കൂട്ടത്തിൽ ‘റിച്ച്’ കൊൽക്കത്ത, ടീം പൊളിച്ചടുക്കി ലേലത്തിന്; വമ്പന്മാരെ റാഞ്ചാൻ ചെന്നൈയും; മുംബൈയ്ക്ക് ‘അതിദാരിദ്ര്യം’– പൂർണ ചിത്രം

2 months ago 2

ഓൺലൈൻ ഡെസ്‌ക്

Published: November 16, 2025 08:18 AM IST

1 minute Read

 X/IPL)
ഗ്ലെൻ മാക്സ്‌വെൽ, ആന്ദ്രെ റസൽ (ഫയൽ ചിത്രങ്ങൾ : X/IPL)

മുംബൈ ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 19–ാം സീസണു മുന്നോടിയായി ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക ഇന്നലെ പുറത്തുവന്നപ്പോൾ ഏറ്റവും ഞെട്ടിച്ചത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ടീമിന്റെ തീരുമാനങ്ങളായിരുന്നു. 11 വർഷമായി ടീമിന്റെ ഭാഗമായിരുന്ന വെസ്റ്റിൻഡീസ് താരം ആന്ദ്രെ റസലിനെയും കഴിഞ്ഞ സീസണിലെ വൈസ് ക്യാപ്റ്റൻ വെങ്കടേഷ് അയ്യരെയും കെകെആർ ഒഴിവാക്കി. 23.75 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിൽ വെങ്കടേഷിനെ കൊൽക്കത്ത ടീമിലെത്തിച്ചത്.

ആകെ ഒൻപതു താരങ്ങളെ ഒഴിവാക്കിയ കൊൽക്കത്ത, ടീം സമ്പൂർണമായി ഉടച്ചുവാർക്കാനാണ് ലക്ഷ്യമിടുന്നത്. മിനി ലേലത്തിന് ഏറ്റവും ‘റിച്ച്’ ആയി എത്തുന്ന ഫ്രാഞ്ചൈസിയും കൊൽക്കത്തയാകും. 64.3 കോടി രൂപയാകും കൊൽക്കത്തയ്ക്ക് ലേലത്തിൽ ചെലവാക്കാനാകുക. ക്യാപ്റ്റനെ ഉൾപ്പെടെ തിരയുന്ന ടീമിന്, ആറു വിദേശതാരങ്ങളടക്കം ആകെ 13 താരങ്ങളെയും വിളിച്ചെടുക്കാനാകും. അജിൻക്യ രഹാനെ, മനീഷ് പാണ്ഡെ, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, റിങ്കു സിങ്, ഹർഷിത് റാണ തുടങ്ങിയവരാണ് കൊൽക്കത്ത നിലനിർത്തിയ താരങ്ങൾ.

സഞ്ജു സാംസണെ ടീമിലെത്തിച്ചെങ്കിലും 11 താരങ്ങളെ വിട്ടുകളഞ്ഞ ചെന്നൈ സൂപ്പർ കിങ്സിന്റെ പഴ്സിൽ 43.4 കോടി രൂപയുമുണ്ട്. ഡെവൻ കോൺവേ, രചിൻ രവീന്ദ്ര, മതീഷ പതിരാന തുടങ്ങിയവരാണ് ചെന്നൈ ഒഴിവാക്കിയ പ്രമുഖർ. ബോളിങ് ഡിപ്പാർട്ട്മെന്റിന്റെ ശക്തി കൂട്ടാൻ ശ്രമിക്കുന്ന ചെന്നൈ ഒരുപക്ഷേ പതിരാനയെ തന്നെ കുറഞ്ഞ വിലയ്ക്ക് ലേലത്തിൽ വിളിച്ചെടുക്കാൻ സാധ്യതയുണ്ട്. ഇംഗ്ലിഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനായും ചെന്നൈ ശ്രമിക്കുന്നതായി സൂചനയുണ്ട്.

