26 May 2025, 11:53 AM IST

നരിവേട്ട സിനിമയുടെ പോസ്റ്റർ, പി. ജയരാജൻ | ഫോട്ടോ: Facebook, രാമനാഥ് പൈ |മാതൃഭൂമി
ടൊവിനോ തോമസിനെ നായകനാക്കി അബിന്‍ ജോസഫിന്റെ തിരക്കഥയില്‍ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രമാണ് നരിവേട്ട. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജന്‍. കൃത്യമായ രാഷ്ട്രീയം പറയുന്ന അതിമനോഹരമായ ചലച്ചിത്രാവിഷ്‌കാരമാണ് നരിവേട്ടയെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു.
പി.ജയരാജന്റെ വാക്കുകൾ:
ടോവിനോ തോമസിനെ നായകനാക്കി പ്രിയ സുഹൃത്തും ഇരിട്ടി സ്വദേശിയുമായ അനുരാജ് മനോഹർ സംവിധാനം ചെയ്ത "നരിവേട്ട" എന്ന സിനിമ കഴിഞ്ഞ ദിവസം കണ്ടു. ചിത്രത്തിന്റെ കഥയും ഇരിട്ടിക്കാരൻ തന്നെ. യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ശ്രീ:അബിൻ ജോസഫ്.
കൃത്യമായ രാഷ്ട്രീയം പറയുന്ന അതിമനോഹരമായ ഒരു ചലച്ചിത്രാവിഷ്കാരമാണ് "നരിവേട്ട". എ.കെ. ആന്റണി മുഖ്യമന്ത്രിയും കെ. സുധാകരൻ വനം വകുപ്പ് മന്ത്രിയും ആയിരുന്ന 2003 കാലഘട്ടത്തിൽ നടന്ന മുത്തങ്ങ ആദിവാസി സമരവും പോലീസ് നരനായാട്ടും പുതുതലമുറയെ ഓർമ്മിപ്പിക്കുന്നു ഈ സിനിമ. അന്നത്തെ ഭരണകൂടവും പോലീസും നിസ്സഹായരായ ആദിവാസി ജനവിഭാഗത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് കൃത്യമായി വരച്ചുകാണിക്കുന്നു.
കഥയാവുമ്പോൾ സംഭവങ്ങളുടെ ചിത്രീകരണം മാത്രമല്ല ഭാവനയും കേറിവരും. അതും സിനിമയിൽ കാണാനാവും. അതേസമയം മാവോയിസ്റ്റ് ബന്ധം ചുമത്തി നടത്തുന്ന ആദിവാസി വേട്ടയെക്കുറിച്ചും പ്രേക്ഷകരെ ഓർമിപ്പിക്കുന്നു. മുൻനിര താരങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ക്വാളിറ്റിയിൽ ഇത്തരമൊരു ചിത്രം പുറത്തിറക്കിയ അണിയറ പ്രവർത്തകരെ അഭിനന്ദിക്കുന്നു...
തീർച്ചയായും ഏവരും കാണുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ട സിനിമയാണിത്.
Content Highlights: CPM person P. Jayarajan praises Narivetta, a movie starring Tovino Thomas
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·