കൂരമാനിന്റെയും മുള്ളൻ പന്നിയുടേയും ഇറച്ചി കഴിച്ചെന്ന് നടി ഛായാ കദം, നടപടി തുടങ്ങി വനംവകുപ്പ്

8 months ago 7

മുംബൈ: വന്യജീവികളുടെ മാംസം കഴിച്ചെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി ഛായാ കദം. ഒരു അഭിമുഖത്തിലാണ് ഛായ ഇക്കാര്യം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ മുംബൈ ആസ്ഥാനമായുള്ള പ്ലാന്റ് ആൻഡ് അനിമൽ വെൽഫെയർ സൊസൈറ്റി (PAWS) പരാതി നൽകി. നടിക്കെതിരെ വനം വകുപ്പ് നടപടി ആരംഭിച്ചു. ഛായയെ ഉടൻ അന്വേഷണത്തിനായി വിളിപ്പിക്കുമെന്ന് വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ വന്യജീവികളുടെ മാംസം കഴിച്ചതായി ഛായ സമ്മതിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. അഭിമുഖത്തിൽ അവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ വേട്ടക്കാരെ കണ്ടെത്തുമെന്ന് പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിൽ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

കൂരമാൻ, മുയൽ, കാട്ടുപന്നി, ഉടുമ്പ്, മുള്ളൻപന്നി തുടങ്ങിയ സംരക്ഷിത ജീവികളുടെ മാംസം കഴിച്ചതായി ഛായാ കദം അവകാശപ്പെട്ടു എന്നാണ് PAWS നൽകിയ പരാതിയിൽ പറയുന്നതെന്നാണ് റിപ്പോർട്ട്. ഇത് പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്നതാണെന്നും സംഘടന പറയുന്നു. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റകരമായതിനാലും, 2002-ലെ ജൈവവൈവിധ്യ നിയമം കൂടി ബാധകമാക്കണമെന്നും നടിക്കും ഇതിൽ ഉൾപ്പെട്ട മറ്റുള്ളവർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സംഘടന അഭ്യർത്ഥിച്ചു.

തങ്ങൾക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും, അത് അന്വേഷണത്തിനായി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സിൽ നിന്ന് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സിന് (ഡിസിഎഫ്) കൈമാറിയെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (വിജിലൻസ്) റോഷൻ റാത്തോഡ് സ്ഥിരീകരിച്ചു. ഛായയെ 'ഉടൻ അന്വേഷണത്തിന് വിളിക്കും' എന്നും അദ്ദേഹം സ്ഥിരീകരിച്ചു.

“ഞങ്ങൾ കദമിനെ ഫോണിൽ ബന്ധപ്പെട്ടു, അവർ ഒരു പ്രൊഫഷണൽ യാത്രയ്ക്കായി സ്ഥലത്തില്ലെന്നും നാല് ദിവസത്തിന് ശേഷം മാത്രമേ മടങ്ങിയെത്തൂ എന്നും ഞങ്ങളെ അറിയിച്ചു. അവർ നിയമോപദേശം തേടുകയാണെന്നും അന്വേഷണത്തിനായി ഞങ്ങളുടെ മുന്നിൽ ഹാജരാകുമെന്നും അറിയിച്ചിട്ടുണ്ട്.” കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ രാകേഷ് ഭോയിർ പറഞ്ഞു.

ഒരു പൊതുപ്രവർത്തക സംരക്ഷിത മൃഗങ്ങളുടെ മാംസം കഴിക്കുന്നത് പരസ്യമായി സമ്മതിക്കുന്നത് കാണുന്നത് ഞെട്ടിക്കുന്നതാണെന്നാണ് ഓണററി വൈൽഡ് ലൈഫ് വാർഡനും OIPA, AMMA കെയർ ഫൗണ്ടേഷൻ, PAWS-മുംബൈ എന്നിവയുടെ സ്ഥാപകനുമായ സുനിഷ് സുബ്രഹ്മണ്യൻകുഞ്ഞ് പറഞ്ഞത്.

ലാപതാ ലേഡീസ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മഡ്‌ഗാവ് എക്സ്പ്രസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഛായാ കദം.

Content Highlights: histrion Chhaya Kadam admits to eating protected wildlife meat, starring to a wildlife investigation

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article