ലേലത്തിനു മുന്നോടിയായി ഏറ്റവും കൂടുതൽ താരങ്ങളെ നിലനിർത്തിയത് പഞ്ചാബ് കിങ്സാണ്. 21 താരങ്ങളെ നിലനിർത്തിയ പഞ്ചാബ്, ഗ്ലെൻ മാക്സ്‌വെൽ, ജോഷ് ഇൻഗ്ലിസ് തുടങ്ങിയ അഞ്ച് താരങ്ങളെ മാത്രമാണ് റിലീസ് ചെയ്തത്. 11.5 കോടി രൂപ മാത്രമേ പഞ്ചാബിന് ലേലത്തിൽ ചെലവാക്കാൻ സാധിക്കൂ. 20 താരങ്ങളെ നിലനിർത്തിയ ഗുജറാത്ത് ടൈറ്റൻസാണ് രണ്ടാം സ്ഥാനത്ത്. ദസുൻ ശനക, ജെറാൾഡ് കോട്സി തുടങ്ങിയവരെയാണ് ഗു‍ജറാത്ത് വിട്ടുകളഞ്ഞത്. 12.9 കോടി രൂപയാണ് അവർക്ക് ഇനി പഴ്സിൽ ബാക്കിയുള്ളത്. എന്നാൽ പ്രമുഖ താരങ്ങളെയെല്ലാം നിലനിർത്തിയ മുംബൈ ഇന്ത്യൻസാകും ലേലത്തിലെ ‘ദരിദ്രർ’. 2.75 കോടി രൂപ മാത്രമാണ് മുംബൈയ്ക്കു പഴ്സിൽ ബാക്കിയുള്ളത്.

ഫാഫ് ഡുപ്ലെസി (ഡൽഹി ക്യാപിറ്റൽസ്), ലിയാം ലിവിങ്സ്റ്റൻ (റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു), ഡേവിഡ് മില്ലർ, രവി ബിഷ്ണോയ് (ലക്നൗ സൂപ്പർ ജയന്റ്സ്), ആഡം സാംപ (സൺറൈസേഴ്സ് ഹൈദരാബാദ്), മുജീബുർ റഹ്മാൻ (മുംബൈ ഇന്ത്യൻസ്) എന്നിവരാണു ടീമുകൾ തഴഞ്ഞ മറ്റു പ്രമുഖ താരങ്ങൾ. മലയാളി താരങ്ങളായ സച്ചിൻ ബേബിയെ ഹൈദരാബാദും വിഘ്നേഷ് പുത്തൂരിനെ മുംബൈ ഇന്ത്യൻസും ഒഴിവാക്കി. ‍‍വിഷ്ണു വിനോദിനെ പഞ്ചാബ് കിങ്സ് ടീമിൽ നിലനിർത്തി.

🚨 NEWS 🚨

The subordinate retention model for #TATAIPL 2026 play closed connected November 15, 2025, with each 10 franchises confirming their retained players up of the auction.

The #TATAIPLAuction volition instrumentality spot connected 16th December astatine the Etihad Arena successful Abu Dhabi.

More details 🔽…

— IndianPremierLeague (@IPL) November 15, 2025

ലേലത്തിന് എത്രപേർ? എന്ന്?എല്ലാ ടീമുകളിലുമായി 49 വിദേശ താരങ്ങൾ ഉൾപ്പെടെ ആകെ 173 കളിക്കാരെ നിലനിർത്തിയിട്ടുണ്ട്. വിവിധ ടീമുകളിൽ നിന്നു പുറത്തായ 71 താരങ്ങളടക്കം ആകെ 77 പേർ താരലേലത്തിലെത്തും. ആകെ 237.55 കോടി രൂപയാണ് പത്തു ഫ്രാഞ്ചൈസികൾക്കു കൂടി ചെലവാക്കാനാകുക. ഒരു ടീമിൽ പരമാവധി 25 താരങ്ങളെയെ ഉൾപ്പെടുത്താൻ സാധിക്കൂ. ഡിസംബർ 16ന് അബുദാബിയിലെ എത്തിഹാദ് അരീനയിലാണ് മിനി താരലേലം.

English Summary:

IPL 2025 Auction sees teams reshuffling their squads for the upcoming season. Kolkata Knight Riders made astonishing decisions, portion different teams strategize for the mini-auction to fortify their lineups and the auction volition beryllium held connected December 16th successful Abu Dhabi.

Read Entire Article