കൂടപ്പിറപ്പുകളെപ്പോലെ വിശ്വസിച്ചവരാണ്, പക്ഷേ ദിയയുടെ വയ്യായ്മ അവർ മുതലെടുത്തു -സിന്ധു കൃഷ്ണകുമാർ 

7 months ago 6

​സ്വന്തം കൂടപ്പിറപ്പുകളെപ്പോലെ വിശ്വസിച്ചവരാണ് ദിയയെ പറ്റിച്ചതെന്ന് അമ്മ സിന്ധു കൃഷ്ണകുമാർ. ഗർഭിണിയായ ദിയയുടെ ആരോ​ഗ്യപ്രശ്നങ്ങൾ അവർ ​ മുതലെടുത്തു. ദിയയുടെ കടയിലെ ആഭരണങ്ങൾ മറിച്ച് വിറ്റ് അത് അയയ്ക്കുന്ന കൊറിയർ ഫീസ് കൂടി ദിയയെക്കൊണ്ട് തന്നെ കൊടുപ്പിച്ചു. മകൾ ഇഷാനിയുടെ സുഹൃത്ത് ആഭരണം വാങ്ങിയപ്പോൾ ഉണ്ടായ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ വഴിതെളിച്ചത്. ഏത് പേയ്മെന്റ് ആയാലും മൂന്നുപേരും തുല്യമായി വീതിച്ചെടുക്കും. ഇത്രയും ചെറിയ പെൺകുട്ടികളുടെ മനസ്സിൽ കുറ്റകൃത്യം ചെയ്യാനുള്ള വാസന എങ്ങനെ വരുന്നു എന്നതാണ് തന്നെ വിഷമിപ്പിച്ചതെന്നും സിന്ധു കൃഷ്ണകുമാർ പറഞ്ഞു. കേരളരാഷ്ട്രീയം എന്ന യൂട്യൂബ് ചാനലിനോടായിരുന്നു സിന്ധു ഇക്കാര്യങ്ങൾ പറഞ്ഞത്.

‘‘ദിയ വിശ്വസിച്ച് ഷോപ്പിൽ നിർത്തിയിരുന്ന പിള്ളേരായിരുന്നു അവർ. എനിക്ക് പലപ്പോഴും ഒരു റോങ്ങ് വൈബ് അവരിൽ നിന്ന് ഫീൽ ചെയ്തിട്ടുണ്ട്. പക്ഷേ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. ഇഷാനിയുടെ ഒരു സുഹൃത്ത് അവിടെ പോയി സാധനം വാങ്ങിച്ചപ്പോൾ ആ കുട്ടിയുടെ പേയ്മെന്റ് മറ്റൊരു ക്യൂ ആർ കോഡിൽ വാങ്ങിയതോടു കൂടിയാണ് ഈ വിവരം പുറത്തറിഞ്ഞത്. എനിക്കും ഷോക്കിങ് ആയിരുന്നു ഈ വാർത്ത. അഞ്ഞൂറോ ആയിരമോ എടുക്കുന്നതുപോലെ അല്ലല്ലോ ഇത്രയും വലിയൊരു സംഖ്യ എടുക്കുന്നത്.

നമുക്ക് മുന്നിൽ വരുന്നതെല്ലാം നേരിട്ടല്ലേ പറ്റൂ. നമ്മുടെ ഭാഗത്ത് ശരിയുണ്ടെങ്കിൽ പേടിക്കേണ്ട കാര്യമില്ല. ആ കുട്ടികളെ കയ്യോടെ പിടിക്കുകയും അവർ കുറ്റസമ്മതം നടത്തുകയും ചെയ്യുന്ന വീഡിയോ നമ്മുടെ കയ്യിൽ ഉണ്ട്. ആ വീഡിയോ പോലും ഞങ്ങൾ പുറത്തുവിടാതിരുന്നതാണ്. ഇപ്പോൾ അവർ ഞങ്ങൾക്കെതിരെ കേസുമായി പോയതുകൊണ്ടാണ് അത് പുറത്തുവിട്ടത്. എന്നാലും നമ്മൾ അപ്പോഴും ചിന്തിക്കുന്നത് ഇത് പുറത്തുവിട്ടാൽ, കേസിനുപോയാൽ അവരുടെ പേരു മോശമാകും എന്നായിരുന്നു.

