റോക്സ്വ (പോളണ്ട്) ∙ പ്ലേമേക്കർ എന്നാൽ അതു കോൾ പാമറാണെന്ന് ചെൽസി ആരാധകർ പറയും. ഇന്നലെ നടന്ന യുവേഫ കോൺഫറൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ അവർ അത് ഒരിക്കൽക്കൂടി ഉറപ്പിച്ചു. യൂറോപ്പിലെ മൂന്നാം നിര ലീഗ് കിരീടമായ യുവേഫ കോൺഫറൻസ് ലീഗ് ഫൈനലിൽ ആദ്യ പകുതിയിൽ 1–0നു പിറകിൽ നിന്ന ശേഷം സ്പാനിഷ് ക്ലബ് റയൽ ബെറ്റിസിനെ 4–1നു തകർത്ത ഇംഗ്ലിഷ് ക്ലബ് ചെൽസിക്കു കിരീടം. ആദ്യ പകുതിയുടെ തുടക്കത്തിൽ ത്തന്നെ ഗോൾ വഴങ്ങിയ ചെൽസിയെ രണ്ടാം പകുതിയിൽ തുടരെ 2 അസിസ്റ്റുകളുമായി മത്സരത്തിലേക്കു തിരികെയെത്തിച്ച് കളിയുടെ ഗതിമാറ്റിയ പാമറാണ് കളിയിലെ താരം.
9–ാം മിനിറ്റിൽ അബ്ദെ എസ്സൽസൂലിയുടെ ഗോളിൽ റയൽ ബെറ്റിസ് ലീഡ് നേടി. മറുപടിയായി എൻസോ ഫെർണാണ്ടസ് (65), നിക്കോളാസ് ജാക്സൺ(70), ജയ്ഡൻ സാഞ്ചോ (83), മോയിസസ് കയ്സെഡോ (90+1) എന്നിവരിലൂടെ ചെൽസി ഗോളുകൾ മടക്കി. 26 മിനിറ്റുകൾക്കിടെയായിരുന്നു ചെൽസിയുടെ 4 ഗോളുകളും. 9–ാം മിനിറ്റിൽ ചെൽസി ആരാധകരെ ഞെട്ടിച്ച് റയൽ ബെറ്റിസ് ലീഡെടുത്തു. വെറ്ററൻ താരം ഇസ്കോയുടെ പാസ് സ്വീകരിച്ച് മൊറോക്കോ താരം അബ്ദെ എസ്സൽസൂലിയുടെ ഷോട്ട് ചെൽസിയുടെ വലയിൽ; ബെറ്റിസ് 1–0നു മുന്നിലെത്തി. കൂടുതൽ സമയം പന്ത് കാലിലുണ്ടായിരുന്നിട്ടും ആദ്യ പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ ചെൽസിക്കു സാധിച്ചില്ല.
പ്രത്യാശ വിടതെ രണ്ടാം പകുതിയിലും നീലപ്പട ആക്രമണം തുടർന്നു. അമേരിക്കൻ ബിസിനസുകാരൻ ടോഡ് ബോലിയുടെ നേതൃത്വത്തിൽ ചെൽസിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്ത ശേഷം തങ്ങൾക്കു സംഭവിച്ച ഏറ്റവും നല്ല കാര്യം കോൾ പാമറിനെ ടീമിലെത്തിച്ചതാണെന്ന് ആരാധകർ പറയുന്നതു വെറുതെയല്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ച നിമിഷം വന്നത് 65–ാം മിനിറ്റിൽ. ബെറ്റിസ് ഡിഫൻഡർമാരെ നിഷ്പ്രഭമാക്കി എതിർ പോസ്റ്റിൽ കാത്തു നിന്ന എൻസോ ഫെർണാണ്ടസിനു തല വയ്ക്കാൻ പാകത്തിൽ പാമറുടെ ക്രോസ്. അർജന്റീന താരത്തിന്റെ ഹെഡർ വലയിൽ (1–1). 70–ാം മിനിറ്റിൽ മൈതാനത്തിന്റെ വലതുവിങ്ങിൽനിന്ന് പാമറന്റെ അടുത്ത ക്രോസ്. ഇത്തവണ ലക്ഷ്യം നിക്കോളാസ് ജാക്സൻ. ഒരു പിഴവും വരുത്താതെ നെഞ്ചിൽ പന്തു സ്വീകരിച്ച ജാക്സൻ അതു വലയിലേക്കു തള്ളിയിട്ടു. ചെൽസി മുന്നിൽ (2–1). തുടർന്ന് ചെൽസിക്കു കാര്യങ്ങൾ എളുപ്പമായിരുന്നു.
പകരക്കാരനായി ഇറങ്ങിയ ഡ്യൂസ്ബറി ഹാളിന്റെ പാസിൽ മറ്റൊരു പകരക്കാരൻ ജയ്ഡൻ സാഞ്ചോയും (83–ാം മിനിറ്റ്) എൻസോയുടെ പാസിൽ മോയിസസ് കയ്സെഡോ (90+1) യും ഗോളുകൾ നേടി ചെൽസിയുടെ വിജയം ഉറപ്പാക്കി. കിരീടനേട്ടത്തോടെ യുവേഫയുടെ എല്ലാ ക്ലബ് ട്രോഫികളും നേടുന്ന ആദ്യടീമെന്ന റെക്കോർഡ് ചെൽസി സ്വന്തം പേരിലാക്കി. ചാംപ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, യുവേഫ സൂപ്പർ കപ്പ് എന്നിവയും ഇപ്പോഴില്ലാത്ത വിന്നേഴ്സ് കപ്പും ചെൽസി നേടിയിട്ടുണ്ട്.
ടോഡ് ബോലിയുടെ പണക്കിലുക്കംഅമേരിക്കൻ ശതകോടീശ്വരൻ ടോഡ് ബോലിയുടെ കാലത്തെ ആദ്യ കിരീടമാണ് ചെൽസി നേടുന്ന യുവേഫ കോൺഫറൻസ് ലീഗ്. 19 വർഷം ലണ്ടൻ ക്ലബ്ബിന്റെ ഉടമയായിരുന്ന കോടീശ്വരൻ റോമൻ അബ്രമോവിച്ചിനുശേഷം 2022ൽ ചെൽസിയെ ഏറ്റെടുത്ത ടോഡ് ബോലി ഒരു കിരീടത്തിനായി കാത്തിരുന്നത് 3 വർഷം. ബോലിയുടെ ഏറ്റെടുക്കലിനുശേഷം ചെൽസി ഇതുവരെ ട്രാൻസ്ഫർ വിപണിയിൽ ചെലവഴിച്ചത് 11,000 കോടിയിലധികം രൂപയാണ്. ഇക്കാലയളവിൽ 5 പരിശീലകരാണ് മാറ്റി പരീക്ഷിക്കപ്പെട്ടത്. 40 താരങ്ങൾ ചെൽസിയുമായി കരാറിലേർപ്പെട്ടു. എന്നാൽ പണക്കിലുക്കത്തിന് അനുസരിച്ചുള്ള പ്രകടനം നടത്താൻ 2022നു ശേഷം ചെൽസിക്കു കഴിഞ്ഞിരുന്നില്ല. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽനിന്നാണ് അറ്റാക്കിങ് മിഡ്ഫീൽഡറായ കോൾ പാമിനെ 444 കോടി രൂപ മുടക്കി 2023ൽ ചെൽസി ടീമിലെത്തിച്ചത്.
English Summary:








English (US) ·