31 May 2025, 02:12 PM IST

നടി സുർവീൻ ചൗള | ഫോട്ടോ: AFP
സിനിമാ മേഖലയിൽനിന്നും ഒന്നിലേറെ തവണ കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി സുർവീൻ ചൗള. ദ മെയിൽ ഫെമിനിസ്റ്റ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ദുരനുഭവങ്ങളിലൊന്ന് വിവാഹശേഷമായിരുന്നു. അസ്വസ്ഥതപ്പെടുത്തുന്ന സംഭവമായിരുന്നു ഇതെന്നും സുർവീൻ പറഞ്ഞു.
മുംബൈയിലെ വീര ദേശായി റോഡിൽ വെച്ചുണ്ടായ അനുഭവമാണ് അഭിമുഖത്തിൽ സുർവീൻ ആദ്യം പറഞ്ഞത്. "സംവിധായകന്റെ ഓഫീസ് ക്യാബിനിൽവെച്ച് ഒരു മീറ്റിംഗ് നടന്നു. അതിനുശേഷം എന്നെ യാത്രയാക്കാൻ ഗേറ്റുവരെ അദ്ദേഹം വന്നു. കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്നും എന്റെ ഭർത്താവ് എന്തു ചെയ്യുന്നുവെന്നും സംവിധായകൻ ചോദിച്ചു. ഇക്കാര്യങ്ങളെല്ലാം ക്യാബിനിൽവെച്ച് നേരത്തേതന്നെ സംസാരിച്ചതായിരുന്നു. വാതിലിനടുത്തെത്തിയപ്പോൾ അയാൾ എന്നെ ചുംബിക്കാൻ ശ്രമിച്ചു. എനിക്ക് അദ്ദേഹത്തെ തള്ളിമാറ്റേണ്ടി വന്നു. ഞാൻ ഞെട്ടിപ്പോയി, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു. എന്നിട്ട് ഞാൻ അവിടന്ന് ഇറങ്ങിപ്പോയി. വിവാഹശേഷമായിരുന്നു ഈ സംഭവം." സുർവീൻ പറഞ്ഞു.
ഒരു ദക്ഷിണേന്ത്യൻ സംവിധായകനിൽനിന്ന് നേരിട്ട ദുരനുഭവമാണ് അവർ പിന്നീട് പറഞ്ഞത്. ഷൂട്ടിങ് സമയത്ത് തനിക്കൊപ്പം കിടക്ക പങ്കിടണമെന്ന് ഒരു സംവിധായകൻ പറഞ്ഞെന്ന് നടി വെളിപ്പെടുത്തി. ഹിന്ദിയോ ഇംഗ്ലീഷോ സംസാരിക്കാൻ കഴിയാത്ത ആ സംവിധായകൻ പരിഭാഷകനെ ഉപയോഗിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതൊന്നും ഒറ്റപ്പെട്ട സംഭവമായിരുന്നില്ലെന്നും സുർവീൻ കൂട്ടിച്ചേർത്തു.
നേരത്തെ, ഒരഭിമുഖത്തിൽ, ഓഡിഷനുകൾക്കിടെ ബോഡി ഷേമിംഗിന് ഇരയായതിനെക്കുറിച്ച് സുർവീൻ ചൗള സംസാരിച്ചിരുന്നു. ഈ മേഖലയിലെ സ്ത്രീകൾ പലപ്പോഴും അന്യായമായി വിലയിരുത്തപ്പെടുന്നുവെന്നാണ് അന്ന് സുർവീൻ പറഞ്ഞത്. രൂപത്തിന്റെ പേരിൽ സ്വയം മോശമായി തോന്നാൻ ഇത്തരം പ്രവണതകൾ ഇടയാക്കുന്നുവെന്നും അവർ പറഞ്ഞു.
'ക്രിമിനൽ ജസ്റ്റിസ് സീസൺ 4' എന്ന സീരീസിലാണ് സുർവീൻ ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫ്ലിക്സ് പരമ്പരയായ 'റാണ നായിഡു സീസൺ 2'- ആണ് നടിയുടേതായി ഇനി വരാനുള്ളത്. റാണ ദഗ്ഗുബാട്ടിയാണ് ഈ സീരീസിലെനായകൻ.
Content Highlights: Surveen Chawla reveals disturbing casting sofa experiences successful Bollywood and South Indian films
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·