പണം കൊണ്ടുവരാം, കേസു കൊടുക്കരുത്, ഞങ്ങളുടെ ജീവിതം നശിപ്പിക്കരുത് എന്നാണ് അവർ പറഞ്ഞിരുന്നത്. മൂന്ന് പെൺകുട്ടികളാണ്, രണ്ടുപേർ 25 വയസ്സിന് താഴെ പ്രായമുള്ളവരാണ്. അവർക്ക് ഒരുപാട് ജീവിതം മുന്നിലുണ്ട്. അപ്പോ നമ്മളായി ആ കുട്ടികളുടെ ഭാവി തകർക്കരുത്, ക്ഷമിക്കാം എന്നാണു കരുതിയിരുന്നത്. പക്ഷേ അതിനുശേഷം കൂടെയുള്ള ആരെങ്കിലും അവർക്ക് കൊടുക്കുന്ന ഉപദേശം കേട്ടിട്ട് ആയിരിക്കാം, അവർ ആ ദിവസം രാത്രി ദിയയെ വിളിക്കുന്നതും എന്തൊക്കെയോ വേണ്ടാത്തത് പറയുന്നതും. അങ്ങനെയാണ് ഞങ്ങൾ ഒരു കേസ് കൊടുത്തത്. അവരോട് ക്ഷമിക്കാനാണ് മനസ്സ് പറയുന്നത്. അവരോട് ദേഷ്യമുണ്ട്, തീർച്ചയായും നമുക്ക് ദേഷ്യമുണ്ട്, തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം. പക്ഷേ മകൾ വളരെ ഇഷ്ടത്തോടെ വച്ചിരുന്നതാണ് ഇവരെ. ഈ കുട്ടികളെ പൊലീസ് പിടിക്കുന്നതൊന്നും അവൾക്ക് സഹിക്കാൻ കഴിയില്ലായിരുന്നു.

ദിയ ഈ ക്രൈം കണ്ടുപിടിച്ചതിന്റെ പിറ്റേന്ന് തന്നെ നാലരലക്ഷം തിരികെ കൊണ്ടു തരണമെങ്കിൽ അവരുടെ കയ്യിൽ റെഡി ക്യാഷ് ഉണ്ട്. രാവിലെ പണയം വയ്ക്കാൻ പോകാൻ പോലും സമയമില്ല. ഒൻപത് മണി ആയപ്പോഴാണ് ദിയുടെ ഫ്ലാറ്റിൽ അവർ ഓടി വന്ന് കാല് പിടിക്കാൻ തുടങ്ങിയത്. അയ്യോ ചേച്ചി ഇത് വയ്ക്ക്, ആരോടും പറയല്ലേ ആരോടും പറയല്ലേ എന്ന് പറഞ്ഞു. അങ്ങനെയാണ് ദിയ ഞങ്ങളെ വിളിച്ചത്. ഈ പിള്ളേര്‍ ഇവിടെ കാശുമായി വന്നു കിടന്ന് കരഞ്ഞു ബഹളം വയ്ക്കുന്നു, നിങ്ങളൊന്ന് വരുമോ എന്ന് ചോദിച്ചു. ദിയ ആകെ സമ്മർദത്തിൽ ആയിപ്പോയി. ഇത്രയും കാശോടെ വന്നപ്പോഴാണ് ദിയ ആലോചിക്കുന്നത് ഇത്രയും അവർ എടുത്തോ എന്നതു തന്നെ?

