്, ഡ്രോൺ ഹാംഗറുകൾ എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണും മറ്റൊരു ആക്രമണത്തിൽ തകർന്നതായും നിരവധി ഡ്രോണുകൾ കത്തിനശിച്ചതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, അമേരിക്കയുടെ സൈനിക പ്രവർത്തനങ്ങൾക്ക് കുവൈറ്റ് തങ്ങളുടെ ഭൂപ്രദേശം ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് ഐആർജിസി കുവൈറ്റ് ജനതയോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ പതിറ്റാണ്ടുകളായി നിരവധി മുസ്ലിം രാജ്യങ്ങളിൽ സൈനിക ഇടപെടലുകൾ നടത്തിയ യുഎസ് സൈന്യത്തിന് സുരക്ഷിത താവളമാകരുത് കുവൈറ്റ് എന്ന നിലപാടാണ് സംഘടന മുന്നോട്ടുവച്ചത്.
“ഇസ്ലാമിക രാജ്യങ്ങളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനായി നിങ്ങളുടെ മതപരമായ ഉത്തരവാദിത്വം നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് കുവൈറ്റ് ജനതയെ അഭിസംബോധന ചെയ്ത പ്രസ്താവനയിൽ ഐആർജിസി വ്യക്തമാക്കി. മുസ്ലിം രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് സ്വന്തം രാജ്യം ഉപയോഗിക്കാൻ അനുവദിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, ഇറാനിലെ അഹ്വാസ് മേഖലയിൽ യുഎസിന്റെ എംക്യു-9 ഡ്രോൺ വെടിവച്ചിട്ടതായും ഐആർജിസി അവകാശപ്പെട്ടു. ഇറാന്റെ സംയോജിത വ്യോമ പ്രതിരോധ ശൃംഖലയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നൂതന വ്യോമ പ്രതിരോധ സംവിധാനമാണ് ഡ്രോൺ തകർത്തതെന്ന് തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പശ്ചിമേഷ്യയിലെ യുഎസ് സൈനിക ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ പ്രതികാര നടപടികൾ ശക്തമാക്കുന്നതിനിടെയാണ് പുതിയ അവകാശവാദങ്ങൾ പുറത്തുവന്നത്. അമേരിക്കയിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ അതിന് വിനാശകരമായ മറുപടി നൽകുമെന്ന് ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ കമാൻഡർ മേജർ ജനറൽ അലി അബ്ദുള്ളഹിയും മുന്നറിയിപ്പ് നൽകിയതായി ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
1 day ago
1





English (US) ·