
മുഹമ്മദ് കൈഫ്, ഹാർദിക് പാണ്ഡ്യ | PTI
ന്യൂഡല്‍ഹി: ഹാര്‍ദിക് പാണ്ഡ്യയുടെ ജീവിതം ആസ്പദമാക്കി ഒരു ബയോപിക് ഇറങ്ങുകയാണെങ്കില്‍, അത് മറ്റു താരങ്ങള്‍ക്ക് പാഠമായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഗുജറാത്ത് ടൈറ്റന്‍സില്‍നിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക് ക്യാപ്റ്റനായെത്തിയതിനു പിന്നാലെ സമാനതകളില്ലാത്ത വിമര്‍ശനമാണ് ഹാര്‍ദിക് നേരിട്ടത്. ഹോം ഗ്രൗണ്ടില്‍ സ്വന്തം ആരാധകരില്‍നിന്നുപോലും കൂവലുകള്‍ നേരിടേണ്ടിവന്നു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ മുംബൈ ക്യാപ്റ്റനായുള്ള ആദ്യമത്സരത്തില്‍, ഹാര്‍ദിക്കിനെ സ്വന്തം നാട്ടുകാര്‍തന്നെ കൂവുന്നതുകണ്ട് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍പോലും അദ്ഭുതപ്പെട്ടു.
ഒരു കളിക്കാരനും നേരിടേണ്ടിവന്നിട്ടില്ലാത്ത അപമാനവും മാനസിക സമ്മര്‍ദവുമാണ് ഹാര്‍ദിക് ആ കാലങ്ങളില്‍ നേരിട്ടതെന്ന് കൈഫ് പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. എന്നാല്‍ അതൊന്നും ഹാര്‍ദിക്കിനെ സമ്മർദത്തിലാക്കിയില്ല. സിംഹത്തെപ്പോലെ പോരാടി വിജയകരമായി തിരിച്ചുവരവ് നടത്തിയ ഹാര്‍ദിക്കിനെ കൈഫ് പ്രശംസകൊണ്ട് മൂടി.
'ഹാര്‍ദിക് ആ വേദനകളൊക്കെ സ്വന്തം വേദനകളായിക്കണ്ട് മുന്നോട്ടുപോയി. അതായിരുന്നു ഹാര്‍ദിക്കിന്റെ തിരിച്ചുവരവിന്റെ കഥ. മോശമായിരുന്നു ആ യാത്ര. ആരാധകര്‍ കൂവിവിളിച്ചു, ആളുകള്‍ അവനെ എഴുതിത്തള്ളി. ഒരു കളിക്കാരനെ സംബന്ധിച്ച്, അവഗണനകള്‍ സഹിച്ച് മുന്നോട്ടുപോവുക എന്നത് ആഴത്തില്‍ വേദനയുണ്ടാക്കുന്നതാണ്. ഒരു താരം ഒരിക്കലും അത് മറക്കില്ല' - കൈഫ് പറഞ്ഞു.
ഹാര്‍ദിക്കിനെ പുറത്താക്കാമായിരുന്നുവെന്നും അപമാനിക്കുക വഴി കടുത്ത മാനസിക പീഡനമാണ് അനുഭവിച്ചതെന്നും കൈഫ് വ്യക്തമാക്കി. ഇതെല്ലാമായിരുന്നിട്ടും, ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസനെ പുറത്താക്കി കളി ഇന്ത്യക്കനുകൂലമായി തിരിച്ചു. ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. പന്തുകൊണ്ടും ബാറ്റുകൊണ്ടും സിംഹത്തെപ്പോലെ കഠിനമായി പോരാടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഹാര്‍ദിക്കിന്റെ ജീവിത കഥ എപ്പോഴെങ്കിലും പുറത്തുവന്നാല്‍, പ്രതിബന്ധങ്ങളെ എങ്ങനെ നേരിടാമെന്നും ശാന്തത പാലിക്കാമെന്നും സ്വന്തം ശക്തികളില്‍ വിശ്വസിക്കാമെന്നും തിരിച്ചുവരവ് നടത്താമെന്നും കളിക്കാര്‍ക്കുള്ള ഉദാഹരണങ്ങളായിരിക്കും ആ ഏഴ് മാസങ്ങളെന്നും കൈഫ് പറഞ്ഞു.
Content Highlights: hardik pandya faced intelligence torture fought fiercely kaif calls for biopic








English (US) ·