അങ്ങനെയാണ് ഞങ്ങൾ പോയത്. അവിടെ ഇരിക്കുമ്പോൾ ഒരു പെൺകൊച്ചിന്റെ ഭർത്താവ് പോയി നാലുലക്ഷം കൊണ്ടുവന്നു. ഞങ്ങളുടെ കയ്യിൽ ഇത്രയേ ഉള്ളൂ ഞങ്ങൾക്ക് ഇനി തരാൻ ഒന്നുമില്ല എന്നൊക്കെ പറഞ്ഞു. അവസാനം ഇവിടുന്ന് പോകുന്നതിനു മുമ്പേ ഇനിയും പറ്റുന്നത് കൊണ്ടുവരാം എന്ന് പറഞ്ഞു. ഞങ്ങളുടെ സോഷ്യൽ മീഡിയയിൽ ഇക്കാര്യങ്ങൾ ഇട്ടാൽ പോലും എല്ലാവരെയും അറിയിക്കാം. പക്ഷേ ഞങ്ങൾ ആരും അത് ചെയ്തില്ല. എല്ലാവരുടെയും കയ്യിൽ അവർ കുറ്റസമ്മതം ചെയ്യുന്ന വീഡിയോ ഉണ്ട്. എന്നുതൊട്ടാണ് ചെയ്തു തുടങ്ങുന്നത് എന്ന് ചോദിക്കുമ്പോൾ ഇത്ര മാസം വരെ പറയുന്നുണ്ട്. എന്തിനാണ് ഇത് ചെയ്തത് എന്ന് ചോദിക്കുമ്പോൾ ദിയയെ ഇഷ്ടമല്ലാത്തുകൊണ്ടാണ് അത് ചെയ്തത് എന്നുവരെ പറയുന്നുണ്ട്. ഇങ്ങനെയൊക്കെ ചെയ്താൽ നിങ്ങൾ പിടിക്കപ്പെടും എന്ന് നിങ്ങൾക്ക് അറിയില്ലേ എന്നുചോദിച്ചപ്പോൾ അറിയാം എന്നും പറയുന്നുണ്ട്. ഇപ്പോൾ തന്നെ വളരെ കുറച്ചു വിഷ്വൽ ആണ് ഞങ്ങൾ പുറത്തുവിട്ടത്. അല്ലാതെ അവർ ഇരുന്നു കരയുന്നതും കാലുപിടിക്കുന്നതും ഒന്നും ഇട്ടിട്ടില്ല.

അതിൽ രണ്ടുപെൺകുട്ടികൾ കല്യാണം കഴിച്ചതാണ്. അവരുടെ ഭർത്താക്കന്മാരുമായാണ് ഇവിടെ വന്നത്. അവര്‍ നമ്മുടെ ഓഫീസിൽ നിന്ന് ഇറങ്ങി പോകുന്നതും പുറത്തോട്ട് പോകുന്നതും എല്ലാം നമ്മൾ വിഡിയോ എടുത്തു. ഇങ്ങനെ ഉള്ളവര്‍ നാളെ ഇതിനെ ട്വിസ്റ്റ് ചെയ്യാൻ ചാൻസ് ഉള്ളവരാണ് എന്ന് നന്നായി അറിയാം എന്നുള്ളതുകൊണ്ടാണ് വീഡിയോ എടുത്തത്. അവർ തമ്മിൽ തമ്മിൽ തന്നെ ചോദിക്കുന്നുണ്ട് “ഇത്രയും എടുത്തോ” എന്ന്.

