08 June 2025, 05:34 PM IST

ഉണ്ണി മുകുന്ദൻ, വിപിൻകുമാർ | Photo: Facebook/ Unni Mukundan, Vipin Kumar V
സിനിമാസംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ ധാരണലംഘിച്ചതിന് പിന്നാലെ വിപിന്‍കുമാറുമായുള്ള പ്രശ്‌നത്തില്‍ ഉണ്ണി മുകുന്ദന് പിന്തുണയുമായി താരസംഘടനയായ 'അമ്മ'. കൂടെനടന്ന് കുതികാല്‍ വെട്ടിയവനോട് മാപ്പുപറയേണ്ട ആവശ്യം ഉണ്ണി മുകുന്ദനോ സംഘടനയ്‌ക്കോ ഇല്ലെന്നാണ് അമ്മയുടെ പ്രതികരണം. 'അമ്മ'യുടെ ഔദ്യോഗികസാമൂഹികമാധ്യമങ്ങളിലൂടെയാണ് വിശദീകരണം. ഇതാണ് വിഷയത്തില്‍ സംഘടനയുടെ നിലപാടെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നതായും 'അമ്മ' വ്യക്തമാക്കി.
ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് മുന്‍മാനേജറായ വിപിന്‍കുമാര്‍ പോലീസിനെ സമീപിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിലെ പ്രശ്‌നങ്ങള്‍ പരസ്യമായത്. തുടര്‍ന്ന് പരസ്പരം ആരോപണപ്രത്യാരോപണങ്ങളുമായി ഇരുവരും രംഗത്തെത്തി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താരസംഘടനയായ 'അമ്മ'യുടേയും സിനിമ തൊഴിലാളി സംഘടനയായ 'ഫെഫ്ക'യുടേയും നേതൃത്വത്തില്‍ സമവായചര്‍ച്ച നടന്നിരുന്നു.

'അമ്മ'യുടെ ഓഫീസില്‍വെച്ചുനടന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണി കൃഷ്ണന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. പിന്നാലെ, ഒരുമാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍, ചര്‍ച്ചയില്‍ ഉണ്ണി മുകുന്ദന്‍ മാപ്പുപറഞ്ഞുവെന്ന് വിപിന്‍കുമാര്‍ അവകാശപ്പെട്ടിരുന്നു.
'അമ്മ'യുടെ പരസ്യപ്രതികരണത്തിന് പിന്നാലെ വിപിന്‍കുമാറിനെ തള്ളി ഫെഫ്കയും രംഗത്തെത്തി. വിപിനെതിരേ അച്ചടക്കനടപടിയുണ്ടാവുമെന്ന് ബി. ഉണ്ണികൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഉണ്ണി മുകുന്ദന്‍ മാപ്പുപറഞ്ഞുവെന്ന വിപിന്‍കുമാറിന്റെ അവകാശവാദം ശരിയല്ലെന്ന് ഫെഫ്ക വ്യക്തമാക്കി. തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ നല്‍കിയത് അച്ചടക്കലംഘനവും ചര്‍ച്ചയിലെ ധാരണകള്‍ക്ക് വിപരീതവുമാണ്. വിപിന്‍ ധാരണലംഘിച്ച സാഹചര്യത്തില്‍ സംഘടനാപരമായി യാതൊരു സഹകരണവുമുണ്ടാവില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
Content Highlights: AMMA backs Unni Mukundan, refuting Vipin Kumar`s assertion of apology aft a reconciliation meeting
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·