ഈ കുട്ടികൾ വരുന്നത് ഉച്ചയ്ക്ക് ഒരു മണിക്ക് ആണ്, നാലരയാകുമ്പോൾ പോകും. ഓൺലൈനിൽ വരുന്ന ഓർഡേഴ്സ് പാക്ക് ചെയ്യുന്നതായിരുന്നു ഇവരുടെ പ്രധാന ജോലി. ഡിമാൻഡ് കൂടിയപ്പോഴാണ് കുറച്ച് കസ്റ്റമേഴ്സ്, ഞങ്ങൾ കടയിൽ വന്നു നോക്കി വാങ്ങിച്ചോട്ടെ എന്ന് ചോദിക്കുന്നത്. അതുകൊണ്ട് ദിയയുടെ ഓഫിസിൽ ഒരു മുറി ഡിസ്പ്ലേ പോലെ ആക്കി ജ്വല്ലറി വച്ചു. വാട്സാപ്പ് വഴി വരുന്ന ഓർഡർ ആണ് കൂടുതലും ഇവർ ഡീൽ ചെയ്തുകൊണ്ടിരുന്നത്. 30 ഓർഡർ വരുമെങ്കിൽ 10 ഓർഡർ ദിയയെ അറിയിക്കും. ബാക്കി 20 ഇവരുടെ ക്യുആർ കോഡിൽ എടുക്കും. ദിയ ​ഗർഭിണിയായതുകൊണ്ടാണ് ഓഫീസിൽ പോയി സ്റ്റോക്ക് നോക്കാൻ പറ്റാതിരുന്നത്. ഓഫിസിൽ കസ്റ്റമേഴ്സ് ആരും വരുന്നില്ല എന്ന് അവർ പറയുന്നത് ദിയ വിശ്വസിച്ചിരുന്നു. ഒരു കുട്ടി ദിയയുടെ സാധനങ്ങൾ എടുത്തുകൊണ്ടുപോയി പുറത്ത് വേറെ ബിസിനസ്സ് നടത്തി. അത് ദിയയുടെ തന്നെ കൊറിയർ ഏജന്റ് വഴി അയച്ച് ദിയയെക്കൊണ്ട് തന്നെ കൊറിയർകാർക്കു പേയ്മെന്റ് കൊടുപ്പിച്ചു. അമേരിക്കയിലേക്ക് വരെ സാധനങ്ങൾ അയച്ചിരുന്നു. ദിയയുടെ സാധനങ്ങൾ അവർ എടുത്ത് മറിച്ചു വിറ്റുകൊണ്ടിരുന്നു. അവളുടെ വയ്യായ്മ അവർ മുതലെടുത്തു.

ദിയ അവരെ ഒരുപാട് വിശ്വസിച്ചിരുന്നു. ആ വിശ്വാസം അവർ മുതലെടുത്തു. ഞാൻ ആയിരുന്നെങ്കിൽ ഇങ്ങനെ ആരെയും വിശ്വസിക്കില്ല. ചെറിയ തുകയാണ് വരുന്നതെങ്കിൽ ദിയയുടെ ക്യൂ ആർ കോഡ് കൊടുക്കും. ചിലപ്പോൾ എൻആർഐ ആളുകൾ ഒക്കെ വരും, അവർ വലിയ തുകയ്ക്ക് സാധനം വാങ്ങും, അപ്പോൾ അവരുടെ ക്യൂ ആർ കൊടുക്കും. ഇങ്ങനെയാണ് ചെയ്തിരുന്നത്. അക്കൗണ്ടന്റിന്റെ ക്യൂആർ കോഡ് ആണ് എന്നാണു പറഞ്ഞിരുന്നത്. ഏത് പേയ്‌മെന്റ് വാങ്ങിയാലും തുല്യമായി വീതിച്ചെടുക്കും.

ദിയയ്ക്ക് പണം പോയതിനേക്കാൾ വിഷമം ഇവർ പറ്റിച്ചതിലാണ്. ഇങ്ങനെ ചെയ്തതിൽ നിങ്ങൾക്ക് ഒരു കുറ്റബോധവും ഇല്ലായിരുന്നോ എന്ന് അഹാന ചോദിച്ചപ്പോൾ, ഉണ്ട് എന്നുപറഞ്ഞു, പിന്നെ എന്തിനാ ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചാൽ, അത് അറിഞ്ഞൂടാ ചേച്ചി എന്ന് പറയും. ഈ പയ്യന്മാർക്ക് ഇതിൽ കയ്യുണ്ട് കാരണം പയ്യന്മാർ കാലിൽ വീണതിന് കയ്യും കണക്കുമില്ല. ഇത്രയും ചെറിയ പെൺകുട്ടികളുടെ മനസ്സിൽ കുറ്റകൃത്യം ചെയ്യാനുള്ള വാസന എങ്ങനെ വരുന്നു എന്നതാണ് എന്നെ വിഷമിപ്പിച്ചത്.

ഇവിടെ സ്വമേധയാ വന്നിട്ട് ഇറങ്ങിപ്പോയവർ അവരെ തട്ടിക്കൊണ്ടുപോയി എന്ന് പിന്നീട് പറയുന്നതൊക്കെ വിശ്വസിക്കാൻ പോലും പറ്റുന്നില്ല. ഞങ്ങൾ വീഡിയോ എടുത്തത് അവരെ ഭയപ്പെടുത്തി, ആരെയും കാണിക്കരുത് ആരോടും പറയരുത് എന്നൊക്കെ പറഞ്ഞു. ഇതെല്ലാം ജീവിതത്തിൽ ഒരു പാഠമാണ്. ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റിയിൽ പോയ് പഠിച്ച് ഡിഗ്രി എടുത്തതുപോലെ ഒരു പാഠം. അങ്ങനെ കണ്ടാൽ മതി ഈ വിഷയം എന്നാണ് ഞാൻ മക്കളോട് പറയുന്നത്. എല്ലാവരെയും കണ്ണുമടച്ച് വിശ്വസിക്കരുത് എന്ന് മനസ്സിലായി. ദിയയുടെ ബിസിനസ്സിൽ ഞങ്ങൾ ആരും ഇടപെട്ടിട്ടില്ല. കുട്ടികളുടെ ആരുടേയും സാമ്പത്തിക കാര്യങ്ങളിൽ ഞങ്ങൾ കൈകടത്താറില്ല. അവർക്ക് ഒരു സഹായം വേണ്ടി വരുമ്പോൾ സഹായിക്കും. ബിസിനസിൽ എത്ര വിറ്റു പോകുന്നു എത്ര കിട്ടുന്നു എത്ര പ്രോഫിറ്റ് ഉണ്ട് അതൊന്നും നമ്മൾ നോക്കാറില്ല. ഒരുപക്ഷേ നമ്മൾ ആരെങ്കിലും ഇതിൽ ഇടപെട്ടിരുന്നെങ്കിൽ ഇങ്ങനെ ഒരിക്കലും സംഭവിക്കില്ലായിരുന്നു.

എന്താണ് ആളുകൾ ഇങ്ങനെ എന്നാണ് ഞാൻ ആലോചിക്കുന്നത്. രണ്ടു പയ്യന്മാരുടെ കൂടെ വരുന്ന ഇവരെ ആര് തട്ടിക്കൊണ്ടു പോകാനാണ്? അത് മാത്രം ആലോചിച്ചാൽ പോരെ. ഞാനും എന്റെ മക്കളും ഇവിടെ ജോലിക്ക് നിൽക്കുന്നവരുമായി ഏഴു പെണ്ണുങ്ങൾ ആണ് ഉളളത്. ആ മൂന്നു പെൺകുട്ടികളും അവരുടെ ഭർത്താക്കന്മാരും ഉണ്ട്. അവർ തനിയെ വന്നു, തനിയെ പോയി, അവരെ ഞങ്ങൾ എങ്ങനെ തട്ടിക്കൊണ്ടു പോകാനാണ്.’’–സിന്ധു കൃഷ്ണയുടെ വാക്കുകൾ.

Content Highlights: Diya Krishna Defrauded by Trusted Employees: A Case of Betrayal and Exploitation

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article